

തന്റെ ബൗളിംഗ് ആക്ഷനെച്ചൊല്ലി ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചകള്‍ കൊഴുക്കുന്നതിനിടെ മറുപടിയുമായി പാകിസ്താൻ സ്പിന്നര്‍ ഉസ്മാന്‍ താരിഖ്. വരാനിരിക്കുന്ന പോരാട്ടത്തില്‍ തന്നെ നേരിടുക എന്നത് ഇന്ത്യയ്ക്ക് വലിയ സമ്മര്‍ദ്ദമുണ്ടാക്കുമെന്നും തന്റെ ആക്ഷനെക്കുറിച്ചുള്ള അനാവശ്യ ചര്‍ച്ചകള്‍ ഇതിന്റെ തെളിവാണെന്നും താരം പറഞ്ഞു.
ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ ഇത്രയധികം ചര്‍ച്ചകള്‍ നടക്കുന്നത് അവര്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദം കൊണ്ടാണെന്നാണ് ഞാന്‍ കരുതുന്നത്. അവര്‍ എന്റെ ആക്ഷനെ എതിര്‍ക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവര്‍ക്ക് എന്നെ നേരിടാന്‍ ആശങ്കയുണ്ടെന്നാണ്. എന്നാല്‍ ഞാന്‍ ഇത്തരം മാധ്യമ ചര്‍ച്ചകളിലൊന്നും ശ്രദ്ധിക്കുന്നില്ല. എന്റെ കളിയിലും പരിശീലനത്തിലും മാത്രമാണ് എന്റെ ശ്രദ്ധ.' ഉസ്മാന്‍ പറഞ്ഞു.
നേരത്തെ കൈമുട്ടിന്റെ വളവ് കാരണം രണ്ട് തവണ താരിഖിന്റെ ആക്ഷന്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ ഐസിസിയുടെ പരിശോധനയില്‍ താരം ക്ലിയറന്‍സ് നേടുകയും ചെയ്തു. യുഎസ്എയ്ക്കെതിരായ തന്റെ ആദ്യ ലോകകപ്പ് മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി താരം വരവറിയിച്ചു കഴിഞ്ഞു. പാകിസ്ഥാന്‍ ഷഹീന്‍ അഫ്രീദിയെ മാത്രം ഏക പേസറായി നിര്‍ത്തി, താരിഖ് ഉള്‍പ്പെടെയുള്ള നാല് സ്പിന്നര്‍മാരെയാണ് കഴിഞ്ഞ മത്സരത്തില്‍ പരീക്ഷിച്ചത്.
ഫെബ്രുവരി 15 നാണ് ഇന്ത്യ-പാക് പോരാട്ടം നടക്കുന്നത്. നേരത്തെ ബഗ്ലാദേശിന് പിന്തുണയർപ്പിച്ച് മത്സരത്തിൽ നിന്ന് പാകിസ്താൻ പിന്മാറിയെങ്കിലും ഐ സി സി കണ്ണുരുട്ടിയതോടെ തീരുമാനം മാറ്റുകയായിരുന്നു.
Content Highlights:T20 World Cup 2026: Usman tariq on his bowling action