

കേരളത്തിന്റെ വൈദ്യുതി വാങ്ങല്‍ തീരുമാനങ്ങളെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക് കടന്നിരിക്കുകയാണ്. ഹിമാചല്‍ പ്രദേശില്‍നിന്ന് വൈദ്യുതി വാങ്ങുന്നതാണോ, അതോ GNA പ്ലാറ്റ്ഫോം വഴി സ്വകാര്യ കമ്പനിയില്‍നിന്ന് വൈദ്യുതി ഉറപ്പാക്കുന്നതാണോ കൂടുതല്‍ ലാഭകരം എന്നതാണ് ഏറ്റവും പുതിയ വിവാദത്തിന് ആധാരം. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്നുവെന്ന സര്‍ക്കാരിന്റെ വാദത്തിനിടെ വൈദ്യുതി വാങ്ങുന്നതിന്റെ ആകെ ചെലവും ആവശ്യമായ സമയത്തെ ലഭ്യതയും കണക്കിലെടുക്കണമെന്ന കെഎസ്ഇബി മുന്‍ ചെയര്‍മാനും ഊര്‍ജ സെക്രട്ടറിയുമായിരുന്ന എം ജി രാജമാണിക്യത്തിന്റെ കുറിപ്പും ചർച്ചയായി. മുഖ്യമന്ത്രിയുടെ താല്‍പ്പര്യത്തിന് വിരുദ്ധമായി വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ച രാജമാണിക്യത്തെ കെഎസ്ഇബി ചെയര്മാന് സ്ഥാനത്ത് നിന്ന് മാറ്റിയത് വിവാദങ്ങൾക്ക് ചൂടു പകർന്നു.
GNA വഴി വൈദ്യുതി വാങ്ങുന്നതാണ് സാമ്പത്തികമായി കൂടുതല്‍ മെച്ചമെന്നും ഹിമാചല്‍ കരാര്‍ സ്വീകരിച്ചാല്‍ സംസ്ഥാനത്തിന് അധിക ബാധ്യതയുണ്ടാകുമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ വാദം. എന്നാല്‍ ഇതിന് വിരുദ്ധമായ കണക്കുകളാണ് രാജമാണിക്യം സര്‍ക്കാരിന് സമര്‍പ്പിച്ച കുറിപ്പിലുള്ളത്. ഇതോടെ സര്‍ക്കാരിന്റെ വാദങ്ങളിലെ കണക്കുകൂട്ടലുകളും വൈദ്യുതി വാങ്ങല്‍ തീരുമാനത്തിന് പിന്നിലെ മാനദണ്ഡങ്ങളും ചര്‍ച്ചയാകുകയാണ്. ഹിമാചലില്‍ നിന്ന് വൈദ്യുതി വാങ്ങുന്നതാണ് കൂടുതല്‍ ലാഭകരമെന്ന നിലപാട് സ്വീകരിച്ച് എം ജി രാജമാണിക്യം മുഖ്യമന്ത്രിക്ക് നല്കിയ കുറിപ്പ് റിപ്പോര്‍ട്ടര്‍ ടി വി പുറത്ത് വിട്ടിരുന്നു. ഒക്ടോബര്‍ 19 ന് നല്കിയ ഈ കുറിപ്പില്‍ GNAയുമായി ബന്ധപ്പെട്ട വൈദ്യുതി വാങ്ങല്‍ ക്രമീകരണത്തിന്റെ ചെലവും ഹിമാചല്‍ കരാറിന്റെ നേട്ടങ്ങളും താരതമ്യം ചെയ്യുന്നുണ്ട്.

