'അഹമ്മദാബാദിലെ ആരാധകരെ നിശബ്ദരാക്കുകയാണ് ലക്ഷ്യം'; ഫൈനലിന് മുന്‍പ് വെല്ലുവിളിയുമായി സാന്റ്‌നര്‍

'ടി20 ലോകകപ്പ് സ്വന്തമാക്കാൻ ചിലരുടെ ഹൃദയങ്ങൾ തകർക്കേണ്ടി വന്നാൽ അതിൽ ഞങ്ങൾക്ക് വിഷമമില്ല

'അഹമ്മദാബാദിലെ ആരാധകരെ നിശബ്ദരാക്കുകയാണ് ലക്ഷ്യം'; ഫൈനലിന് മുന്‍പ് വെല്ലുവിളിയുമായി സാന്റ്‌നര്‍
dot image

2026 ടി20 ലോകകപ്പ് ഫൈനലിന് മുന്നോടിയായി ഇന്ത്യൻ‌ ടീമിന് മുന്നറിയിപ്പുമായി ന്യൂസിലാൻഡ് നായകൻ മിച്ചൽ സാന്റ്നർ. അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് കലാശപ്പോരിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിൽ സാന്റ്നർ പറഞ്ഞത്. ഇന്ത്യയുടെ മണ്ണിൽ അവരെ തകർക്കുന്നത് എളുപ്പമല്ലെന്ന് സമ്മതിച്ച സാന്റ്നർ കിരീടം നേടാനായി ഇന്ത്യൻ ആരാധകരുടെ ഹൃദയം തകർക്കാൻ തങ്ങൾ മടിക്കില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

'ന്യൂസിലാൻഡ് ഫേവറിറ്റുകളല്ലെന്ന് എല്ലാവർക്കും അറിയാം. പക്ഷേ അത് ഒരിക്കലും ഞങ്ങളെ ബാധിക്കില്ല. ഓരോ മത്സരത്തിലെയും ചെറിയ കാര്യങ്ങൾ കൃത്യമായി ചെയ്താൽ ഞങ്ങൾക്ക് വിജയിക്കാം. ആദ്യമായി ഒരു ടി20 ലോകകപ്പ് സ്വന്തമാക്കാൻ ചിലരുടെ ഹൃദയങ്ങൾ തകർക്കേണ്ടി വന്നാൽ അതിൽ ഞങ്ങൾക്ക് വിഷമമില്ല', സാന്റ്നർ പറഞ്ഞു.

'അഹമ്മദാബാദിലെ കാണികളെ നിശബ്ദരാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം. പക്ഷേ വെല്ലുവിളികൾ ഒരുപാടുണ്ട്, അത് ഓരോ സമയത്തും മാറിമറിഞ്ഞ് വരും. സ്വന്തം മണ്ണിൽ കളിക്കുന്നതിനാൽ ഇന്ത്യയ്ക്ക് ജയിക്കണമെന്ന സമ്മർദ്ദമുണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഇതുവരെ ഞാൻ പിച്ച് കണ്ടിട്ടില്ല, അത് മൂടിയിട്ടിരിക്കുകയാണ്. എങ്കിലും കൂറ്റൻ സ്‌കോറുകൾ പിറക്കുന്ന ബാറ്റുചെയ്യാൻ സുഖമുള്ള ഫ്ളാറ്റ് പിച്ചാണ് പ്രതീക്ഷിക്കുന്നത്', സാന്റ്നർ കൂട്ടിച്ചേർത്തു.

ടി 20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ന്യൂസിലൻഡും നാളെ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നേർക്കുനേർ പോരാട്ടത്തിന് ഒരുങ്ങുകയാണ്. രാത്രി ഏഴ് മുതലാണ് മത്സരം ആരംഭിക്കുക.

Content Highlights: IND vs NZ final: Mitchell Santner is hoping to break a few hearts to win the T20 World Cup 2026 trophy

dot image
To advertise here,contact us
dot image