ആശങ്കയായി ബുംറയുടെ പരിക്ക്! നിര്‍ണായക അപ്‌ഡേറ്റുമായി ഇന്ത്യന്‍ കോച്ച്‌

ഇന്ത്യ രണ്ടാമത്തെ ന്യൂബോള്‍ എടുത്തതിന് പിന്നാലെ ജസ്പ്രീത് ബുംറ ഡ്രസ്സിംഗ് റൂമിലേക്ക് മുടന്തി കയറിപ്പോയിരുന്നു

dot image

ഇന്ത്യയുടെ പേസ് കുന്തമുനയായ ജസ്പ്രീത് ബുംറയുടെ പരിക്കിനെ കുറിച്ച് പ്രതികരിച്ച് ബോളിങ് കോച്ച് മോര്‍ണി മോര്‍ക്കല്‍. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിനിടെ ഇന്ത്യന്‍ ആരാധകര്‍ക്ക് ആശങ്കയായി ബുംറയ്ക്ക് പരിക്കേറ്റിരുന്നു.

മത്സരത്തിന്‍റെ മൂന്നാം ദിനമായ ഇന്നലെ ലഞ്ചിനുശേഷമുള്ള സെഷനില്‍ ഇന്ത്യ രണ്ടാമത്തെ ന്യൂബോള്‍ എടുത്തതിന് പിന്നാലെ ജസ്പ്രീത് ബുംറ ഡ്രസ്സിംഗ് റൂമിലേക്ക് മുടന്തി കയറിപ്പോയിരുന്നു. സംഭവത്തിന്റെ വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാല്‍ ചായയ്ക്ക് മുമ്പ് തന്നെ തിരിച്ചെത്തിയെങ്കിലും താരത്തിന് മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചിരുന്നില്ല. ഇതോടെ ബുംറയുടെ പരിക്കിനെകുറിച്ച് ആശങ്ക ഉയർന്ന ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ബോളിങ് കോച്ച് മോർണി മോർക്കൽ പ്രതികരണവുമായി രം​ഗത്തെത്തിയത്.

ജസ്പ്രീത് ബുംറയ്ക്ക് പരിക്കാണെന്ന വാർത്തകളെല്ലാം തള്ളിക്കളയുകയാണ് കോച്ച് മോർക്കൽ ചെയ്തത്. സ്റ്റെപ്പ് ഇറങ്ങുമ്പോള്‍ ബുമ്രയുടെ കാല്‍വഴുതി കണങ്കാലില്‍ വേദന അനുഭവപ്പെട്ടതാണെന്നും മോര്‍ക്കല്‍ വ്യക്തമാക്കി. പേസർ മുഹമ്മദ് സിറാജിനും ബൗണ്ടറിക്ക് പുറത്തുള്ള ഒരു ചെറിയ കുഴിയില്‍ കാല്‍വീണ് സമാനമായ രീതിയില്‍ വേദന അനുഭപ്പെട്ടിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ലെന്നും മോര്‍ണി മോര്‍ക്കല്‍ ചൂണ്ടിക്കാട്ടി.

'രണ്ടാമത്തെ ന്യൂബോള്‍ എടുത്തതിന് ശേഷം ബുംറയുടെ കണങ്കാലില്‍ ചെറിയ രീതിയില്‍ വേദന അനുഭവപ്പെട്ടിരുന്നു. ഗ്രൗണ്ടിലേക്ക് സ്റ്റെപ്പ് ഇറങ്ങിവരുമ്പോള്‍ ബുംറയുടെ കാലൊന്ന് വഴുതുകയാണ് ചെയ്തത്. സിറാജിനും അതുപോലെ തന്നെ സംഭവിച്ചിരുന്നു. എന്നാല്‍ രണ്ട് പേര്‍ക്കും പരിക്കില്ല. അതേസമയം മൂന്നാം ദിനം പേസര്‍മാര്‍ക്ക് പഴയ ഊര്‍ജ്ജമില്ലായിരുന്നു എന്ന കാര്യം സമ്മതിക്കുന്നു. അതുകൊണ്ടാണ് സാധാരണഗതിയില്‍ 140 കിലോ മീറ്ററിന് മുകളില്‍ വേഗത്തില്‍ പന്തെറിയുന്ന ബുമ്രയുടെ വേഗം 130ഉം 120ഉം എല്ലാം ആയി കുറഞ്ഞത്', മോര്‍ണി മോര്‍ക്കല്‍ പറഞ്ഞു.

അതേസമയം ഇന്ത്യയ്‌ക്കെതിരായ നാലാം ടെസ്റ്റില്‍ ഇംഗ്ലണ്ട് ശക്തമായ നിലയിലാണ്. മാഞ്ചസ്റ്റർ ടെസ്റ്റിന്‍റെ മൂന്നാം ദിവസം അവസാനിച്ചപ്പോള്‍ ഇംഗ്ലണ്ടിന് മികച്ച ലീഡ്. രണ്ട് വിക്കറ്റിന് 225 എന്ന നിലയില്‍ ഇന്നിങ്‌സ് തുടങ്ങിയ ആതിഥേയര്‍ മൂന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 544 റണ്‍സെന്ന നിലയിലാണ്. ഇതോടെ ഇന്ത്യയുടെ 358 റണ്‍സിനെതിരെ 186 റണ്‍സിന്റെ ശക്തമായ ലീഡ് ഇംഗ്ലീഷ് പടയ്ക്ക് ലഭിച്ചു.

Content Highlights: IND vs ENG: Morne Morkel provides crucial injury update on Jasprit Bumrah

dot image
To advertise here,contact us
dot image