

2026 ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ന്യൂസിലാൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി രംഗത്തെത്തിയിരുന്നു. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യൻ ആരാധകരെ നിശബ്ദരാക്കുമെന്നായിരുന്നു കിവി ക്യാപ്റ്റൻ മിച്ചൽ സാന്റ്നറുടെ പ്രസ്താവന. ഇപ്പോഴിതാ സാന്റ്നറുടെ മുന്നറിയിപ്പിനോട് പ്രതികരിക്കുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്.
ഇന്ത്യ-ന്യൂസിലാൻഡ് ഫൈനലിന് മുന്നോടിയായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സൂര്യയുടെ പ്രതികരണം. 'എല്ലാവരും ഒരേ ഡയലോഗ് തന്നെയാണല്ലോ പറയുന്നത്, അവർ പുതിയത് എന്തെങ്കിലും കൊണ്ടുവരട്ടേ', എന്നായിരുന്നു പാറ്റ് കമ്മിൻസിനെ അനുസ്മരിപ്പിച്ച സാന്റ്നറുടെ വാക്കുകളോട് സൂര്യ പ്രതികരിച്ചത്.
അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കലാശപ്പോരിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സാന്റ്നർ പറഞ്ഞിരുന്നത്. ഇന്ത്യയുടെ മണ്ണിൽ അവരെ തകർക്കുന്നത് എളുപ്പമല്ലെന്ന് സമ്മതിച്ച സാന്റ്നർ കിരീടം നേടാനായി ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കാൻ തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
'ന്യൂസിലാൻഡ് ഫേവറിറ്റുകളല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് ഒരിക്കലും ഞങ്ങളെ ബാധിക്കില്ല. ഓരോ മത്സരത്തിലെയും ചെറിയ കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഞങ്ങൾക്ക് വിജയിക്കാം. ആദ്യമായി ഒരു ടി20 ലോകകപ്പ് സ്വന്തമാക്കാൻ ചിലരുടെ ഹൃദയങ്ങൾ തകർക്കേണ്ടി വന്നാൽ അതിൽ ഞങ്ങൾക്ക് വിഷമമില്ല', സാന്റ്നർ പറഞ്ഞു.
ടി 20 ലോകകപ്പ് ഫൈനലില് ഇന്ത്യയും ന്യൂസിലൻഡും നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്. രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.
Content Highlights: T20 World Cup 2026, IND vs NZ final: Suryakumar Yadav Responds To Mitchell Santner