വീണ്ടും ക്യാപ്റ്റന്‍ വൈഭവ്; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാര്‍ നായകന്‍

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങളിലാണ് വൈഭവ് ടീമിനെ നയിക്കുക

വീണ്ടും ക്യാപ്റ്റന്‍ വൈഭവ്; സയിദ് മുഷ്താഖ് അലി ട്രോഫിയില്‍ ബിഹാര്‍ നായകന്‍
dot image

സയിദ് മുഷ്താഖ് അലി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ബിഹാര്‍ സീനിയര്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി വൈഭവ് സൂര്യവംശിയെ നിയമിച്ചു. നവംബര്‍ 14 മുതല്‍ ആരംഭിക്കുന്ന മത്സരങ്ങള്‍ക്കായി 17 അംഗ സ്‌ക്വാഡിനെ ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. ആദ്യ മത്സരത്തില്‍ സൗരാഷ്ട്രയാണ് ബിഹാറിന്റെ എതിരാളികള്‍. നവംബര്‍ 16-ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ ടീം റെയില്‍വേസിനെ നേരിടും. ഇന്ത്യന്‍ ടി20 ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ കഠിനശ്രമം നടത്തുന്ന 15-കാരനായ സൂര്യവംശിക്ക് സംസ്ഥാന ടീമിനെ നയിക്കാനുള്ള ഈ അവസരം നിര്‍ണ്ണായകമാണ്.

വെള്ളിയാഴ്ച 17 അംഗ സ്‌ക്വാഡ് പ്രഖ്യാപിച്ച ബിസിഎ, സൂരജ് കശ്യപിനെ ടീമിന്റെ വൈസ് ക്യാപ്റ്റനായും ചുമതലപ്പെടുത്തി. ഈ ക്യാപ്റ്റന്‍സി ചുമതല ഒരു കളിക്കാരന്‍ എന്ന നിലയില്‍ സൂര്യവംശിയുടെ വളര്‍ച്ചയെ സഹായിക്കുമെന്ന് ബിസിഎ പ്രസിഡന്റ് ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു. 'വളരെ ചെറിയ പ്രായത്തില്‍ തന്നെ വൈഭവ് തന്റെ അസാധാരണമായ പ്രതിഭയും ആത്മവിശ്വാസവും പക്വതയും തെളിയിച്ചതാണ്. ഈ ഉത്തരവാദിത്തം ഒരു ക്രിക്കറ്റര്‍ എന്ന നിലയിലും ക്യാപ്റ്റന്‍ എന്ന നിലയിലും വളരാന്‍ അവന് മറ്റൊരു അവസരം കൂടി നല്‍കും' -അദ്ദേഹം പറഞ്ഞു. 'വരാനിരിക്കുന്ന സീസണില്‍ വൈഭവിന്റെ നേതൃത്വത്തിന് കീഴില്‍, സംസ്ഥാനത്തെ പ്രതിനിധീകരിക്കുമ്പോള്‍ ടീം അച്ചടക്കമുള്ളതും മത്സരബുദ്ധിയുള്ളതുമായ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു' -ഹര്‍ഷ് വര്‍ദ്ധന്‍ പറഞ്ഞു.

സൂര്യവംശിയുടെ സമീപകാലത്തെ മികച്ച പ്രകടനങ്ങളുടെ തുടര്‍ച്ചയായാണ് ഈ ക്യാപ്റ്റന്‍സി തേടിയെത്തുന്നത്. 2026-ലെ അണ്ടര്‍-19 പുരുഷ ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ 175 റണ്‍സ് നേടുകയും പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റാവുകയും ചെയ്തുകൊണ്ട് ഇന്ത്യയ്ക്ക് കിരീടം നേടിത്തന്നതിന് ശേഷം, ഈ ലെഫ്റ്റ് ഹാന്‍ഡ് ബാറ്റര്‍ ഐപിഎല്‍ 2026-ല്‍ രാജസ്ഥാന്‍ റോയല്‍സിനായി 237.30 സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സ് അടിച്ച് സീസണിലെ ടോപ് സ്‌കോററായിരുന്നു. ഈ തകര്‍പ്പന്‍ പ്രകടനങ്ങളാണ് താരത്തിന് ഇന്ത്യന്‍ ടി20 ടീമിലേക്ക് വഴിതുറന്നത്. ജൂലൈയില്‍ മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരായ രണ്ടാം മത്സരത്തില്‍ അരങ്ങേറ്റം കുറിച്ചതോടെ ഇന്ത്യക്കായി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ അന്താരാഷ്ട്ര ക്രിക്കറ്ററായി താരം മാറി. ന്യൂസിലാന്‍ഡിനെതിരായ സമീപകാലത്തെ മൂന്നാം ടി20യില്‍, സൂര്യവംശിയും അഭിഷേക് ശര്‍മ്മയും ചേര്‍ന്ന് ആദ്യ ആറ് ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ 118 റണ്‍സ് നേടിയിരുന്നു. പുരുഷ ടി20 അന്താരാഷ്ട്ര മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന പവര്‍പ്ലേ ടോട്ടലാണിത്.