GNA പ്ലാറ്റ്ഫോം വഴി യൂണിറ്റിന് ഏകദേശം 8.63 മുതല്‍ 8.90 രൂപ വരെ നിരക്കില്‍ വൈദ്യുതി വാങ്ങാനുള്ള നിര്‍ദേശമാണ് സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. മറുവശത്ത് ഹിമാചല്‍ പ്രദേശില്‍നിന്നുള്ള വൈദ്യുതിക്ക് യൂണിറ്റിന് 14.50 രൂപ വരെ നല്‍കേണ്ടിവരുമെന്നായിരുന്നു ഉയര്‍ന്നുവന്ന വാദം. ഈ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് GNA വഴിയുള്ള വൈദ്യുതി വാങ്ങല്‍ കൂടുതല്‍ സാമ്പത്തികമായി ഗുണകരമാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചത്. ഹിമാചല്‍ നിര്‍ദേശം സ്വീകരിച്ചിരുന്നെങ്കില്‍ ഏകദേശം 2,233 കോടി രൂപയുടെ അധികബാധ്യതയുണ്ടാകുമെന്ന കണക്കും അദ്ദേഹം മുന്നോട്ടുവച്ചു. എന്നാല്‍ യൂണിറ്റിന് കുറഞ്ഞ നിരക്കുള്ള വൈദ്യുതി വാങ്ങുന്നതുകൊണ്ടുമാത്രം മൊത്തം ചെലവ് കുറയണമെന്നില്ലെന്നാണ് രാജമാണിക്യത്തിന്റെ കുറിപ്പിലെ പ്രധാന വാദം. കേരളത്തിന് അധിക വൈദ്യുതി ഏറ്റവും കൂടുതല്‍ ആവശ്യമുള്ളത് വൈകിട്ട് ആറുമണി മുതല്‍ പുലര്‍ച്ചെ രണ്ടുമണി വരെയുള്ള സമയത്താണ്. ഈ സമയത്ത് ആവശ്യത്തിന് വൈദ്യുതി ലഭ്യമാക്കുന്നതാണ് പ്രധാനമെന്നും ആവശ്യകത കുറഞ്ഞ സമയത്തും തുടര്‍ച്ചയായി വൈദ്യുതി വാങ്ങേണ്ടിവരുന്ന GNA കരാര്‍ സാമ്പത്തികമായി തിരിച്ചടിയാകാമെന്നും കുറിപ്പ് ചൂണ്ടിക്കാട്ടുന്നു.
റിപ്പോര്‍ട്ടുകള്‍ പ്രകാരം നവംബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ 500 മെഗാവാട്ട് വൈദ്യുതി മുഴുവന്‍ സമയവും വാങ്ങാനുള്ള GNA ക്രമീകരണത്തിന് ഏകദേശം 1,566 കോടി രൂപ ചെലവാകുമെന്നാണ് രാജമാണിക്യം വിശദീകരിക്കുന്നത്. ഇതേ കാലയളവില്‍ ഹിമാചല്‍ ക്രമീകരണത്തിലൂടെ പീക്ക് സമയത്ത് ആവശ്യമായ വൈദ്യുതി വാങ്ങുന്നതിന് യൂണിറ്റിന് 12.50 രൂപ നിരക്കില്‍ ഏകദേശം 1,105.13 കോടി രൂപയും 14.50 രൂപ നിരക്കില്‍ ഏകദേശം 1,281.95 കോടി രൂപയുമാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഈ കണക്കുകള്‍ പ്രകാരം ഹിമാചല്‍ ക്രമീകരണത്തിന് യൂണിറ്റിന് ഉയര്‍ന്ന നിരക്കുണ്ടെങ്കിലും നിര്‍ദിഷ്ട കാലയളവിലെ മൊത്തം ചെലവ് GNA വഴിയുള്ള മുഴുവന്‍ സമയ വൈദ്യുതി വാങ്ങലിനേക്കാള്‍ കുറവായിരിക്കാമെന്നാണ് രാജമാണിക്യത്തിന്റെ നിലപാട്. ഇവിടെയാണ് മുഖ്യമന്ത്രിയുടെ വാദം കൂടുതല്‍ പരിശോധന ആവശ്യപ്പെടുന്നത്. ഹിമാചല്‍ കരാറിന് GNAയേക്കാള്‍ അധിക ചെലവുണ്ടാകുമെന്ന സര്‍ക്കാരിന്റെ കണക്കും ഹിമാചല്‍ വഴിയുള്ള പീക്ക് സമയ വൈദ്യുതി വാങ്ങല്‍ കൂടുതല്‍ ലാഭകരമാകുമെന്ന രാജമാണിക്യത്തിന്റെ കണക്കും തമ്മിലുള്ള ഏറ്റുമുട്ടലാണ് യഥാര്‍ത്ഥത്തില്‍ പുതിയ വിവാദത്തിന് ആധാരമാകുന്നത്.
