
മലയാള സിനിമയ്ക്ക് ഒരിടവേള നൽകി നടൻ ജയറാം മറ്റു ഭാഷകളിൽ സജീവമാകുന്നതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ നടന്നിരുന്നു. തീരെ പ്രാധാന്യം കുറഞ്ഞ റോളുകൾ ആണ് നടന് ലഭിക്കുന്നതെന്നും എന്തിനാണ് ഇത്തരം വേഷങ്ങൾ തിരഞ്ഞെടുക്കുന്നതെന്നും ആയിരുന്നു ആരാധകരുടെ പ്രധാന ചോദ്യം. ഇപ്പോഴിതാ ഇതിന് ഉത്തരം നൽകിയിരിക്കുകയാണ് ജയറാം. തന്നെ സംതൃപ്തിപ്പെടുത്തുന്ന കഥകൾ മലയാളത്തിൽ വരാത്തതു കൊണ്ടുമാത്രമാണ് സിനിമകൾ ചെയാത്തതെന്ന് ജയറാം പറഞ്ഞു. തെലുങ്കില്‍ 12 ഓളം സിനിമകളുടെ ഭാഗമാക്കാൻ സാധിച്ചുവെന്നും അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ ആണതെന്നും നടൻ കൂട്ടിച്ചേർത്തു.
മറ്റു ഇൻഡസ്ട്രികളിൽ നിന്ന് വീണ്ടും വീണ്ടും തന്നെ വിളിക്കുന്നത് ക്രെഡിറ്റ് ആയാണ് കാണുന്നതെന്നും കാന്താര പോലെ വലിയ സിനിമയുടെ ഭാഗമാക്കാൻ സാധിച്ചതിൽ സന്തോഷം ഉണ്ടെന്നും നടൻ പറഞ്ഞു. കാളിദാസിനൊപ്പം അഭിനയിക്കുന്ന 'ആശകള്‍ ആയിരം' എന്ന സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവെയാണ് നടന്റെ പ്രതികരണം.
'ഒരു മലയാളം സിനിമ ചെയ്തിട്ട് ഒന്നരവര്‍ഷത്തിലേറെയായി. എന്തുകൊണ്ട് ഒരു മലയാളം ചിത്രം ചെയ്യുന്നില്ല എന്ന് ആളുകള്‍ ചോദിക്കാറുണ്ട്. മനസിന് 100% തൃപ്തി തരുന്ന സ്‌ക്രിപ്റ്റ് വരാത്തതുകൊണ്ടുമാത്രമാണ് മലയാളത്തില്‍ സിനിമ ചെയ്യാതിരുന്നത്. ആ ഇടവേളകളില്‍ കന്നഡ, തമിഴ്, തെലുങ്ക് മുതലായ മറ്റ് ഭാഷകളില്‍നിന്ന് അപ്രധാനമല്ലാത്ത, എന്നാല്‍ നായകതുല്യമല്ലാത്ത ഒരുപാട് വേഷങ്ങള്‍ വന്നു.
തെലുങ്കില്‍ 12 ഓളം സിനിമ ചെയ്തു. ആദ്യം ചെയ്ത സിനിമ കണ്ട് അവര്‍ക്ക് ഇഷ്ടമായതുകൊണ്ടാണ് പിന്നീടും വിളിക്കുന്നത്. എന്നെ സംബന്ധിച്ച് ഞാന്‍ അതൊരു ക്രെഡിറ്റ് ആയാണ് കാണുന്നത്. കന്നഡയില്‍ ശിവരാജ്കുമാറിനോടൊപ്പം ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞു. ഇപ്പോള്‍ വീണ്ടും ശിവരാജ്കുമാറിനൊപ്പം അടുത്ത സിനിമ ചെയ്യാന്‍ പോവുന്നു. കാന്താര പോലെ വലിയ സിനിമയുടെ വലിയ ഭാഗമാവാന്‍ കഴിയുന്നു. എന്നെ വിളിക്കാവുന്നവയില്‍ ഏറ്റവും നല്ല വേഷങ്ങള്‍ക്കാണ് അവര്‍ വിളിക്കുന്നത്. അതൊരിക്കലും നിരസിക്കാന്‍ പാടില്ല', ജയറാം പറഞ്ഞു.
Content Highlights: Jayaram says he doesn't get good scripts from Malayalam