നവംബര്‍ 4 മുതല്‍ 6 വരെ നടന്ന ട്രയലുകള്‍ക്കും മുന്‍കാല പ്രകടനങ്ങളുടെ അവലോകനത്തിനും ശേഷം വെള്ളിയാഴ്ച ചേര്‍ന്ന ബിസിഎ സീനിയര്‍ പുരുഷ സെലക്ഷന്‍ കമ്മിറ്റി യോഗത്തിലാണ് ബിഹാര്‍ സ്‌ക്വാഡിന് അന്തിമരൂപം നല്‍കിയത്. മംഗള്‍ മഹൂര്‍, പേസര്‍ ഷാക്കിബ് ഹുസൈന്‍ എന്നിവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും കായികക്ഷമതയ്ക്ക് വിധേയമായിരിക്കും. ആദ്യ രണ്ട് മത്സരങ്ങള്‍ക്ക് ശേഷം സെലക്ടര്‍മാര്‍ ഇവരുടെ ഫിറ്റ്നസ് വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ന്നുള്ള മത്സരങ്ങളില്‍ ഇവരെ പരിഗണിക്കുക. കൂടാതെ 16 സ്റ്റാന്‍ഡ്ബൈ കളിക്കാരെയും ബിസിഎ പ്രഖ്യാപിച്ചിട്ടുണ്ട്.

സംസ്ഥാന രഞ്ജി ട്രോഫി ടീമിന്റെ സപ്പോര്‍ട്ട് സ്റ്റാഫ് ടൂര്‍ണമെന്റിലുടനീളം ടീമിനൊപ്പം തുടരും. ഹര്‍വീന്ദറും വിജയവര്‍ഗിയയും മത്സരങ്ങള്‍ കാണുന്നതിനായി ഇന്‍ഡോറിലേക്ക് തിരിക്കും.

ബീഹാര്‍ സ്‌ക്വാഡ്
വൈഭവ് സൂര്യവംശി (ക്യാപ്റ്റന്‍), സൂരജ് കശ്യപ് (വൈസ് ക്യാപ്റ്റന്‍), അലോക് കുമാര്‍, ആയുഷ് ലോഹാറുക (വിക്കറ്റ് കീപ്പര്‍), അല്‍തമാഷ് അഷ്റഫ്, പരം കുമാര്‍ സിംഗ്, അന്‍മോല്‍ കുമാര്‍ (വിക്കറ്റ് കീപ്പര്‍), ഋത്വിക് രാജ്, മയങ്ക് കുമാര്‍, രാഘവേന്ദ്ര പ്രതാപ്, ആശിഷ് കുമാര്‍, വാസുദേവ് പ്രതാപ് സിംഗ്, മുഹമ്മദ് ഇസ്രാര്‍, ആമോദ് യാദവ്, പ്രശാന്ത് സിംഗ്, നവാസ് ഖാന്‍, ഹിമാന്‍ഷു സിംഗ്.

ഫിറ്റ്നസിന് വിധേയമായി ഉള്‍പ്പെടുത്തിയവര്‍
മംഗള്‍ മഹൂര്‍, ഷാക്കിബ് ഹുസൈന്‍.

സ്റ്റാന്‍ഡ്ബൈ താരങ്ങള്‍
ബിപിന്‍ സൗരഭ്, സുമന്‍ കുമാര്‍, ആകാശ് രാജ്, ഖാലിദ് ആലം, ഭാസ്‌കര്‍ ദുബെ, കുമാര്‍ രജനീഷ്, സുയാഷ്, അഭിജിത് സാകേത്, യശസ്വി ഋഷഭ്, ലഖന്‍ രാജ, പവന്‍ കുമാര്‍, അമിത് ചൗധരി, പിയൂഷ് സിംഗ്, ഭാനു കുമാര്‍, ലോകേഷ് ബാബുലാല്‍ കുമാര്‍, പ്രശാന്ത് ശ്രീവാസ്തവ.

content highlights: vaibhav Sooryavanshi named Bihar captain for the Syed Mushtaq Ali Trophy

dot image
To advertise here,contact us
dot image