വൈദ്യുതി വാങ്ങല്‍ തീരുമാനത്തില്‍ യൂണിറ്റിന്റെ വിലയ്ക്കൊപ്പം സമയവും പ്രധാനമാണ് എന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. പകല്‍ സമയത്ത് സൗരോര്‍ജ ഉല്‍പ്പാദനം കൂടുതലായിരിക്കുമ്പോള്‍ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള അധിക വൈദ്യുതിയുടെ ആവശ്യം കുറയാം. എന്നാല്‍ വൈകിട്ടും രാത്രിയിലും ആവശ്യകത ഉയരുമ്പോള്‍ കൂടുതല്‍ വൈദ്യുതി വേണ്ടിവരും. ഈ സാഹചര്യത്തില്‍ 24 മണിക്കൂറും നിശ്ചിത അളവില്‍ വൈദ്യുതി വാങ്ങാന്‍ കരാറുണ്ടാക്കിയാല്‍ ആവശ്യം കുറഞ്ഞ സമയത്തും വൈദ്യുതി വാങ്ങേണ്ടിവരാനുള്ള സാധ്യതയുണ്ട്. അതേസമയം പീക്ക് സമയത്ത് മാത്രം ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങുന്ന ക്രമീകരണം ആവശ്യകതയുടെ സ്വഭാവമനുസരിച്ച് സാമ്പത്തികമായി ഗുണകരമാകാമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. എന്നാല്‍ പീക്ക് സമയത്തെ ലഭ്യത ഉറപ്പാണോ, ആവശ്യമായ അളവില്‍ വൈദ്യുതി ലഭിക്കുമോ, വൈദ്യുതി ലഭിക്കാത്ത സാഹചര്യത്തില്‍ പകരം വൈദ്യുതി വാങ്ങാനുള്ള ചെലവ് എത്രയാകും തുടങ്ങിയ കാര്യങ്ങളും കണക്കിലെടുക്കണം. അതിനാല്‍ യൂണിറ്റിന് കുറഞ്ഞ നിരക്കോ പീക്ക് സമയത്തെ ഉയര്‍ന്ന ലഭ്യതയോ മാത്രം അടിസ്ഥാനമാക്കിയല്ല തീരുമാനം വിലയിരുത്തേണ്ടത്.

GNA എനര്‍ജിയുമായി ബന്ധപ്പെട്ട അന്വേഷണവിവരങ്ങളും വൈദ്യുതി വാങ്ങല്‍ വിവാദത്തില്‍ ശ്രദ്ധ നേടുന്നുണ്ട്. ഇന്ത്യന്‍ എനര്‍ജി എക്സ്ചേഞ്ചിലെ ഓഹരി ഇടപാടുകളുമായി ബന്ധപ്പെട്ട് 173.14 കോടി രൂപയുടെ നേട്ടമുണ്ടാക്കിയെന്ന ആരോപണത്തില്‍ സെബി 2025 ഒക്ടോബറില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. കേന്ദ്ര വൈദ്യുതി നിയന്ത്രണ കമ്മീഷനുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ ദുരുപയോഗം ചെയ്തെന്ന ആരോപണവും ഉണ്ട്. പൊതുപണം ചെലവഴിച്ച് വൈദ്യുതി വാങ്ങുന്ന സാഹചര്യത്തില്‍ വിലയ്ക്കൊപ്പം കരാറില്‍ ഏര്‍പ്പെടുന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത, നിയമപരമായ അപകടസാധ്യതകള്‍, വൈദ്യുതി വിതരണം ഉറപ്പാക്കുന്ന വ്യവസ്ഥകള്‍ എന്നിവയും പരിശോധിക്കേണ്ടതുണ്ട്. GNAയുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നിലനില്ക്കുന്നുണ്ടെന്നതും കരാര്‍ സാമ്പത്തികമായി ലാഭകരമാണോ എന്നതും ചോദ്യങ്ങളാണ്.
