15ദിവസം മുൻപ് നഖ്‌വിക്ക് കൈകൊടുത്തു,എന്നിട്ടിപ്പോൾ ക്യാമറയ്ക്ക്‌ മുന്നിൽ നാടകം;ഇന്ത്യൻടീമിനെതിരെ ശിവസേന നേതാവ്

മൊഹ്‌സിന്‍ നഖ്‌വിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സന്തോഷത്തോടെ കൈകൊടുക്കുന്ന വീഡിയോ പുറത്തുവിട്ടാണ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്

15ദിവസം മുൻപ് നഖ്‌വിക്ക് കൈകൊടുത്തു,എന്നിട്ടിപ്പോൾ ക്യാമറയ്ക്ക്‌ മുന്നിൽ നാടകം;ഇന്ത്യൻടീമിനെതിരെ ശിവസേന നേതാവ്
dot image

ഏഷ്യാ കപ്പ് വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനുമെതിരെ ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. ടൂര്‍ണമെന്റില്‍ പാകിസ്താനെതിരെ നടന്ന മൂന്ന് മത്സരങ്ങളിലും ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് പാക് ക്യാപ്റ്റന് ഹസ്തദാനം നല്‍കാതിരുന്നത് വലിയ വിവാദമായിരുന്നു. ഫൈനല്‍ വിജയത്തിന് ശേഷം പാകിസ്താന്റെ ആഭ്യന്തര മന്ത്രിയും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്‌സിന്‍ നഖ്‌വിയുടെ കൈകളില്‍ നിന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഏഷ്യാ കപ്പ് കിരീടം സ്വീകരിക്കാതിരുന്നതും വാര്‍ത്തയായിരുന്നു. ഈ സാഹചര്യത്തിലാണ് ശിവസേന നേതാവ് വലിയ ആരോപണങ്ങളുമായി രംഗത്തെത്തിയത്.

ടൂര്‍ണമെന്റ് തുടങ്ങുന്നതിന് മുന്‍പ് മൊഹ്‌സിന്‍ നഖ്‌വിക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് സന്തോഷത്തോടെ കൈകൊടുക്കുന്ന വീഡിയോ പുറത്തുവിട്ടാണ് സഞ്ജയ് റാവുത്ത് രംഗത്തെത്തിയത്. ഇന്ത്യന്‍ ടീം ക്യാമറകള്‍ക്ക് മുന്‍പില്‍ നാടകം കളിക്കുകയാണെന്നും ജനങ്ങളെ കബളിപ്പിക്കുകയാണെന്നുമാണ് റാവുത്തിന്റെ ആരോപണം.

'15 ദിവസങ്ങള്‍ക്ക് മുന്‍പ്, ടൂര്‍ണമെന്റ് ആരംഭിക്കുന്നതിനും മുന്‍പ് അവര്‍ പുഞ്ചിരിച്ചുകൊണ്ട് പാകിസ്താന്‍ മന്ത്രി മൊഹ്‌സിന്‍ നഖ്‌വിക്ക് കൈകൊടുത്തു. ഒന്നിച്ച് ഫോട്ടോകള്‍ക്ക് വേണ്ടി പോസ് ചെയ്തു. എന്നിട്ടിപ്പോള്‍ ക്യാമറകള്‍ക്ക് മുന്നില്‍ മുഴുവന്‍ ദേശീയവാദത്തിന്റെ നാടകം കളിക്കുകയാണ്. ദേശസ്‌നേഹമെന്നത് ശരിക്കും നിങ്ങളുടെ രക്തത്തിലുണ്ടായിരുന്നെങ്കില്‍ പാകിസ്താന്റെ കൂടെ നിങ്ങള്‍ ഒരുമിച്ച് കളിക്കളത്തില്‍ ഇറങ്ങില്ലായിരുന്നു. ആദ്യം മുതല്‍ അവസാനം വരെ ശുദ്ധമായ നാടകമാണ് അരങ്ങേറിയത്. പൊതുജനങ്ങളെ ഇവര്‍ കബളിപ്പിക്കുകയാണ് ചെയ്യുന്നത്', വീഡിയോ പങ്കുവെച്ച് സഞ്ജയ് എക്‌സില്‍ കുറിച്ചു.

ടൂർണമെന്റിലുടനീളം പാകിസ്താൻ താരങ്ങളുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ താരങ്ങൾ വിസമ്മതിച്ചിരുന്നു. കിരീടം നേടിയാൽ മൊഹ്‌സിൻ നഖ്വിയിൽ നിന്നും ഇന്ത്യൻ ടീം കിരീടം ഏറ്റുവാങ്ങില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. നിലപാടിൽ നിന്നും ഇന്ത്യൻ ടീം മാറാതിരുന്നതോടെ നഖ്‌വി ട്രോഫിയുമായി കളം വിട്ടു. ഇതോടെ ഇന്ത്യ ട്രോഫി ഇല്ലാതെ തന്നെ ആഘോഷം തുടങ്ങി.

ദുബായിൽ നടന്ന കലാശപ്പോരിൽ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ പാകിസ്താനെ വീഴ്ത്തിയത്. ഇന്ത്യയുടെ ഒൻപതാം ഏഷ്യാ കപ്പ് കിരീടമാണിത്. പാകിസ്താനെ 147 റൺസിന് എറിഞ്ഞൊതുക്കിയ ഇന്ത്യ രണ്ട് പന്തുകൾ ബാക്കിനിൽക്കെ അഞ്ച് വിക്കറ്റ് നഷ്ടപ്പെടുത്തി വിജയലക്ഷ്യം മറികടന്നു. പുറത്താകാതെ 53 പന്തിൽ 69 റൺസെടുത്ത തിലക് വർമയാണ് ഇന്ത്യയുടെ വിജയശിൽപി.

Content Highlights: Shiv Senas Sanjay Raut Criticises Team India Over Asia Cup 2025 Match Against Pakistan

dot image
To advertise here,contact us
dot image