ഈ സാലാ കപ്പ് നംദേ! കര്‍ണാടക മുഴുവന്‍ ഒപ്പമുണ്ട്; ആര്‍സിബിക്ക് ആശംസകളുമായി ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍

എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആര്‍സിബിക്ക് ആശംസകള്‍ അറിയിച്ചത്

dot image

ഐപിഎല്‍ 2025 ഫൈനലില്‍ കന്നിക്കിരീടത്തിനിറങ്ങുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് ആശംസകള്‍ നേര്‍ന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. ചൊവ്വാഴ്ച നടക്കുന്ന കലാശപ്പോരാട്ടത്തില്‍ പഞ്ചാബ് കിംഗ്‌സിനെതിരെ ഇറങ്ങുകയാണ് രജത് പാട്ടിദാര്‍ നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു. വാശിയേറിയ പോരാട്ടത്തിന് മുന്നോടിയായി എക്‌സില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ ആര്‍സിബിക്ക് ആശംസകള്‍ അറിയിച്ചത്.

'ഈ സാലാ കപ്പ് നംദേ! 18 വര്‍ഷത്തെ കാത്തിരിപ്പാണ് ഈ ദിവസം. എല്ലാ പ്രാര്‍ത്ഥനയും ആഹ്‌ളാദവും ഹൃദയഭേദക നിമിഷങ്ങളും ഇന്നത്തെ ദിവസത്തിലേക്കാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്. ഇത് നമ്മുടെ നിമിഷമാണ്. നമുക്കുള്ള കിരീടമാണത്. എല്ലാ ആശംസകളും നേരുന്നു. മുഴുവന്‍ കര്‍ണാടകയും നിങ്ങളുടെ കൂടെയുണ്ട്', ശിവകുമാര്‍ എക്‌സില്‍ കുറിച്ചു.

'എനിക്ക് വളരെ സന്തോഷമുണ്ട്. അഹമ്മദാബാദില്‍ ബെംഗളൂരു ബോയ്സായ ആര്‍സിബിയായിരിക്കും വിജയിക്കുക. വളരെക്കാലത്തിനുശേഷം ആര്‍സിബി ഫൈനലിലെത്തിയിരിക്കുകയാണ്. കര്‍ണാടക സര്‍ക്കാരും കര്‍ണാടകയിലെ ജനങ്ങളും അവരുടെ വിജയത്തിനായി കാത്തിരിക്കുകയാണ്. കര്‍ണാടകയില്‍ നിന്ന് ധാരാളം ആളുകള്‍ അഹമ്മദാബാദില്‍ നടക്കുന്ന മത്സരം കാണാന്‍ പോകുന്നു. അവര്‍ വിജയിച്ച് തിരിച്ചുവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം, പ്രാര്‍ത്ഥിക്കാം,' ഡി കെ ശിവകുമാർ വീഡിയോയില്‍ പറഞ്ഞു.

അഹമ്മദാബാദിലെ നരേന്ദ്ര മോദി ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് പഞ്ചാബ്- ബെംഗളൂരു ഫൈനല്‍ പോരാട്ടം. ഇരുടീമുകള്‍ക്കും ആദ്യ ഐപിഎല്‍ കിരീടമാണ് ലക്ഷ്യം. മൂന്ന് തവണ ഐപിഎല്‍ ഫൈനല്‍ കളിച്ചിട്ടുണ്ടെങ്കിലും വിരാട് കോഹ്‌ലി അടങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് ഇതുവരെ ഐപിഎല്‍ കിരീടം നേടാന്‍ സാധിച്ചിട്ടില്ല. 2014ല്‍ കളിച്ച ഏക ഐപിഎല്‍ ഫൈനലില്‍ പഞ്ചാബ് കിങ്‌സും പരാജയപ്പെട്ടു.

Content Highlights: DK Shivakumar Backs RCB Ahead Of IPL Final Against PBKS

dot image
To advertise here,contact us
dot image