തൃശൂരില്‍ ജനിച്ച് ആറാം വയസില്‍ അമേരിക്കയിലെത്തി; മലയാളത്തിന് പുറമേ തമിഴും വഴങ്ങും, ചരിത്രമെഴുതി നിത്യ രാമൻ

നിത്യ രാമന്‍ അഞ്ച് വര്‍ഷം മുമ്പാണ് അവസാനമായി തിരുവനന്തപുരത്ത് എത്തിയത്

തൃശൂരില്‍ ജനിച്ച് ആറാം വയസില്‍ അമേരിക്കയിലെത്തി; മലയാളത്തിന് പുറമേ തമിഴും വഴങ്ങും, ചരിത്രമെഴുതി നിത്യ രാമൻ
ആന്‍സ് ജോയ്‌
1 min read|06 Nov 2026, 02:39 pm
dot image

അമേരിക്കയിലെ തെരഞ്ഞെടുപ്പില്‍ അട്ടിമറി വിജയം കുറിച്ച് ലോസ് ആഞ്ചലസ് മേയറായി സ്ഥാനമേറ്റെടുത്തിരിക്കുകയാണ് മലയാളിയായ നിത്യ രാമന്‍. ഇതോടെ കാലിഫോര്‍ണിയയിലെ പ്രധാന നഗരമായ ലോസ് ആഞ്ചലസിനെ നയിക്കുന്ന ആദ്യ ഇന്ത്യന്‍-അമേരിക്കന്‍ വനിതയും ആദ്യ ദക്ഷിണേഷ്യന്‍ വംശജയുമായി നിത്യ രാമന്‍ മാറി.

നിത്യയുടെ ഇന്ത്യയുമായുള്ള ബന്ധം കുടുംബവേരുകളില്‍ മാത്രം ഒതുങ്ങുന്നതല്ല. തൃശൂരില്‍ ജനിച്ച് തിരുവനന്തപുരത്ത് വളര്‍ന്ന നിത്യ ആറാം വയസിലാണ് കുടുംബത്തോടൊപ്പം അമേരിക്കയിലേക്ക് ചേക്കേറിയത്. അവധിക്കാലത്ത് കേരളത്തിലേക്ക് പറന്നെത്തുന്ന നിത്യ രാമന്‍ അഞ്ച് വര്‍ഷം മുമ്പാണ് അവസാനമായി തിരുവനന്തപുരത്ത് എത്തിയത്. പിതാവ് വെങ്കിട്ടരാമന്‍ കെല്‍ട്രോണിലും മാതാവ് സുധ കേച്ചേരി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും ജോലി ചെയ്തിരുന്നതായാണ് വിവരം.

ആറാം വയസ്സില്‍ മാതാപിതാക്കള്‍ക്കൊപ്പം അമേരിക്കയിലേക്ക് കുടിയേറിയ നിത്യ, 22-ാം വയസ്സില്‍ അമേരിക്കന്‍ പൗരത്വം സ്വന്തമാക്കി. ലോകപ്രശസ്തമായ ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സോഷ്യല്‍ സ്റ്റഡീസില്‍ ബിരുദവും, മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് അര്‍ബന്‍ പ്ലാനിങില്‍ ബിരുദാനന്തര ബിരുദവും നേടി. ഹോളിവുഡിലെ ഹിറ്റ് പരമ്പരകളായ മോഡേണ്‍ ഫാമിലി, 30 റോക്ക് എന്നിവയുടെ പ്രശസ്ത തിരക്കഥാകൃത്തും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുമായ വാലി ചന്ദ്രശേഖരനാണ് ഭര്‍ത്താവ്. ഹാര്‍വാര്‍ഡിലെ പഠനകാലത്ത് തുടങ്ങിയ സൗഹൃദമാണ് വിവാഹത്തിലെത്തിയത്. കര്‍ണന്‍, കാവേരി എന്നീ ഇരട്ടക്കുട്ടികള്‍ക്കൊപ്പം ലൊസാഞ്ചലസിലെ സില്‍വര്‍ ലേക്കിലാണ് ഇവർ താമസിക്കുന്നത്.

Nithya raman and family
നിത്യ രാമനും കുടുംബവും

2003-ല്‍ ഹാര്‍വഡ് സര്‍വകലാശാലയിലെ പഠനത്തിനുശേഷം നിത്യ രാമന്‍ ഡല്‍ഹിയിലെത്തിയിരുന്നു. ചേരിനിവാസികളുടെ അവകാശങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന സംഘടനകളുമായി ചേര്‍ന്നായിരുന്നു തുടര്‍ന്നുള്ള പ്രവര്‍ത്തനം. കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി കുടിയൊഴിപ്പിക്കല്‍ ഭീഷണി നേരിട്ട ഡല്‍ഹിയിലെ അനൗദ്യോഗിക പാര്‍പ്പിട മേഖലകളിലെ താമസക്കാര്‍ക്കുവേണ്ടിയും അവര്‍ പ്രവര്‍ത്തിച്ചു.

