വാടകയ്ക്ക് താമസിക്കണോ, വീട് വാങ്ങണോ? ഏതാണ് ലാഭം; അറിയാം

നിങ്ങളുടെ സാഹചര്യം, പണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍, വ്യക്തിപരമായ മുന്‍ഗണനകള്‍ എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാത്രം.

dot image

വാടകയ്ക്ക് താമസിക്കുന്നത് തുടരണോ അതോ സ്വന്തമായി വീട് വാങ്ങണോ? ജോലിയുടെ ഭാഗമായി മെട്രോ നഗരങ്ങളിലേക്കും ചെറുപട്ടണങ്ങളിലേക്കും കുടിയേറേണ്ടി വരുന്നവര്‍ തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ടുന്ന ഒരു പസിലാണ് ഇത്. ഭവനവായ്പയെ ഒരു സാമ്പത്തിക നിക്ഷേപമായി കാണുന്നത് സംബന്ധിച്ച സംശയങ്ങളാണ് പലരെയും ഇതിലേക്ക് നയിക്കുന്നത്. വാടയ്ക്ക് താമസിക്കുകയാണെങ്കിലും വീടെടുക്കാന്‍ തീരുമാനിക്കുകയാണെങ്കിലും രണ്ടിനും ഗുണവും ദോഷവുമുണ്ട്. അത് പലപ്പോഴും നിങ്ങളുടെ സാഹചര്യം, പണവുമായി ബന്ധപ്പെട്ട ലക്ഷ്യങ്ങള്‍, വ്യക്തിപരമായ മുന്‍ഗണനകള്‍ എന്നിവയെ ആശ്രയിച്ചാണ് ഇരിക്കുന്നത് എന്നുമാത്രം.

വാടകയ്ക്ക് വീടെടുക്കുന്നത് വീട് വാങ്ങുന്നതിനേക്കാള്‍ താരതമ്യേന എളുപ്പമാണ്. സെക്യൂരിറ്റി ഡെപ്പോസിറ്റായി നല്‍കേണ്ട തുക വീട് വാങ്ങുന്നതിനായി ആദ്യം നല്‍കുന്ന ഡൗണ്‍പേമെന്റിനേക്കാള്‍ കുറവുമായിരിക്കും. ഒരു വീട് വാങ്ങാന്‍ തീരുമാനിക്കുമ്പോള്‍ അതിനായി മുന്‍കൂര്‍ വേണ്ടി വരുന്ന ചെലവ് ഡൗണ്‍പേമെന്റാണ്. അത് ആകെതുകയുടെ മൂന്നുശതമാനം മുതല്‍ 20 ശതമാനം വരെയായിരിക്കും. ഇത് വലിയൊരു തുകയും ചെലവുമായി തോന്നുമെങ്കിലും ഇത് ചെലവല്ല, മറിച്ച് ഒരു ആസ്തിയിലേക്കുള്ള നിക്ഷേപമാണെന്നാണ് മനസ്സിലാക്കേണ്ടത്.

മറ്റൊന്ന് വീട് വാങ്ങുമ്പോള്‍ നല്‍കേണ്ടി വരുന്ന സ്റ്റാമ്പ് ഡ്യൂട്ടിയാണ്. വാടകവീട്ടില്‍ തുടരാനാഗ്രഹിക്കുന്നവരെ സംബന്ധിച്ച് അത്തരത്തില്‍ വലിയൊരു ചെലവ് വേണ്ടിവരുന്നില്ല. എന്നാല്‍ നിങ്ങളുടെ ഉടമസ്ഥതയില്‍ ഒരു വീട് എന്ന, ഭാവിയില്‍ വീണ്ടും വില വര്‍ധിക്കാവുന്ന ഒരു ആസ്തിയിലേക്കുള്ള നിക്ഷേപമായി മാത്രം ഈ സ്റ്റാമ്പ് ഡ്യൂട്ടിയെ കാണുകയും ചെയ്യാം. മെട്രോ നഗരങ്ങളായ ഡല്‍ഹി ബെംഗളുരു എന്നിവിടങ്ങളിലെല്ലാം കുതിച്ചുയരുന്ന വാടക നിരക്ക് പലപ്പോഴും ചര്‍ച്ചയാകാറുണ്ട്, വാടക മാത്രമല്ല ഇവിടങ്ങളില്‍ സെക്യൂരിറ്റി ഡെപ്പോസിറ്റും ഉയര്‍ന്ന തുകയാണ്. വീട് വാങ്ങുന്നതിനേക്കാള്‍ ഭീമമായിരിക്കും ഇത്തരത്തില്‍ ഇടയ്ക്കിടെ വീടുമാറുന്നതിലൂടെ നിങ്ങള്‍ക്കുണ്ടാകുന്ന സാമ്പത്തിക ബാധ്യത. ചിലപ്പോള്‍ ചെറിയ തുകകളുടെ നഷ്ടവും സംഭവിച്ചേക്കാം.

എന്നാല്‍ ഇടയ്ക്കിടെ ജോലിയുടെ ഭാഗമായി താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇടയ്ക്കിടെ മാറേണ്ടി വരുന്ന സാഹചര്യമാണെങ്കില്‍ തീര്‍ച്ചയായും വാടക വീടായിരിക്കും നിങ്ങള്‍ക്ക് അനുയോജ്യം. സ്വന്തമായി ഒരു വീട് വാങ്ങിയിട്ട് മറ്റൊരിടത്ത് വാടകയ്ക്ക് താമസിക്കുന്നതിനേക്കാള്‍ നല്ലത് തീര്‍ച്ചയായും വാടക വീടായിരിക്കും. അല്ലെങ്കില്‍ സ്വന്തം വീട് വാടകയ്ക്ക് നല്‍കി ആ തുകയിലൂടെ നഷ്ടം വരാതെ നോക്കാം.

