'അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു!'; പാകിസ്താന്‍റെ പരാജയത്തില്‍ അക്തറിനെ ട്രോളി അമിതാഭ് ബച്ചന്‍

അക്തര്‍ മുന്‍പ് ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശർമയ്ക്ക് പകരം അബദ്ധത്തില്‍ അഭിഷേക് ബച്ചനെന്ന് പറഞ്ഞിരുന്നത് വൈറലായിരുന്നു

'അഭിഷേക് ബച്ചന്‍ നന്നായി കളിച്ചു!'; പാകിസ്താന്‍റെ പരാജയത്തില്‍ അക്തറിനെ ട്രോളി അമിതാഭ് ബച്ചന്‍
dot image

ഏഷ്യാ കപ്പ് ടൂര്‍ണമെന്റില്‍ പാകിസ്താനെ പരാജയപ്പെടുത്തി ഇന്ത്യ കിരീടം ചൂടിയതിന് പിന്നാലെ മുന്‍ പാക് താരം ഷുഹൈബ് അക്തറിനെ പരിഹസിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചന്‍. നേരത്തെ ഇന്ത്യ- പാക് മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ ഷുഹൈബ് അക്തര്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക് ശർമയ്ക്ക് പകരം അബദ്ധത്തില്‍ ബോളിവുഡ് താരവും അമിതാഭ് ബച്ചന്റെ മകനുമായ അഭിഷേക് ബച്ചനെന്ന് പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിതാഭ് ബച്ചന്‍ രംഗത്തെത്തിയത്.

അഭിഷേക് ബച്ചൻ നന്നായി കളിച്ചുവെന്നാണ് അമിതാഭ് ബച്ചൻ എക്സിൽ കുറിച്ചത്. ടീം ഇന്ത്യ എങ്ങനെ അവരുടെ 'ശത്രു'വിനെ പരാജയപ്പെടുത്തിയെന്നും അദ്ദേഹം എഴുതി. ‌'നമ്മൾ ജയിച്ചു! 'അഭിഷേക് ബച്ചൻ' നന്നായി കളിച്ചു. അവിടെ അവർക്ക് നാവ് പിഴച്ചു. ഇവിടെ ബാറ്റും ബോളും ഫീൽഡും ചെയ്യാതെ നിങ്ങൾ ശത്രുവിനെ വീഴ്ത്തി. അവരുടെ വായടഞ്ഞുപോയി!', എന്നാണ് അമിതാഭ് ബച്ചൻ കുറിച്ചത്. പൊട്ടിച്ചിരിക്കുന്ന സ്മൈലികൾക്കൊപ്പമാണ് അദ്ദേഹം കുറിപ്പ് പങ്കുവെച്ചത്.

നേരത്തെ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്താന്‍ ഫൈനലിനെ കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് അഭിഷേക് ശര്‍മയ്ക്ക് പകരം ബോളിവുഡ് താരം അഭിഷേക് ബച്ചനെന്നാണ് അക്തര്‍ പരാമര്‍ശിച്ചിരുന്നു. 'അഭിഷേക് ബച്ചനെ നേരത്തെ പുറത്താക്കിയാല്‍ ഇന്ത്യയുടെ മധ്യനിരയുടെ അവസ്ഥ എന്തായിരിക്കും? അവരുടെ മധ്യനിര ഇതുവരെ മികച്ച പ്രകടനം പുറത്തെടുത്തിട്ടില്ല' എന്നായിരുന്നു ചര്‍ച്ചയില്‍ അക്തര്‍ പറഞ്ഞത്. ഉടന്‍ തന്നെ പാനലിലെ മറ്റുള്ളവര്‍ പെട്ടെന്ന് അദ്ദേഹത്തെ തിരുത്തി, അഭിഷേക് ബച്ചനല്ല, 'അഭിഷേക് ശര്‍മ്മ' എന്ന് പറയുകയും ചെയ്തു.

അക്തറിന് പറ്റിയ 'അബദ്ധം' സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതോടെ അക്തറിന് മറുപടിയുമായി അഭിഷേക് ബച്ചന്‍ രംഗത്തെത്തുകയും ചെയ്തു. 'സര്‍, എല്ലാ ബഹുമാനത്തോടും കൂടി പറയട്ടെ, അതുപോലും പാകിസ്താന് ചെയ്യാനാകുമെന്ന് തോന്നുന്നില്ല. എനിക്ക് അത്ര നന്നായി ക്രിക്കറ്റ് കളിക്കാന്‍ പോലുമറിയില്ല' എന്നായിരുന്നു അക്തറിന്റെ വീഡിയോ പങ്കുവെച്ച് അഭിഷേക് എക്സില്‍ കുറിച്ചത്.

Content Highlights: Amitabh Bachchan joins celebrations with witty jibe as Ind beat Pak in Asia Cup 2025 final

dot image
To advertise here,contact us
dot image