കബളിപ്പിക്കുകയാണോ? '20 ശതമാനമല്ല, ഇന്ധനത്തിൽ ഉള്ളത് 30 ശതമാനം എഥനോൾ'; അവകാശവാദവുമായി കർണാടക മന്ത്രി

പ്രധാനപ്പെട്ട കമ്പനികളുടെ സാമ്പിളുകളിൽ അളവിലധികം എഥനോൾ ഉള്ളതായും റിസ്വാൻ അർഷാദ് പറഞ്ഞു

കബളിപ്പിക്കുകയാണോ? '20 ശതമാനമല്ല, ഇന്ധനത്തിൽ ഉള്ളത് 30 ശതമാനം എഥനോൾ'; അവകാശവാദവുമായി കർണാടക മന്ത്രി
dot image

E20 പെട്രോളിൽ യഥാർത്ഥത്തിൽ 20 ശതമാനത്തിൽ അധികം എഥനോൾ ഉണ്ടെന്ന് കർണാടക ഭക്ഷ്യവകുപ്പ് മന്ത്രി റിസ്വാൻ അർഷാദ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷനിലെ e20 പെട്രോൾ സാമ്പിൾ പരിശോധിച്ചപ്പോൾ 31.2 ശതമാനം എഥനോൾ ഉള്ളതായി കണ്ടെത്തിയെന്നും റിസ്വാൻ അർഷാദ് അവകാശപ്പെട്ടു. കമ്പനിയിൽ നിന്ന് പിഴ ഈടാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.

ബെംഗളുരുവിൽ പത്രസമ്മേളനം വിളിച്ചാണ് റിസ്വാൻ അർഷാദ് ഇക്കാര്യം വെളിപ്പെടുത്തിയത്. സംസ്ഥാനത്താകെ നിന്നും 63 സാമ്പിളുകൾ ശേഖരിച്ചുവെന്നും പ്രധാനപ്പെട്ട കമ്പനികളുടെ സാമ്പിളുകളിൽ അളവിലധികം എഥനോൾ ഉള്ളതായും റിസ്വാൻ അർഷാദ് പറഞ്ഞു. ഇന്ത്യൻ ഓയിൽ സാമ്പിളിൽ 31.2 ശതമാനം, ഹിന്ദുസ്ഥാൻ പെട്രോളിയത്തിന്റെ സാമ്പിളിൽ 30.5 ശതമാനം, ഭാരത് പെട്രോളിയത്തിൽ 26.5 ശതമാനം, സ്വകാര്യ കമ്പനികളായ നയാര, ഷെൽ എന്നിവയിൽ യഥാക്രമം 26.1 ശതമാനം, 25.5 ശതമാനം എന്നിങ്ങനെയായിരുന്നു എഥനോളിന്റെ അളവ് എന്നും മന്ത്രി പറഞ്ഞു.

ഐ‌ഒ‌സി‌എല്ലിന്റെയും ബി‌പി‌സി‌എല്ലിന്റെയും ഇൻ-ഹൗസ് ലാബുകളിലേക്കാണ് സാമ്പിളുകൾ ആദ്യം അയച്ചതെന്ന് അർഷാദ് പറഞ്ഞു. എന്നാൽ എഥനോളിനെക്കുറിച്ചുള്ള വിവരങ്ങൾ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ല. പിന്നാലെ നാഷണൽ അക്രെഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിങ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസും ഐഎസ്ഒയും അംഗീകരിച്ച ലാബുകളിൽ പരിശോധനയ്ക്കയച്ചു. ഈ പരിശോധനയിലാണ് 20 ശതമാനത്തിന് മുകളിൽ എഥനോൾ മിശ്രിതം കണ്ടെത്തിയത്.

20 ശതമാനത്തിന് മുകളിലുള്ള മിശ്രിതത്തിൽ ഓടാൻ കഴിയുന്ന വാഹനങ്ങളാണോ ഇന്ത്യയിൽ ഉള്ളതെന്നും അർഷാദ് ചോദിച്ചു. ഇന്ത്യയിലെ 35 കോടിയിലധികം വരുന്ന വാഹനങ്ങളിൽ 99 ശതമാനവും 20 ശതമാനത്തിന് മുകളിലുള്ള ബ്ലെൻഡുകൾക്കായി നിർമ്മിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു. 2023ന് ശേഷമാണ് രാജ്യത്ത് E20 വാഹനനാണ് നിർമിക്കാൻ ആരംഭിച്ചത് എങ്കിൽ ഇത് വളരെ ചെറിയൊരു സംഖ്യ മാത്രമാണ്. മിശ്രിതത്തിന്റെ അളവ് 20 ശതമാനത്തിനും കൂടുതലാണെങ്കിൽ വാഹനങ്ങൾക്ക് പ്രശ്നങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

എഥനോൾ പെട്രോൾ മൂലം ഉപഭോക്താക്കൾക്ക് ഒരു വർഷം മൊത്തത്തിൽ 62000 കോടി രൂപയുടെ നഷ്ടമാണ് സംഭവിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. മൈലേജ് 10 ശതമാനം കുറയുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പിന്നാലെ കേന്ദ്രസർക്കാരിന് മുൻപാകെ മന്ത്രി നാല് നിബന്ധനകൾ വെച്ചു. 20 ശതമാനത്തിനും മുകളിൽ എഥനോൾ കലർത്തുന്ന കമ്പനികൾക്ക് പിഴ ചുമത്തുക, E20 ഇന്ധനം മൂലം വാഹനത്തിന് കേടുപാടുകൾ സംഭവിക്കുന്ന വാഹന ഉടമകൾക്ക് നഷ്ടപരിഹാരം നൽകാൻ പ്രത്യേക സംവിധാനം രുപീകരിക്കുക. എല്ലാ പമ്പുകളിലും എഥനോൾ ശതമാനം പ്രസിദ്ധീകരിക്കണമെന്ന് നിർദ്ദേശം നൽകുക, എത്ര ശതമാനം എഥനോൾ ആണ് യഥാർത്ഥത്തിൽ കലർത്തുന്നത് എന്നതിനെ സംബന്ധിച്ച് പൊതുജനങ്ങളെ കേന്ദ്രം ബോധവാന്മാരാക്കുക എന്നിവയാണ് ആവശ്യങ്ങൾ.

Content Highlights:Karnataka Food Minister Rizwan Arshad has claimed that an E20 petrol sample collected from Indian Oil Corporation contained 31.2% ethanol instead of the prescribed 20%. He has called for a penalty against the company over the alleged excess ethanol content.

dot image
To advertise here,contact us
dot image