
ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റ് ടൂർണമെന്റിന് യുഎഇ വേദിയായേക്കും. ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിൽ വരാനാണ് സാധ്യത. അങ്ങനെയെങ്കിൽ ഇരുടീമുകളും തമ്മിലുള്ള പോരാട്ടം ദുബായിൽ വെച്ച് നടന്നേക്കും. ബംഗ്ലാദേശിലെ ധാക്കയിൽ വെച്ചുനടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിന്റെ യോഗത്തിൽ ബിസിസിഐ ഓൺലൈനായി പങ്കെടുത്തിരുന്നു. ഇവിടെയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് ഏഷ്യാകപ്പിൽ മത്സരിക്കാമെന്ന് ധാരണയിലെത്തിയതെന്നാണ് സൂചന.
മെയ് 22ന് ജമ്മുകാശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം നടന്നതോടെയാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ബന്ധത്തിലെ വിള്ളൽ കൂടുതൽ രൂക്ഷമായത്. പാകിസ്താനെതിരെ ഇനി ക്രിക്കറ്റ് കളിക്കില്ലെന്നാണ് ബിസിസിഐ നിലപാട്. ദിവസങ്ങൾക്ക് മുമ്പ് വേൾഡ് ചാംപ്യൻഷിപ്പ് ഓഫ് ലെജൻഡ്സ് ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മത്സരം ഉപേക്ഷിച്ചിരുന്നു. പാകിസ്താനെതിരെ കളിക്കില്ലെന്ന് ഇന്ത്യൻ താരങ്ങൾ നിലപാട് എടുത്തതോടെയാണ് മത്സരം ഉപേക്ഷിച്ചത്.
എന്നാൽ പാകിസ്താൻ ക്രിക്കറ്റിനെ പൂർണമായി ബഹിഷ്കരിക്കാൻ കഴിയില്ലെന്നാണ് ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ വിലയിരുത്തൽ. അത്തരമൊരു തീരുമാനം എടുത്താൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിന് സാമ്പത്തിക നഷ്ടങ്ങളുണ്ടാകും. അത് ഏഷ്യയിലെ എല്ലാ ക്രിക്കറ്റ് രാജ്യങ്ങളും നേരിടേണ്ടി വരുമെന്നും യോഗത്തിൽ വിലയിരുത്തി. ഏഷ്യൻ ക്രിക്കറ്റിലെ 25 അംഗരാജ്യങ്ങളും യോഗത്തിൽ പങ്കെടുത്തു.
Content Highlights: BCCI agrees to host Asia Cup in UAE