

ക്രിക്കറ്റ് വെസ്റ്റ് ഇന്‍ഡീസ് 2026-27 സീസണിലേക്കുള്ള തങ്ങളുടെ അന്താരാഷ്ട്ര കരാറുകള്‍ പ്രഖ്യാപിച്ചു. സീനിയര്‍ പുരുഷ-വനിതാ ടീമുകളില്‍ നിന്ന് 15 കളിക്കാര്‍ വീതം കരാറില്‍ ഇടംപിടിച്ചപ്പോള്‍, മൂന്ന് യുവ പുരുഷ താരങ്ങള്‍ക്ക് ഡെവലപ്മെന്റ് കരാറുകള്‍ നല്‍കി.
2026 ഒക്ടോബര്‍ 1 മുതല്‍ 2027 സെപ്റ്റംബര്‍ 30 വരെയാണ് ഈ കരാറുകളുടെ കാലാവധി. ഷായ് ഹോപ്പ്, റോസ്റ്റണ്‍ ചേസ്, ഹെയ്ലി മാത്യൂസ് എന്നിവര്‍ തങ്ങളുടെ ടീമുകളുടെ നായകസ്ഥാനത്ത് തുടരും. ഹോപ്പ് ഏകദിന-ടി20 ടീമുകളുടെ നായകനായും, ചേസ് ടെസ്റ്റ് ടീം ക്യാപ്റ്റനായും, ഹെയ്ലി മാത്യൂസ് സീനിയര്‍ വനിതാ ടീം ക്യാപ്റ്റനായും തുടരും.
മികച്ച പ്രകടനത്തിന്റെ കരുത്തില്‍ 2019-ന് ശേഷം ആദ്യമായി ജോണ്‍ കാംബെല്‍ അന്താരാഷ്ട്ര കരാര്‍ തിരിച്ചുപിടിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഡല്‍ഹിയില്‍ ഇന്ത്യയ്ക്കെതിരെ പുറത്താകാതെ നേടിയ 115 റണ്‍സിലൂടെ താരം തന്റെ കന്നി ടെസ്റ്റ് സെഞ്ചുറി നേടിയിരുന്നു. ഇതിന് പിന്നാലെ ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഏകദിന ടീമിലേക്ക് തിരിച്ചെത്തിയ താരം സെപ്റ്റംബറില്‍ ഗവാഹത്തിയില്‍ ഇന്ത്യയ്ക്കെതിരെ 68 പന്തില്‍ സെഞ്ചുറി നേടി വരവറിയിച്ചു.
മാത്യൂ ഫോര്‍ഡെ, അമീര്‍ ജാംഗു എന്നിവരും തങ്ങളുടെ കന്നി അന്താരാഷ്ട്ര കരാറുകള്‍ സ്വന്തമാക്കി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇരു വൈറ്റ്-ബോള്‍ ഫോര്‍മാറ്റുകളിലുമായി വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച പവര്‍പ്ലേ വിക്കറ്റ് വേട്ടക്കാരനായിരുന്നു ഫോര്‍ഡെ. ടി20യില്‍ 10 വിക്കറ്റും ഏകദിനത്തില്‍ 6 വിക്കറ്റും താരം നേടി. അതേസമയം, ജൂണില്‍ ആന്റിഗ്വയില്‍ ശ്രീലങ്കയ്ക്കെതിരെ കരിയറിലെ മികച്ച സ്‌കോറായ 233 റണ്‍സ് നേടി അമീര്‍ ജാംഗു ടെസ്റ്റ് ക്രിക്കറ്റില്‍ തരംഗമായിരുന്നു. റോസ്റ്റണ്‍ ചേസിനൊപ്പം 401 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ താരം ടെസ്റ്റ് ക്രിക്കറ്റിലെ ആറാം വിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടെന്ന ലോക റെക്കോര്‍ഡും കുറിച്ചു. ബംഗ്ലാദേശിനെതിരെ നടക്കുന്ന രണ്ടാം വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ പുറത്താകാതെ 111 റണ്‍സെടുത്ത് താരം തന്റെ മികച്ച ഫോം തുടരുകയാണ്.
കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ്, ജസ്റ്റിന്‍ ഗ്രീവ്‌സ്, ജോമല്‍ എന്നിവര്‍ രണ്ട് വര്‍ഷത്തെ കരാറില്‍ പ്രവേശിച്ചു. ജ്വവല്‍ ആന്‍ഡ്രൂ, അകീം അഗസ്റ്റ്, വിറ്റെല്‍ ലോസ് എന്നിവര്‍ക്കാണ് ഡെവലപ്മെന്റ് കരാറുകള്‍ ലഭിച്ചത്. മൂന്ന് പേരും വെസ്റ്റ് ഇന്‍ഡീസിനായി അന്താരാഷ്ട്ര തലത്തില്‍ അരങ്ങേറിയിട്ടുണ്ടെങ്കിലും അഗസ്റ്റിനും ലോസിനും ഇത് കന്നി അന്താരാഷ്ട്ര കരാറാണ്.
സീനിയര്‍ വനിതാ ടീമില്‍, 2026 ഐസിസി വനിതാ ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെ സെമിഫൈനലില്‍ എത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മാന്‍ഡി മംഗ്രു കന്നി കരാര്‍ നേടി. ഡിയാന്ദ്ര ഡോട്ടിന്‍, ചിനെല്ലെ ഹെന്റി എന്നിവര്‍ തങ്ങളുടെ രണ്ട് വര്‍ഷത്തെ കരാറിന്റെ അവസാന വര്‍ഷത്തിലേക്ക് പ്രവേശിച്ചു. ഇടക്കാല ഹെഡ് കോച്ച് ആന്‍ഡ്രെ കോളിയുടെ കീഴില്‍ ഡിസംബറില്‍ പാകിസ്താനെതിരെ നടക്കാനിരിക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കായുള്ള തയ്യാറെടുപ്പിലാണ് വെസ്റ്റ് ഇന്‍ഡീസ് വനിതാ ടീം. അടുത്ത ഐസിസി വനിതാ ഏകദിന ലോകകപ്പിലേക്ക് നേരിട്ട് യോഗ്യത നേടാന്‍ വെസ്റ്റ് ഇന്‍ഡീസിന് ഈ പരമ്പര നിര്‍ണ്ണായകമാണ്.
വെസ്റ്റ് ഇന്‍ഡീസ് സീനിയര്‍ പുരുഷ കരാറുകള്‍
ജോണ്‍ കാംബെല്‍, കീസി കാര്‍ട്ടി, റോസ്റ്റണ്‍ ചേസ് (ടെസ്റ്റ് ക്യാപ്റ്റന്‍), മാത്യൂ ഫോര്‍ഡെ, ജസ്റ്റിന്‍ ഗ്രീവ്‌സ്, ഷായ് ഹോപ്പ് (ഏകദിന, ടി20 ക്യാപ്റ്റന്‍), ആകീല്‍ ഹൊസൈന്‍, അമീര്‍ ജാംഗു, അല്‍സാരി ജോസഫ്, ഷമര്‍ ജോസഫ്, ഗുഡാകേഷ് മോട്ടി, റോവ്മാന്‍ പവല്‍, ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോര്‍ഡ്, ജെയ്ഡന്‍ സീല്‍സ്, ജോമല്‍.
പുരുഷ ഡെവലപ്മെന്റ് കരാറുകള്‍
ജ്വവല്‍ ആന്‍ഡ്രൂ, അക്കീം അഗസ്റ്റ്, വിറ്റെല്‍ ലോസ്.
വെസ്റ്റ് ഇന്‍ഡീസ് സീനിയര്‍ വനിതാ കരാറുകള്‍
ആലിയ അല്ലെയ്ന്‍, ഷെമെയ്ന്‍ കാംബെല്‍, ജഹ്‌സാറ ക്ലാക്സ്റ്റണ്‍, ഡിയാന്ദ്ര ഡോട്ടിന്‍, അഫി ഫ്‌ലെച്ചര്‍, ജാനിലിയ ഗ്ലാസ്ഗോ, റിയലിയാന ഗ്രിമ്മണ്ട്, ഷാവ്‌നിഷ ഹെക്ടര്‍, ചിനെല്ലെ ഹെന്റി, സെയ്ദ ജെയിംസ്, മാന്‍ഡി മംഗ്രു, ഹെയ്ലി മാത്യൂസ് (ക്യാപ്റ്റന്‍), അഷ്മിനി മുനിസാര്‍, കരിഷ്മ രാംഹരാക്, സ്റ്റെഫാനി ടെയ്ലര്‍.
content highlights: Windies Stars Shine in India: John Campbell Earns Back Central Contract