പിന്നീട് ദക്ഷിണേന്ത്യയിലേക്ക് എത്തിയ നിത്യ രാമന്‍ 2010-ല്‍ 'ട്രാന്‍സ്പരന്റ് ചെന്നൈ' എന്ന സംരംഭത്തിന് തുടക്കമിട്ടു. താഴ്ന്ന വരുമാനക്കാരായ ജനവിഭാഗങ്ങള്‍ നേരിടുന്ന നഗര സൗകര്യ പ്രശ്‌നങ്ങള്‍ വിവരശേഖരണത്തിലൂടെയും മാപ്പിങ്ങിലൂടെയും രേഖപ്പെടുത്തുകയായിരുന്നു പദ്ധതിയുടെ ലക്ഷ്യം. പൊതുശൗചാലയങ്ങള്‍, ബസ് റൂട്ടുകള്‍, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത തുടങ്ങിയ വിഷയങ്ങളിലായിരുന്നു പ്രധാനമായും പ്രവര്‍ത്തിച്ചത്.

2013-ല്‍ മസാച്യുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് നഗരാസൂത്രണത്തില്‍ ബിരുദാനന്തര ബിരുദം നേടിയ നിത്യ രാമന്‍ അതേ വര്‍ഷം ലോസ് ആഞ്ചലസിലേക്ക് താമസം മാറി. നഗരത്തിലെ ഭവനരഹിതരുടെ പ്രശ്‌നങ്ങളില്‍ സജീവമായി ഇടപെട്ട അവര്‍ 'സെലാ നെയ്ബര്‍ഹുഡ് ഹോംലെസ് കോലിഷന്‍' എന്ന സംഘടനയുടെ സഹസ്ഥാപകയായി.

താങ്ങാനാവുന്ന ചെലവില്‍ ഭവനസൗകര്യങ്ങള്‍ ക്രമീകരിക്കുക, ഭവനരഹിതരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, നഗരത്തിലെ പൊതുസേവനങ്ങളുടെ കാര്യക്ഷമമായ വിതരണം എന്നിവയായിരുന്നു മേയര്‍ തെരഞ്ഞെടുപ്പിലെ നിത്യ രാമന്റെ പ്രധാന പ്രചാരണ വാഗ്ദാനങ്ങള്‍. ഇതുവരെ മേയറായി പ്രവര്‍ത്തിച്ചു വന്ന കാരന്‍ ബാസിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമന്‍ ഈ ചരിത്രനേട്ടം സ്വന്തമാക്കിയത്. ഡെമോക്രാറ്റിക് സോഷ്യലിസ്റ്റ്‌സ് ഓഫ് അമേരിക്കയുടെ പിന്തുണയോടെ മത്സരിച്ച നിത്യ രാമന് എണ്ണിക്കഴിഞ്ഞ വോട്ടുകളില്‍ 52.70 ശതമാനം ലഭിച്ചപ്പോള്‍ കാരന്‍ ബാസിന് 47.30 ശതമാനം വോട്ടുകളാണ് ലഭിച്ചത്.

Nithya raman in election
നിത്യ രാമൻ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ

ഈ തിരഞ്ഞെടുപ്പില്‍ നിത്യയുടെ വിജയത്തില്‍ നിര്‍ണായകമായി മാറിയത് 2025-ല്‍ ലോസ് ആഞ്ചലസ് മേഖലയിലുണ്ടായ കാട്ടുതീയാണ്. നിരവധി പേരുടെ മരണത്തിനും ജനവാസ മേഖലകളില്‍ വ്യാപക നാശനഷ്ടങ്ങള്‍ക്കും തീപിടിത്തം കാരണമായിരുന്നു. അന്നത്തെ മേയറായ കാരന്‍ ബാസ് അടിയന്തര സാഹചര്യത്തില്‍ നഗരത്തില്‍ നിന്ന് വിട്ടുനിന്നതും ദുരന്തത്തെ നേരിടുന്നതില്‍ ഭരണകൂടം സ്വീകരിച്ച നടപടികളും വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

തുടക്കത്തില്‍ വിജയ സാധ്യത കുറവായിരുന്ന നിത്യ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലൂടെ യുവാക്കള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ഈ വര്‍ഷം ആദ്യം നടന്ന പ്രാഥമിക തെരഞ്ഞെടുപ്പില്‍ റിയാലിറ്റി ഷോ താരമായ സ്‌പെന്‍സര്‍ പ്രാറ്റിനെ പരാജയപ്പെടുത്തിയാണ് നിത്യ രാമന്‍ മുന്നേറ്റം നടത്തിയത്. 2027-ലെ സൂപ്പര്‍ ബൗളിനും 2028-ലെ സമ്മര്‍ ഒളിമ്പിക്‌സിനും ആതിഥേയത്വം വഹിക്കാനുള്ള ചുമതലയും ഇനി ലോസ് ആഞ്ചലസിന്റെ പുതിയ മേയറിനായിരിക്കും.

Content Highlights: Kerala-born Nithya Raman makes history by becoming the first Indian-American and South Asian mayor of Los Angeles, marking a proud moment for the Indian diaspora

dot image
To advertise here,contact us
dot image