

വെനസ്വലേയില്‍ അമേരിക്ക നടത്തിയ അധിനിവേശം ആഗോള വിപണികളിൽ വലിയ ചലനം സൃഷ്ടിക്കുമെന്ന സൂചനകളോടെയാണ് 2026-ലെ ആദ്യ മുഴുവൻ വ്യാപാരവാരം നാളെ ആരംഭിക്കാൻ പോകുന്നത്. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അറസ്റ്റ് ചെയ്തുവെന്ന റിപ്പോർട്ടുകൾ സുരക്ഷിത നിക്ഷേപങ്ങളിലേക്കുള്ള ഒഴുക്ക് വർധിപ്പിക്കുമെന്നും സ്വർണം, വെള്ളി, ക്രൂഡ് ഓയിൽ വിലകൾക്ക് കുതിപ്പുണ്ടാകുമെന്നാണ് വിപണി വിദഗ്ധർ വിലയിരുത്തുന്നത്.
ഇതോടെ കേരള വിപണിയിലും സ്വർണ വില ഒരിക്കല്‍ കൂടി റെക്കോർഡുകള്‍ തിരുത്തി മുന്നേറുമോയെന്ന ആശങ്കയും ശക്തമായിരിക്കുകയാണ്. സംസ്ഥാനത്ത് ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ നിരക്ക് 99600 രൂപയും ഗ്രാമിന് 12450 രൂപയുമാണ്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 13582 രൂപയും, പവന് 108656 രൂപയുമാണ് വില്‍പ്പന വില. 18 കാരറ്റിന് ഒരു ഗ്രാമിന് 10187 രൂപയും പവന് 81486 രൂപയും നല്‍കണം. വെള്ളി വില ഗ്രാമിന് 257 രൂപയും കിലോഗ്രാമിന് 257000 രൂപയും നല്‍കണം.
2025-ൽ വലിയ ചാഞ്ചാട്ടം കണ്ട വിപണികൾ പുതിയ വർഷം ആരംഭിച്ചത് ചെറിയ പോസിറ്റീവ് സൂചനയോടെയായിരുന്നു. യുഎസ് ഡോളർ ഇൻഡക്സ് 98.5ന് സമീപം നിലനിന്നു. യുഎസ് ഓഹരി വിപണികളും ഇന്ത്യന്‍ ഓഹരികളും നേരിയ നേട്ടം രേഖപ്പെടുത്തി. അതേസമയം അന്താരാഷ്ട്ര വിപണിയില്‍ സ്വർണം മുന്നോട്ട് തന്നെ പോകുന്ന കാഴ്ചയാണ് ജനുവരിയുടെ ആദ്യ ദിനങ്ങളില്‍ കണ്ടത്. ട്രോയ് ഔൺസിന് ഏകദേശം 4,370 ഡോളറിന് മുകളിലേക്ക് 1 ശതമാനത്തിലധികം നേട്ടം സ്വന്തമാക്കി. ഇത് 1979ന് ശേഷമുള്ള മികച്ച വാർഷിക പ്രകടനത്തിന്റെ തുടർച്ചയാണ്. വെള്ളി 2 ശതമാനത്തിലധികം ഉയർന്ന് 73 ഡോളറിനടുത്തെത്തി. ഡോളറിന്റെ മൃദുത്വം, വിപണിയിലെ കുറവ് ലഭ്യത, വ്യവസായ ആവശ്യകത വർധിച്ചത് എന്നിവയാണ് വെള്ളിയുടെ കുതിപ്പിന് ശക്തിപകരുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ ലാഭമെടുപ്പ് മൂലം സ്വർണ വിലയും വെള്ളി വിലയും വലിയ തോതില്‍ തന്നെ ഇടിഞ്ഞിരുന്നു. സ്വർണം ഏകദേശം 5 ശതമാനം താഴ്ന്ന് 4,330 ഡോളറിന് താഴെയെത്തി. വെള്ളി 8 ശതമാനത്തിലധികം ഇടിഞ്ഞ് 71 ഡോളറിലേക്കും വീണു.വെനസ്വലേയിലെ പ്രതിസന്ധി ശക്തമാകുകയാണെങ്കില്‍ ആഗോള വിപണിയില്‍ സ്വർണ വില ട്രോയ് ഔണ്‍സിന് 5000 ഡോളറിന് മുകളിലേക്ക് ഉയർന്നേക്കാമെന്നെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിലെ വിനിമയ നിരക്ക് പ്രകാരം കേരള വിപണിയില്‍ ആ സമയത്ത് പവന്‍റെ വില 1.17-1.20 ലക്ഷം എന്ന നിരക്കിലായിരിക്കും.
വെനസ്വലേ പ്രതിസന്ധി സ്വർണവില ഉയർത്തുന്നത് എന്തുകൊണ്ട്
വെനസ്വേലയിലെ അമേരിക്കൻ ആക്രമണം സ്വർണവില ഉയർത്തുന്നതിന്റെ പ്രധാന കാരണം ഭൗമരാഷ്ട്രീയ അനിശ്ചിതത്വം (geopolitical uncertainty) വർധിക്കുന്നതാണ്. സ്വർണം ചരിത്രപരമായി "സുരക്ഷിത നിക്ഷേപ ആസ്തി" (safe-haven asset) ആയി കണക്കാക്കപ്പെടുന്നു. അതായത് യുദ്ധങ്ങൾ, സംഘർഷങ്ങൾ, അല്ലെങ്കിൽ രാഷ്ട്രീയ അസ്ഥിരതകൾ ഉണ്ടാകുമ്പോൾ നിക്ഷേപകർ ഓഹരികൾ, കറൻസി തുടങ്ങിയ റിസ്കുള്ള ആസ്തികളിൽ നിന്ന് പണം പിൻവലിച്ച് സ്വർണത്തിലേക്ക് തിരിയുന്നു. ഇത് സ്വർണത്തിന്റെ ഡിമാൻഡ് വർധിപ്പിച്ച് വില ഉയരാൻ കാരണമാകുന്നു.
2026 ജനുവരി 3-ന് യുഎസ് നടത്തിയ ആക്രമണത്തിൽ പ്രസിഡന്റ് നിക്കോളാസ് മദുറോയെ പിടികൂടിയ സംഭവം ലോകമെമ്പാടും അനിശ്ചിതത്വം സൃഷ്ടിച്ചു. റഷ്യ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ ഇതിനെ ശക്തമായി അപലപിച്ചതോടെ സംഘർഷം വർധിക്കാനുള്ള സാധ്യത ഉയർന്നു. വെനസ്വേലയുടെ ലോകത്തിലെ ഏറ്റവും വലിയ എണ്ണ ശേഖരവും ഗണ്യമായ സ്വർണ റിസർവുകളും കണക്കിലെടുക്കുമ്പോൾ, ഈ ഇടപെടൽ എണ്ണ വിതരണത്തിലും ആഗോള വിപണിയിലും അപകടസാധ്യതകൾ ഉണ്ടാക്കി. ഫലമായി, നിക്ഷേപകർ സുരക്ഷിതത്വത്തിനായി സ്വർണത്തിലേക്ക് ഒഴുകി. ഇത് സ്വാഭാവികമായും വിലയും ഉയർത്തുന്നു.