'റിഷഭ് പന്ത് പരിക്ക് അഭിനയിക്കുകയാണോ?'; ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് മുന്‍ ഇതിഹാസം

കാലിലെ പരിക്ക് വകവെക്കാതെ ഇംഗ്ലണ്ടിനെതിരായ രണ്ടാം ദിനം ക്രീസിലെത്തി അര്‍ധസെഞ്ച്വറിയാണ് റിഷഭ് പന്ത് നേടിയെടുത്തത്

'റിഷഭ് പന്ത് പരിക്ക് അഭിനയിക്കുകയാണോ?'; ഗുരുതര ആരോപണവുമായി ഇംഗ്ലണ്ട് മുന്‍ ഇതിഹാസം
dot image

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ പരിക്കേറ്റിട്ടും ബാറ്റ് ചെയ്ത് അര്‍ധ സെഞ്ച്വറി നേടിയ റിഷഭ് പന്തിന്റെ ബാറ്റിങ് വലിയ കൈയടി നേടിയിരുന്നു. പന്തിന്റെ പോരാട്ടവീര്യത്തെ ലോകം മുഴുവന്‍ വാഴ്ത്തുമ്പോള്‍ മറുഭാഗത്ത് ഗുരുതര ആരോപണവും ഉയരുകയാണ്. മാഞ്ചസ്റ്റർ ടെസ്റ്റിനിടെ പന്തിനേറ്റ പരിക്ക് ഗുരുതരമല്ലന്നും താരം പരിക്ക് മുതലെടുക്കുകയാണെന്നും ആരോപണം ഉന്നയിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ഇംഗ്ലീഷ് മുന്‍ ഇതിഹാസം ഡേവിഡ് ലോയ്ഡ്.

റിഷഭ് പന്തിന്റെ പോരാട്ടവീര്യം തന്നെ ആകര്‍ഷിച്ചുവെങ്കിലും ചില മുന്‍ താരങ്ങള്‍ക്ക് പരിക്കിന്റെ കാര്യത്തില്‍ സംശയങ്ങളുണ്ടെന്നാണ് ഡേവിഡ് ലോയ്ഡ് വെളിപ്പെടുത്തിയത്. മാത്രമല്ല രണ്ടാമതും ബാറ്റിങിനായി ക്രീസിലെത്താന്‍ വൈകിയതു കാരണം ടൈംഡ് ഔട്ട് നല്‍കേണ്ടതായിരുന്നുവെന്നും ചിലര്‍ക്ക് അഭിപ്രായങ്ങളാണെന്ന് ലോയ്ഡ് പറയുന്നു.

'അന്ന് ഞാൻ ആ ലെജൻഡ്‌സ് ലോഞ്ചിൽ ഉണ്ടായിരുന്നു. റിഷഭ് കടുത്ത വേദനയിലാണ് കാണപ്പെട്ടത്. രണ്ടാമതും ബാറ്റ് ചെയ്തതിലൂടെ വളരെ ഹീറോയിസമുള്ള കാര്യമാണ് അദ്ദേഹം ചെയ്തത്. ആ പരിക്ക് അദ്ദേ​ഹം മുതലെടുക്കുകയാണെന്നും ആ പരിക്ക് അത്ര ഗുരുതരമാകാൻ സാധ്യതയില്ല അതെന്നും ചിലര്‍ക്കു അഭിപ്രായമുണ്ട്'

വളരെ പതുക്കെയാണ് ഓള്‍ഡ് ട്രാഫോര്‍ഡിലെ സ്റ്റെപ്പുകളിറങ്ങി റിഷഭ് ഗ്രൗണ്ടിലേക്കു വന്നത്. അദ്ദേഹത്തിനെതിരേ ടൈംഡ് ഔട്ട് (പുതിയ ബാറ്റര്‍ക്കു നിശ്ചിത സമയത്തിനുള്ളില്‍ ക്രീസിലെത്താന്‍ സാധിക്കാതെ വരുമ്പോള്‍ വിധിക്കുന്ന ഔട്ട്) വിളിക്കേണ്ടതായിരുന്നെന്നും ചിലര്‍ക്കു അഭിപ്രായമുണ്ടെന്നും ലോയ്ഡ് കൂട്ടിച്ചേര്‍ത്തു.

മാഞ്ചസ്റ്റർ ടെസ്റ്റിന്റെ ഒന്നാംദിനമാണ് റിഷഭ് പന്ത് പരിക്കേറ്റ് റിട്ടയർ ഹർട്ടായി മടങ്ങുന്നത്. വ്യക്തിഗത സ്‌കോര്‍ 37ല്‍ നില്‍ക്കെയായിരുന്നു പന്തിന്‍റെ മടക്കം. ക്രിസ് വോക്സിനെ റിവേഴ്സ് സ്വീപ്പ് ചെയ്യാനുള്ള ശ്രമത്തിനിടെ ബോള്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്റെ കാല്‍പാദത്തില്‍ കൊള്ളുകയായിരുന്നു. ചെറുവിരലിന് മുകളിലാണ് പന്ത് കൊണ്ടത്. പന്ത് കൊണ്ട ഭാഗത്ത് പെട്ടെന്ന് മുഴയ്ക്കുകയും ചെയ്തു.

കാലിലെ പരിക്ക് വകവെക്കാതെ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്‍റെ രണ്ടാം ദിനം ക്രീസിലെത്തി അര്‍ധസെഞ്ച്വറിയാണ് റിഷഭ് പന്ത് നേടിയെടുത്തത്. ഷാർദൂൽ താക്കൂർ പുറത്തായ ശേഷം വീണ്ടും ഗ്രൗണ്ടിലെത്തുകയായിരുന്നു. പന്തിന്റെ രണ്ടാം വരവിനെ വലിയ കയ്യടികളോടെയാണ് മാഞ്ചസ്റ്ററിലെ കാണികൾ സ്വീകരിച്ചത്.

Content Highlights: IND Vs ENG: David Lloyd Questions Rishabh Pant's Injury Drama

dot image
To advertise here,contact us
dot image