

സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച വിജയ്‌യുടെ അവസാന ചിത്രം ജനനായകനായി കാത്തിരിക്കുകയാണ് ആരാധകർ. തമിഴ്‌നാട്ടിൽ മാത്രമല്ല കേരളത്തിലും വിജയ് സിനിമയ്ക്ക് വലിയ ഓളമാണ് ഉണ്ടാകാറുള്ളത്. എന്നാൽ കഴിഞ്ഞ ദിവസം ജനനായകൻ ട്രെയ്ലർ പുറത്തിറങ്ങിയിരുന്നു. ലക്ഷകണക്കിന് കാഴ്ചക്കാരെ ട്രെയ്ലർ സ്വന്തമാക്കിയെങ്കിലും വിജയ് ആരാധകർ ഒട്ടും ഹാപ്പി അല്ല. ഇപ്പോഴിതാ ട്രെയ്‌ലറിലെ ഒരു ഷോട്ട് ആണ് ട്രോളുകൾക്ക് ഇരയാകുന്നത്.
ട്രെയിലറിലെ ഒരു രംഗത്തിൽ ഗൂഗിൾ ജെമിനി എഐയുടെ വാട്ടർമാർക്ക് പ്രത്യക്ഷപ്പെട്ടതാണ് ട്രോളുകൾ ഉയരാനുള്ള കാരണം. ട്രെയ്‌ലറിന്റെ 23-ാം സെക്കൻഡിൽ വിജയ് തോക്ക് ലോഡ് ചെയ്യുന്ന ഒരു രംഗത്തിൽ താഴെ വലത്തേയറ്റത്താണ് ജെമിനി ലോഗോ വ്യക്തമായി കാണുന്നത്. 400 കോടിയോളം ചിലവിട്ടു നിർമിച്ച ഒരു സിനിമയിൽ ഇത്തരത്തിൽ അബദ്ധങ്ങൾ പറ്റുന്നത് ശരിയല്ലെന്നും പ്രേക്ഷകരെ പറ്റിക്കാൻ ശ്രമിക്കുകയാണോ എന്നാണ് കമന്റുകൾ. ലളിതമായ ഒരു ഷോട്ടിനായി എഐ ഉപയോഗിച്ചതും അതിന്റെ വാട്ടർമാർക്ക് പോലും നീക്കം ചെയ്യാൻ മറന്നുപോയതും അണിയറപ്രവർത്തകരുടെ അശ്രദ്ധയാണ് കാട്ടുന്നതെന്ന് സിനിമാപ്രേമികൾ ചൂണ്ടിക്കാട്ടുന്നു. ട്രോളുകൾ വ്യാപകമായി ഉയർന്നതോടെ ഈ രംഗം ട്രെയ്‌ലറിൽ നിന്ന് നീക്കം ചെയ്‌തെന്നാണ് സൂചന.

തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനായകൻ. നേരത്തെ തന്നെ ഈ അഭ്യൂഹം ഉണ്ടായിരുന്നുവെങ്കിലും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ സംവിധായകൻ ഇക്കാര്യത്തെക്കുറിച്ച് പരാമർശിച്ചിരുന്നു. 'റീമേക്ക് ആണോ, പകുതി റീമേക്കാണോ, എന്നൊക്കെ ചോദിക്കുന്നവരോട് ഒന്നേ പറയാനുള്ളൂ, ഇതൊരു ദളപതി ചിത്രമാണ്' എന്നാണ് എച്ച് വിനോദ് അന്ന് പറഞ്ഞിരുന്നത്. എന്നാൽ അന്നും സിനിമ റീമേക്ക് അല്ല എന്ന് സംവിധായകൻ പറഞ്ഞിരുന്നില്ല.
JanAI nayagan - they used Gemini#JanaNayagan pic.twitter.com/jmgwEelJBS
— Sundar Prasad (@KPVSSPR_Sundar) January 3, 2026
ട്രെയ്‌ലർ പുറത്ത് വന്നപ്പോൾ ആകട്ടെ ഭഗവന്ത് കേസരി എന്ന സിനിമയിൽ സമാനമായി നിരവധി രംഗങ്ങളാണ് ഉള്ളത്. ഇതോടെ സിനിമ ഭഗവന്ത് കേസരിയുടെ റീമേക്ക് ആണെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ജനുവരി 9ന് പൊങ്കൽ റിലീസായാണ് ജനനായകൻ തിയേറ്ററുകളിലെത്തുന്നത്. വിജയ്‌ക്കൊപ്പം പൂജ ഹെഗ്‌ഡെ, മമിത ബൈജു, ബോബി ഡിയോൾ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദർ ആണ്.
Content Highlights: Ai shots in Vijay film Jananayagan trailer gets trolled