
കുടുംബം, കൂട്ടുക്കാർ, കാമുകി എന്നിവർക്ക് വേണ്ടിയെല്ലാം സമയം ചിലവഴിക്കാൻ സാധിക്കാറുണ്ടെന്ന് തെലുങ്ക് നടൻ വിജയ് ദേവരക്കൊണ്ട. ആളുകളുമായുള്ള ബന്ധമാണ് എല്ലാത്തിനേക്കാൾ മുകളിലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പുതിയ ചിത്രമായ കിംഗ്ഡമിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സിനിമ വികടനോട് സംസാരിക്കുകയായിരുന്നു വിജയ്.
'ബന്ധങ്ങൾ എല്ലാറ്റിനും മുകളിലാണ്. കഴിഞ്ഞ രണ്ട് വർഷമായി ഞാൻ വളർന്നുവരികയാണ്. വ്യക്തി ജീവിതം ജീവിക്കാനും ഞാൻ പഠിച്ചു. അതിനുമുമ്പ്, ഞാൻ ഇങ്ങനെയായിരുന്നില്ല. കഴിഞ്ഞ 2-3 വർഷമായി, എന്റെ ജീവിതം എങ്ങനെ പോയി എന്ന് എനിക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ അമ്മ, അച്ഛൻ, എന്റെ കാമുകി, സുഹൃത്തുക്കൾ എന്നിവരുമായി എനിക്ക് വേണ്ടത്ര സമയം ചെലവഴിക്കാൻ പറ്റിയില്ല.
പെട്ടെന്ന് ഒരു ദിവസം എനിക്ക് മനസ്സിലായി. അത്തരമൊരു തോന്നൽ എനിക്ക് ഉണ്ടാകാൻ പാടില്ലെന്ന്. ഇപ്പോൾ എന്റെ ആളുകൾക്കായി സമയം കണ്ടെത്താനുള്ള ശ്രമങ്ങൾ ഞാൻ നടത്തുന്നു. എന്റെ സുഹൃത്തുക്കൾക്കായി, എന്റെ അമ്മയ്ക്കും അച്ഛനും വേണ്ടി, എന്റെ കാമുകിക്ക് വേണ്ടിയും ഞാൻ സമയം കണ്ടെത്തുന്നു,' വിജയ് ദേവരക്കൊണ്ട പറഞ്ഞു.
അതേസമയം വിജയ് ദേവക്കൊണ്ട നായകനായ കിംഗ്ഡം എന്ന ചിത്രം ജുലൈ 31നാണ് തിയേറ്ററുകളിലെത്തുക. വമ്പൻ ബഡ്ജറ്റിലൊരുങ്ങുന്ന ചിത്രത്തിന് ഒരുപാട് ഹൈപ്പുണ്ട്. ഗൗതം തിന്നാനുരി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഭാഗ്യശ്രീ ബോസാണ് നായികാവേഷത്തിലെത്തുന്നത്. അനിരുദ്ധ് മ്യൂസിക്ക് കൈകാര്യം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം നിർമിക്കുന്നത് സിത്താര എൻടെർടെയ്ൻമെന്റ്‌സാണ്. ഗിരീഷ് ഗംഗാധരനും ജോമോൻ ടി ജോണുമാണ് ക്യമറ ചലിപ്പിക്കുന്നത്.
Content Highlights- Vijay Deverakonda reveals he wants to spend time with family