ഇപ്പോഴത്തെ വിവാദം കേരളത്തിന്റെ പഴയ ദീര്‍ഘകാല വൈദ്യുതി വാങ്ങല്‍ കരാറുകളെയും വീണ്ടും ശ്രദ്ധാകേന്ദ്രമാക്കുന്നു. 2014ല്‍ ഒപ്പുവെച്ച 465 മെഗാവാട്ട് വൈദ്യുതി വാങ്ങല്‍ കരാറുകള്‍ 2023 മേയില്‍ കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് റദ്ദാക്കിയിരുന്നു. ടെന്‍ഡര്‍ നടപടികളിലെയും കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കുന്നതിലെയും വീഴ്ചകളായിരുന്നു ഇതിന് ചൂണ്ടിക്കാട്ടിയ കാരണങ്ങള്‍. പിന്നീട് സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് 2023 ഡിസംബറില്‍ കരാറുകള്‍ പുനഃസ്ഥാപിക്കാന്‍ കമ്മീഷന് ഉത്തരവിട്ടു. യൂണിറ്റിന് ഏകദേശം 4.15 രൂപയ്ക്കും 4.29 രൂപയ്ക്കും വൈദ്യുതി ലഭിക്കാനുള്ള കരാറുകളായിരുന്നു ഇവ. എന്നാല്‍ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഫോര്‍ ഇലക്ട്രിസിറ്റി 2024-ല്‍ കരാറുകള്‍ പുനഃസ്ഥാപിച്ച ഉത്തരവ് നിലനില്‍ക്കില്ലെന്ന് വിധിച്ചതോടെ പഴയ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള ശ്രമം വീണ്ടും പ്രതിസന്ധിയിലായി.
കരാറുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഉയര്‍ന്ന നിരക്കില്‍ വൈദ്യുതി വാങ്ങേണ്ടിവന്നുവെന്നും ഇതിലൂടെ കെഎസ്ഇബിക്ക് 2,130 കോടി രൂപയിലധികം നഷ്ടമുണ്ടായെന്നുമുള്ള കണക്ക് 2024 ല്‍ പുറത്തുവന്ന കെഎസ്ഇബി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വാര്‍ത്തകളില്‍ പരാമര്‍ശിച്ചിരുന്നു. അതേസമയം പഴയ കരാറുകള്‍ റദ്ദാക്കുന്നതിലേക്ക് നയിച്ച നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും അവയുടെ നിയമസാധുതയും അവഗണിക്കാനാവില്ല. കരാര്‍ റദ്ദാക്കുന്നതിന് പിന്നില്‍ ചട്ടലംഘനങ്ങളുണ്ടായിരുന്നോ എന്നതും, അതിനു ശേഷം പ്രതീക്ഷിച്ച സാമ്പത്തിക നേട്ടം കൈവരിക്കാനായോ എന്നതും പ്രത്യേകം വിലയിരുത്തേണ്ട വിഷയങ്ങളാണ്. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ദീര്‍ഘകാലത്തേക്ക് വൈദ്യുതി ലഭ്യമാക്കിയിരുന്ന കരാറുകള്‍ നഷ്ടപ്പെട്ടതിനു ശേഷം പകരം വൈദ്യുതി വാങ്ങാന്‍ ഉയര്‍ന്ന തുക ചെലവഴിക്കേണ്ടിവന്ന സാഹചര്യം സര്‍ക്കാരിന്റെ വൈദ്യുതി നയത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ ശക്തമാക്കുന്നു.

