
ഭക്ഷണപ്രിയരായ വ്യക്തികള്‍ക്ക് അസുഖങ്ങള്‍ വരുമ്പോഴാണ് ഏറ്റവും വലിയ വിഷമം അനുഭവിക്കേണ്ടി വരിക. ഇഷ്ടമുള്ളതെല്ലാം ജീവന്‍ അപഹരിക്കാന്‍ സാധ്യതയുള്ളവയുടെ പട്ടികയിലേക്ക് വരുമ്പോള്‍ ആരായാലും ഒന്നു തളരും. എന്നാല്‍ ഒഴിവാക്കേണ്ടവ ഒഴിവാക്കിയേ മതിയാവൂ. ഇപ്പോള്‍ ഇവിടെ പറഞ്ഞുവരുന്നത് വൃക്ക രോഗത്താല്‍ ബുദ്ധിമുട്ടുന്നവരെയാണ്. വൃക്ക രോഗികള്‍ക്ക് ശരിയായ ഭക്ഷണക്രമം തന്നെ പാലിക്കണമെന്നത് പ്രത്യേകം ഓര്‍മിപ്പിക്കേണ്ട കാര്യമില്ലല്ലോ? വായില്‍ കൊതിയൂറുന്ന കഴിക്കാന്‍ വളരെ ഇഷ്ടമുള്ള ഭക്ഷണങ്ങളൊക്കെ മാറ്റിവയ്‌ക്കേണ്ടി വരും. കാരണം ആരോഗ്യം നല്‍കുമെന്നും സുരക്ഷിതമാണെന്നും ചിന്തിക്കുന്ന പല ആഹാരങ്ങളും വിപരീത ഫലമാകും ഉണ്ടാക്കുക. അതില്‍ ഏറ്റവും ആദ്യം മാറ്റി നിര്‍ത്തേണ്ടത് തേങ്ങയും വാഴപ്പഴവുമാണ്. ഇവ ഒറ്റയ്ക്കും കഴിക്കാന്‍ പാടില്ല, ചേര്‍ത്തും കഴിക്കാന്‍ പാടില്ല.
ആരോഗ്യവിദഗ്ദര്‍ ഇക്കാര്യം പല അവസരങ്ങളിലും ചൂണ്ടിക്കാട്ടുന്നുണ്ട്. പ്രമുഖ യൂറോളജിസ്റ്റ് ഡോ. പര്‍വേസ് അദ്ദേഹത്തിന്റെ സമൂഹമാധ്യമത്തിലെ പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമായി പറയുന്നുണ്ട്. ഹൃദയമിടിപ്പ് ക്രമമാക്കുന്നത് ഉള്‍പ്പെടെ പ്രധാനപ്പെട്ട ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒഴിച്ചുകൂടാന്‍ കഴിയാത്ത ധാതുവാണ് പൊട്ടാസ്യം. ശരീരത്തില്‍ അധികമാകുന്ന പൊട്ടാസ്യം പുറംതള്ളുന്നത് മൂത്രത്തിലൂടെയാണ്. നാഡീ - പേശി പ്രവര്‍ത്തനങ്ങള്‍ക്കും അത്യാവശ്യമായ പൊട്ടാസ്യം മൂത്രത്തിലൂടെ പുറംതള്ളുന്നത് വൃക്കരോഗികളില്‍ മന്ദഗതിയിലാവും നടക്കുക. ഈ സാഹചര്യത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് രക്തത്തില്‍ അമിതമാകാന്‍ പാടില്ലെന്ന് പറയേണ്ടതില്ലല്ലോ? ഇനി പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ എന്ത് സംഭവിക്കും? ഹൃദയാഘാതം ഉള്‍പ്പെടെ സങ്കീര്‍ണമായ സാഹചര്യങ്ങളിലേക്ക് ഇത് നയിക്കും. അത്തരമൊരു അവസ്ഥ ഒഴിവാക്കാന്‍, ആദ്യം നോ പറയേണ്ടത് വാഴപ്പഴത്തിനോടും തേങ്ങയോടുമാണ്. ഇതില്‍ പൊട്ടാസ്യം വലിയ അളവില്‍ അടങ്ങിയിരിക്കുന്നു എന്നതാണ് കാരണം. ചെറിയ അളവില്‍ പോലും ഇവ കഴിക്കുന്നത് അപകടമാണ്.
രക്തത്തില്‍ പൊട്ടാസ്യത്തിന്റെ അളവ് കൂടിയാല്‍ ശരീരം ചില ലക്ഷണങ്ങള്‍ നമുക്ക് കാണിച്ചു തരും. അത് കണ്ടില്ലെന്ന് നടിക്കരുത്. ക്രമരഹിതമായ ഹൃദയമിടിപ്പും ക്ഷീണവും ഛര്‍ദ്ദിയും ഇതിന്റെ ഭാഗമായി ഉണ്ടാകാം. പേശീ ബലഹീനത, മലബന്ധം എന്നിവയും ലക്ഷണങ്ങളില്‍ ഉള്‍പ്പെടും. ഇത് ഹൃദയാഘാതം, ഹൃദയസ്തംഭനം എന്നിവയ്ക്കും കാരണമാകാം. മേല്‍പ്പറഞ്ഞ ഭക്ഷണ സാധനങ്ങള്‍ കൂടാതെ അവോക്കോഡോ, കരിക്കിന്‍വെള്ളം, ഓറഞ്ച്, തക്കാളി, ചീര, ഉരുളക്കിഴങ്ങ് എന്നിവയും തീവ്ര വൃക്ക രോഗികള്‍ ഒഴിവാക്കിയേ മതിയാകൂ. അതേസമയം പൈനാപ്പിള്‍, മുന്തിരി, ആപ്പിള്‍ എന്നിവ കഴിക്കുന്നത് ആരോഗ്യത്തിന് ഉത്തമവുമാണ്.
Content Highlights: Kidney patients must avoid coconut and banana