
ഇസ്രയേല്‍ പ്രതിരോധ സേന, സൈനികര്‍ക്കായി പുതിയ നിര്‍ദേശം മുന്നോട്ടുവച്ചിരിക്കുകയാണ്. ഇന്റലിജന്‍സ് വിഭാഗത്തിലെ എല്ലാ സൈനികരും ഉദ്യോഗസ്ഥരും ഇസ്ലാമിക് സ്റ്റഡീസും അറബിയും പഠിച്ചിരിക്കണമെന്ന കര്‍ശന നിര്‍ദേശമാണ് പുറത്തുവന്നിരിക്കുന്നത്. 2023 ഒക്ടോബറില്‍ നടന്നൊരു ഇന്റലിജന്‍സ് വീഴ്ചയെ തുടര്‍ന്നാണ് ഇത്തരമൊരു നടപടിയെന്നാണ് ജറുസലേം പോസ്റ്റില്‍ പറയുന്നത്.
ഇന്റലിജന്‍സ് വിഭാഗത്തിന്റെ ശക്തി കൂടുതല്‍ ദൃഢമാക്കുക, കാര്യങ്ങള്‍ വിശകലനം ചെയ്യാനുള്ള കഴിവ് വര്‍ധിപ്പിക്കുന്ന എന്ന ലക്ഷ്യമാണ് ഇതിന് പിന്നില്‍.
അടുത്ത വര്‍ഷം അവസാനത്തോടെ ഇസ്രയല്‍ മിലിറ്ററി ഇന്റലിജന്‍സ് ഡയറക്ടറേറ്റിലെ നൂറു ശതമാനം ഉദ്യോഗസ്ഥരും ഇസ്ലാമിക് സ്റ്റഡീസില്‍ പരിശീലനം നല്‍കും. ഇതില്‍ അമ്പത് ശതമാനം പേര്‍ക്ക് അറബി ഭാഷ പഠിക്കുകയും വേണമെന്നാണ് തീരുമാനം. ഇസ്രയേലിന്റെ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ് (AMAN) മേധാവി മേജര്‍ ജനറല്‍ ഷ്‌ളോമി ബിന്ദറാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഹൂതികള്‍ തമ്മിലുള്ള ആശയവിനിമയം മനസിലാക്കാന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ബുദ്ധിമുട്ട് നേരിടുന്ന സാഹചര്യങ്ങള്‍ ഉള്ളതിനാല്‍ ഹൂതി, ഇറാഖി ഉപഭാഷകള്‍ പഠിക്കാനുള്ള പ്രത്യേക പരിശീലനവും ഉദ്യോഗസ്ഥര്‍ക്ക് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. യെമനിലും മറ്റ് അറബിക്ക് രാജ്യങ്ങളിലും ആളുകള്‍ക്ക് ഖാട്ട് എന്ന ഒരുതരം നര്‍ക്കോട്ടിക്കായ ചെടിയുടെ ഇലകള്‍ ചവയ്ക്കുന്ന ശീലമുള്ളതിനാല്‍ അവരുടെ സംസാരം വ്യക്തമായി മനസിലാക്കാന്‍ കഴിയാത്ത സാഹചര്യം നിലവിലുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
നിലവില്‍ ഇസ്ലാം മതത്തെ കുറിച്ചും ഭാഷ സംസ്‌കാരം എന്നിവയിലും ഉദ്യോഗസ്ഥര്‍ക്ക് ഒരു പരിധിവരെ അറിവുണ്ടെങ്കിലും അത് കൂടുതല്‍ മികച്ചതാക്കാനാണ് ഇത്തരത്തില്‍ പരിശീലനം നല്‍കുന്നതെന്ന് ഇന്റലിജന്‍സ് വിഭാഗത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. ഇതിന്റെ ചുമതലയ്ക്കായി പുതിയൊരു വിഭാഗത്തെ തന്നെ സജ്ജമാക്കിയിട്ടുണ്ട്. മുമ്പ് ഇസ്രയേലിലെ സ്‌കൂളുകളില്‍ അറബിക്കും മിഡില്‍ ഈസ്റ്റേണ്‍ സ്റ്റഡീസും പഠിപ്പിക്കുന്ന വിഭാഗമുണ്ടായിരുന്നു. പിന്നീട് ബജറ്റ് നിയന്ത്രണം വന്നതോടെ ഇത് അവസാനിച്ചു. ഇതിന്റെ ഫലമായി രാജ്യത്ത് അറബി പഠിക്കുന്ന ആളുകളും കുറഞ്ഞു.
Content: Israel has made mandatory for military to study Islamic Studies and Arabic