465 മെഗാവാട്ട് കരാറുകളുടെ അനുഭവം ഒരു കാര്യം വ്യക്തമാക്കുന്നു. കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാനുള്ള അവസരം നഷ്ടപ്പെടുമ്പോള്‍ അതിന്റെ സാമ്പത്തിക പ്രത്യാഘാതം കെഎസ്ഇബിയിലും ഒടുവില്‍ ഉപഭോക്താക്കളിലും പ്രതിഫലിക്കാം. എന്നാല്‍ ചട്ടങ്ങള്‍ പാലിക്കാത്ത കരാറുകള്‍ തുടരുന്നതും പരിഹാരമല്ല. സാമ്പത്തിക നേട്ടവും നിയമപരമായ സാധുതയും ഒരുപോലെ ഉറപ്പാക്കേണ്ടതുണ്ട്.
ഇപ്പോഴത്തെ ഹിമാചല്‍ -GNA തര്‍ക്കത്തിലും ഇതേ മാനദണ്ഡമാണ് ബാധകമാകേണ്ടത്. GNA വഴി കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുമെന്ന വാദം ശരിയാണോ എന്ന് പരിശോധിക്കുമ്പോള്‍ വാങ്ങേണ്ട വൈദ്യുതിയുടെ ആകെ അളവ്, സമയക്രമം, അധിക ചെലവ്, വിതരണത്തിലെ ഉറപ്പ് എന്നിവ കൂടി കണക്കിലെടുക്കണം. അതുപോലെ ഹിമാചല്‍ ക്രമീകരണം കൂടുതല്‍ ലാഭകരമാണെന്ന വാദത്തിനും കൃത്യമായ കണക്കുകളും കരാര്‍ വ്യവസ്ഥകളും പിന്തുണയായിരിക്കണം.
മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കുന്ന അധികബാധ്യതയുടെ കണക്കും രാജമാണിക്യത്തിന്റെ കുറിപ്പിലെ ചെലവുകണക്കും തമ്മിലുള്ള വ്യത്യാസം വ്യക്തമാക്കുന്ന വിശദമായ താരതമ്യം പുറത്തുവരേണ്ടതുണ്ട്. ഏത് കണക്കാണ് ഏത് വൈദ്യുതി അളവിനെയും സമയക്രമത്തെയും അടിസ്ഥാനമാക്കിയുള്ളത്? യഥാര്‍ഥത്തില്‍ എത്ര വൈദ്യുതി ലഭിക്കും? സംസ്ഥാനത്തിന് അന്തിമമായി എത്ര ചെലവാകും? തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത വരണം.
കേരളത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്തേണ്ടത് രാഷ്ട്രീയ വാദപ്രതിവാദങ്ങളിലൂടെയല്ല. സുതാര്യമായ കണക്കുകളിലൂടെയാണ്. ഹിമാചല്‍ കരാറോ GNAയോ എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് യൂണിറ്റിന്റെ വില മാത്രം നോക്കിയല്ല. സംസ്ഥാനത്തിന് ആവശ്യമായ സമയത്ത് വിശ്വസനീയമായി വൈദ്യുതി ലഭ്യമാക്കാന്‍ ഏറ്റവും കുറഞ്ഞ മൊത്തം ചെലവ് ഏത് മാര്‍ഗത്തിലൂടെയാണ് ഉറപ്പാക്കാനാകുന്നത് എന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം.
Content Highlights : Amidst the Chief Minister's argument that purchasing electricity at a lower rate via GNA is more profitable, Rajamanickam's calculations—suggesting that the Himachal agreement is financially superior—are becoming a subject of discussion.