വീടുവാങ്ങുന്നതിലെ ഒരു ലാഭം സെക്ഷന്‍ 80 സി ആന്‍ഡ് 24ബി പ്രകാരം ലഭിക്കുന്ന നികുതി ഇളവുകളാണ്. ഏറ്റവും തന്ത്രപ്രധാനമായ ദീര്‍ഘകാല നിക്ഷേപമായാണ് പലരും അതിനെ കാണുന്നത്. ഒരു സ്ഥലത്ത് 7-10 വര്‍ഷങ്ങള്‍ താമസിക്കുന്നവരെ സംബന്ധിച്ചിടത്തോളം വീട് വാങ്ങുന്നതായിരിക്കും വീട് വാടകയ്ക്ക് എടുക്കുന്നതിനേക്കാള്‍ ചെലവ് കുറവ്. വാടകയുമായി തട്ടിച്ചുനോക്കുമ്പോള്‍ നല്‍കുന്ന വാടകയില്‍ നിന്ന് നിങ്ങള്‍ക്ക് റിട്ടേണ്‍ ലഭിക്കുന്നില്ല. എന്നാല്‍ റിയല്‍ എസ്റ്റേറ്റില്‍ നടത്തുന്ന നിക്ഷേപം കാലക്രമേണ വില ഉയരുന്നതിനാല്‍ ഭാവിയില്‍ വലിയ നേട്ടം നല്‍കും.

ഒരുവീട് വാങ്ങുന്നത് സാമ്പത്തികമായും വൈകാരികമായും സുരക്ഷിതത്വം നല്‍കുന്ന തീരുമാനമാണ്.നിയന്ത്രണങ്ങളില്ലാതെ നിങ്ങള്‍ താമസിക്കുന്ന ഭവനത്തെ നിങ്ങള്‍ക്കിഷ്ടമുള്ളപോലെ പരിവര്‍ത്തനം ചെയ്യാം. ഇഷ്ടമുള്ളതുപോലെ ഭയാശങ്കകളില്ലാതെ ജീവിക്കാം. എത്രയും വേഗത്തില്‍ ഒരു വീട് വാങ്ങുന്നത് വാടക വീട്ടില്‍ നിന്ന് വാടകവീട്ടിലേക്കുള്ള ഓട്ടത്തെയും വാടക എന്ന നഷ്ടത്തെയും കുറയ്ക്കാന്‍ സഹായിക്കും. വാടകയ്ക്ക് താമസിക്കുമ്പോള്‍ പെട്ടെന്നുണ്ടാകുന്ന അപ്രതീക്ഷിത ചെലവുകള്‍ വേറെയാണ്. ഒരുപക്ഷെ നിങ്ങള്‍ തുടരാന്‍ സാധ്യതയില്ലാത്ത ഒരിടത്തെ പലവ്‌സ്തുക്കളുടെയും അറ്റകുറ്റപണികളുള്‍പ്പെടെയുള്ളതിന് സ്വന്തം പോക്കറ്റില്‍ നിന്ന് പണം നല്‍കേണ്ടതായും വന്നേക്കാം. സ്വന്തം വീടാണെങ്കില്‍ അത് ഒരിക്കലും ഒരു നഷ്ടമായിരിക്കില്ല.

ശ്രദ്ധിക്കേണ്ട മറ്റൊരു പ്രധാനപ്പെട്ട കാര്യമുണ്ട്. ഭവനവായ്പ ലഭിക്കാനുള്ള ക്വാളിഫിക്കേഷന്‍, മാസാമാസം ഇഎംഐ അടയ്ക്കാനുള്ള പണം, കെട്ടിട നികുതി, അറ്റകുറ്റപണി തുടങ്ങിയ ചെലവുകള്‍ നിങ്ങള്‍ക്ക് താങ്ങുമോ എന്ന് സ്വയം വിശകലനം ചെയ്യണം. നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളുമായി ചേര്‍ത്തുവച്ചുകൊണ്ട് പദ്ധതി ആവിഷ്‌ക്കരിക്കുക. വാടക-വില അനുപാതം കണക്കാക്കുക. എങ്ങനെയെല്ലാം കണക്കുകൂട്ടിയാലും സ്ഥിരതയും ദീര്‍ഘകാല സാമ്പത്തിക നിക്ഷേപവും ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന നിക്ഷേപമാണ് വീട് വാങ്ങല്‍. ഇത് ശാശ്വതമായ സാമ്പത്തിക നേട്ടങ്ങള്‍ നല്‍കുന്നു. ഇതൊരു സാമ്പത്തിക തീരുമാനം മാത്രമല്ല, വ്യക്തിയുടെ തീരുമാനം കൂടിയാണ്. അതുകൊണ്ടുതന്നെ വ്യക്തികളില്‍ നിന്ന് വ്യക്തികളിലേക്ക് ഇതിന്റെ ലാഭനഷ്ടങ്ങള്‍ വ്യത്യാസപ്പെട്ടിരിക്കുന്നു.

Content Highlights: Renting vs. buying a home: Which one makes more sense for you?

dot image
To advertise here,contact us
dot image