
ബഹ്‌റൈനിൽ താമസരേഖ ഇല്ലാത്ത 127 വിദേശിയരെ നാട് കടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ഒരാഴ്ചക്കുള്ളിൽ 1,109 പരിശോധനകളും വിവിധ മന്ത്രാലയങ്ങളെ ഏകോപിച്ചു 26 സംയുകത പരിശോധനകളും നടത്തിയതായും എൽഎംആർഎ അറിയിച്ചു. ബഹ്‌റൈനിൽ സെപ്റ്റംബർ 21 നും 27 നും ഇടയിൽ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി 1,109 പരിശോധനാ കാമ്പെയ്‌നുകളും നടത്തിയതായും 19 നിയമലംഘകരെ പിടികൂടിയതായും അധികൃതർ അറിയിച്ചു.
രേഖകൾ ഇല്ലാതെ കഴിഞ്ഞ വിദേശിയരായ 127 നിയമലംഘകരെ നാടുകടത്തിയതായും അധികൃതർ വ്യക്തമാക്കി. പരിശോധനാ കാമ്പെയ്‌നുകളുടെ ഫലമായി നിരവധി നിയന്ത്രണ നിയമങ്ങളിലെ വ്യവസ്ഥകളുമായി ബന്ധപ്പെട്ട താമസ നിയമ ലംഘനങ്ങൾ കണ്ടെത്തിയിരുന്നു. ഇത്തരം നിയമ ലംഘനങ്ങൾക്കെതിരെ ആണ് നിയമ നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി. ക്യാപിറ്റൽ ഗവർണറേറ്റിൽ പത്തും മുഹറഖ് ഗവർണറേറ്റിൽ നാലും നോർത്തേൺ ഗവർണറേറ്റിൽ അഞ്ചും സതേൺ ഗവർണറേറ്റിൽ ഏഴും ക്യാമ്പയിനുകളും ഉൾപ്പെടെ 26 സംയുക്ത പരിശോധനാ ക്യാമ്പയിനുകളും നടത്തി. കൂടാതെ ഗവർണറേറ്റുകളിലുമായി വിവിധ വാണിജ്യ സ്ഥാപനങ്ങളിൽ 1,083 പരിശോധനകൾ നടത്തിയതായി അതോറിറ്റി വ്യക്തമാക്കി.
ദേശീയത, പാസ്‌പോർട്ട്, താമസകാര്യങ്ങൾ എന്നിവ പ്രതിനിധീകരിക്കുന്ന ആഭ്യന്തര മന്ത്രാലയം, ഗവർണറേറ്റുകളിലെ സുരക്ഷാ ഡയറക്ടറേറ്റുകൾ, മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം, ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസ് തുടങ്ങി മന്ത്രാലയങ്ങൾ സംയുകതമായി എൽഎംആർഎയുമായി സഹകരിച്ചാണ് പരിശോധനകൾ നടത്തിയത്. പരിശോധനാ കാമ്പെയ്‌നുകൾ ശക്തമാക്കുന്നതിനും തൊഴിൽ വിപണിയെയും അതിന്റെ സ്ഥിരതയെയും മത്സരശേഷിയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും ലംഘനങ്ങളോ രീതികളോ പരിഹരിക്കുന്നതിന് സർക്കാർ ഏജൻസികളുമായി സഹകരിച്ചു സംയുക്ത പരിശോധന തുടരുമെന്ന് അതോറിറ്റി അറിയിച്ചു.
ലേബർ മാർക്കറ്റ് ലംഘനങ്ങളും ക്രമരഹിതമായ തൊഴിലുമായി ബന്ധപ്പെട്ട ഏതൊരു പരാതിയും അതോറിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലോ നാഷണൽ സജഷൻസ് ആൻഡ് കംപ്ലയിന്റ്സ് സിസ്റ്റം വഴിയോ റിപ്പോർട്ട് ചെയ്യണമെന്നും പൊതുജങ്ങളോട് എൽഎംആർഎ നിർദേശം നൽകി.
Content Highlights: Bahrain deport 127 foreigners without residence permit