'പിന്തുണച്ച എല്ലാ ടീമും തോറ്റു, ഫൈനലിൽ ആർ സി ബിക്കൊപ്പം';തനിക്ക് വേണ്ടി ജയിപ്പിച്ചേക്കണേ എന്ന് സെവാഗ്

അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ആരെ പിന്തുണക്കുമെന്ന് പറയുകയാണ് വിരേന്ദര്‍ സെവാഗ്

dot image

ആവേശകരമായ മറ്റൊരു ഐ പി എല്‍ സീസണ്‍ കൂടി അവസാന കളിയിലേക്ക് കടക്കുകയാണ്. ഇതുവരെ കിരീടങ്ങളൊന്നും നേടാത്ത റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവും പഞ്ചാബ് കിങ്‌സും ഫൈനലില്‍ മാറ്റുരുയ്ക്കുമ്പോള്‍ മത്സരത്തിന്റെ ആവേശം ഇരട്ടിക്കുമെന്നുറപ്പാണ്. പോയി്ന്റ് ടേബിളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയാണ് ഇരുവരും പ്ലേ ഓഫിലെത്തിയതും പിന്നീട് ഫൈനലില്‍ പ്രവേശിച്ചതും.

അഹമ്മദാബാദില്‍ നടക്കുന്ന ഫൈനലില്‍ ആരെ പിന്തുണക്കുമെന്ന് പറയുകയാണ് മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ബാറ്ററും ക്രിക്കറ്റ് കമന്റേറ്ററുമായ വീരേന്ദര്‍ സെവാഗ്. ഫൈനലില്‍ ആര്‍സിബിയെയാണ് താന്‍ പിന്തുണക്കുന്നതെന്ന് സെവാഗ് പറഞ്ഞു, എന്നാല്‍ സ്വല്‍പം തമാശ ചേര്‍ത്താണ് സെവാഗിന്റെ പിന്തുണ. പ്ലേ ഓഫില്‍ ഇതുവരെ നടന്ന മൂന്ന് മത്സരത്തിലും താന്‍ പിന്തുണച്ച ടീം തോറ്റെന്നും അതിനാല്‍ ഫൈനലില്‍ ആര്‍സിബിയെ പിന്തുണക്കുന്നെന്നും സെവാഗ് ചിരിയോടെ പറഞ്ഞു. ക്രിക്ക് ബസിനോട് സംസാരിക്കുകയായിരുന്നു താരം.

'ആര്‍സിബി എനിക്ക് വേണ്ടി ജയിക്കും. ഞാന്‍ പിന്തുണയ്ക്കുന്ന ടീം തോല്‍ക്കാന്‍ സാധ്യതയുള്ളതിനാല്‍ എന്റെ പഴയ ഫോര്‍മുലയിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു. ഗുജറാത്ത് ടൈറ്റന്‍സ് മുംബൈയോട് തോറ്റു, അതേസമയം പഞ്ചാബിന് ക്വാളിഫയര്‍ ഒന്നില്‍ ആര്‍സിബിയെ മറികടക്കാന്‍ കഴിഞ്ഞില്ല. രണ്ടാം ക്വാളിഫയറില്‍ ഞാന്‍ മുംബൈയെയാണ് പിന്തുണച്ചത്, പക്ഷേ അവര്‍ തോറ്റു,' സെവാഗ് ക്രിക്ക്ബസില്‍ പറഞ്ഞു.

ഫൈനലില്‍ ആര് ജയിക്കുമെന്ന് അവതാരകന്‍ വീണ്ടും ചോദിച്ചപ്പോള്‍ ആര്‍സിബി ജയിക്കുമെന്ന് ഒരു കള്ളചിരിയോടെ സെവാഗ് വീണ്ടും പറഞ്ഞു. ഇന്ത്യയെ പരസ്യമായി പിന്തുണച്ചപ്പോഴും ഇത്തരത്തില്‍ തോറ്റിട്ടുണ്ടെന്ന് സെവാഗ് പറയുന്നു. സെവാഗിന് പഞ്ചാബ് ജയിക്കാനാണ് ആഗ്രഹമെന്നാണ് ഇതുകേട്ട ചില ക്രിക്കറ്റ് പ്രേമികള്‍ പറയുന്നത്.

അതേസമയം വൈകിട്ട് 7.30നാണ് ഫൈനല്‍ ആരംഭിക്കുന്നത്. ഇതുവരെ മൂന്ന് ഫൈനലിലിലാണ് ആര്‍ സി ബി കളിച്ചതെങ്കില്‍ ഒരെണ്ണത്തിലാണ് പഞ്ചാബ് കിങ്‌സ് കളിച്ചിട്ടുള്ളത്. ഇരു ടീമുകള്‍ക്കും ഇതുവരെ കിരീടം നേടാന്‍ സാധിച്ചിട്ടില്ല.

Content Higlights: Virender Sehwag backs Royal Challengers Bengaluru to win IPL 2025

dot image
To advertise here,contact us
dot image