
യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മലയാളിയായ നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നതിനിടയില്‍ വിദേശ രാജ്യങ്ങളില്‍ ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാരുടെ വിവരങ്ങള്‍ ലോക്‌സഭയില്‍ അറിയിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഞെട്ടിക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 10, 500ലധികം ഇന്ത്യന്‍ തടവുകാരാണ് വിദേശ രാജ്യങ്ങളിലെ ജയിലുകളിലുള്ളത്. ഇതില്‍ നാല്‍പ്പത്തിമൂന്ന് പേര്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണെന്ന് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് പാര്‍ലമെന്റില്‍ അറിയിച്ചു.
യുഎഇയിലോണ് ഏറ്റവും കൂടുതല്‍ ഇന്ത്യന്‍ തടവുകാരുള്ളത്. 2773 പേരാണ് അവിടെ ജയിലഴിക്കുള്ളിലുള്ളത്. സൗദി അറേബിയയില്‍ തടവില്‍ കഴിയുന്നത് 2379 പേരാണ്. നേപ്പാളില്‍ 1357, ഖത്തറില്‍ 795, മലോഷ്യയില്‍ 380, കുവൈറ്റില്‍ 342, യുകെയില്‍ 323, ബഹ്‌റെയിനില്‍ 261, പാകിസ്താനില്‍ 246, ചൈനയില്‍ 183 എന്നിങ്ങനെയാണ് കണക്കുകള്‍ പറയുന്നത്. അതേസമയം അംഗോള, ബെല്‍ജിയം, കാനഡ, ചിലി, ഈജിപ്ത്, ഇറാഖ്, ജമൈക്ക, മൗറീഷ്യസ്, സെനെഗൽ, സൗത്ത് ആഫ്രിക്ക, സുഡാന്‍, താജികിസ്താന്‍, യമന്‍ തുടങ്ങിയ രാജ്യങ്ങളില്‍ ഒരാള്‍ വീതമാണ് തടവില്‍ കഴിയുന്നത്.
ഈ പട്ടികയില്‍പ്പെടുന്ന 21 പേരാണ് യുഎയില്‍ വധശിക്ഷ കാത്തുകിടക്കുന്നത്. സൗദിയില്‍ 7, ചൈനയില്‍ 4, ഇന്തോനേഷ്യയില്‍ മൂന്ന്, കുവൈറ്റില്‍ രണ്ട് എന്നിങ്ങനെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കണക്ക്. അതേസമയം യുഎസ്എ, മലേഷ്യ, ഒമാന്‍, പാകിസ്താന്‍, ഖത്തര്‍, യെമന്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ വീതം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ പലരാജ്യങ്ങളിലും പ്രൈവസി നിയമങ്ങള്‍ കര്‍ശനമായതിനാല്‍ പലരുടെയും വിവരങ്ങള്‍ ലഭിക്കാത്ത സാഹചര്യമുണ്ട്. തടവുകാരുടെ സമ്മതമുണ്ടെങ്കില്‍ മാത്രമാണ് ഈ രാജ്യങ്ങളില്‍ തടവില്‍ കഴിയുന്നവരുടെ വിവരങ്ങള്‍ ലഭിക്കുകയുള്ളു. ഇന്ത്യന്‍ കോന്‍സുലേറ്റും മറ്റ് വിഭാഗങ്ങളും ഇത്തരം സന്ദര്‍ഭങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തുന്നുണ്ടെന്നും മതിയായ പിന്തുണ ഉറപ്പാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് മന്ത്രി ലോക്‌സഭയെ അറിയിച്ചത്.
നിയമപരമായ സഹായം, വിദേശത്ത് നിന്നും നാട്ടിലേക്ക് മടങ്ങി എത്താനുള്ള സഹായങ്ങള്‍, ജയിലില്‍ നിന്നും പുറത്തിറങ്ങാനുള്ള പിന്തുണ എന്നിവ ഉറപ്പാക്കുന്നുണ്ട്. ഉഭയകക്ഷി ചര്‍ച്ചകള്‍, ജൂഡീഷ്യല്‍ ഇടപെടല്‍, പൊതുമാപ്പിന് അപേക്ഷ നല്‍കുക തുടങ്ങിയ ശ്രമങ്ങളും നടക്കാറുണ്ട്. നിരപരാധികളാണെന്ന് വ്യക്തമായ കേസുകളില്‍ ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫയര്‍ ഫണ്ടിലൂടെയുള്ള സഹായങ്ങള്‍, സാമ്പത്തികമായും നിയമപരമായും ഉറപ്പിക്കാനും കഴിയുന്നുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ശ്രീലങ്കന്‍ സര്‍ക്കാരുമായി നിരന്തരം ചര്‍ച്ചകള്‍ നടത്തി 28 മത്സ്യത്തൊഴിലാളികളുടെ മോചനം ഉറപ്പാക്കിയിട്ടുണ്ട്. ഇതില്‍ 27 പേര്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരും ഒരാള്‍ പുതുച്ചേരിയില്‍ നിന്നുമുള്ള മത്സ്യത്തൊഴിലാളിയുമാണ്.
Content Highlights: Over 10,500 Indians jailed abroad