പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മസ്ജിദിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; നടപടിക്കെതിരെ ഹൈക്കോടതി

കേസ് തുടര്‍വാദത്തിനായി ഡിസംബര്‍ 14ലേക്ക് മാറ്റിയിട്ടുണ്ട്

പ്രധാനമന്ത്രിയുടെ വസതിക്ക് സമീപമുള്ള മസ്ജിദിലെ വെള്ളവും വൈദ്യുതിയും വിച്ഛേദിച്ചു; നടപടിക്കെതിരെ ഹൈക്കോടതി
dot image

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം സ്ഥിതിചെയ്യുന്ന റേസ് കോഴ്‌സ മസ്ജിദിലേക്കുള്ള വൈദ്യുതിയും വെള്ളവും വിച്ഛേദിച്ച ന്യൂ ഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സിന്റെ നടപടിക്കെതിരെ ഡല്‍ഹി ഹൈക്കോടതി. മുന്‍കൂട്ടി അറിയിക്കാതെ നിയമപ്രകാരം വിജ്ഞാപനം ചെയ്തിട്ടുള്ള ഒരു വഖഫ് സ്വത്തിലും പൈതൃക നിര്‍മിതിയിലും ഇത്തരം ഏകപക്ഷീയ ഇടപെടലുകള്‍ സ്വീകരിക്കാന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. എന്‍ഡിഎംസിയുടെ നടപടിക്കെതിരെ മസ്ജിദ് ഇമാമം നല്‍കിയ ഹര്‍ജി പരിഗണിച്ചായിരുന്നു കോടതി ഇടപെടല്‍.

ജസ്റ്റിസുമാരായ സുബ്രഹ്മണ്യം പ്രസാദ്, രേണു ഭട്‌നഗര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. സിംഗിള്‍ ബെഞ്ചിന്റെ വിധിക്കെതിരെയാണ് മസ്ജിദ് ഇമാം ഹൈക്കോടതിയെ സമീപിച്ചത്. 2009ല്‍ പൈതൃക നിര്‍മിതിയായും വഖഫ് സ്വത്തായും ഈ മസ്ജിദ് പ്രഖ്യാപിക്കപ്പെട്ടിരുന്നു.

ഹര്‍ജിയില്‍ രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ എന്‍ഡിഎംസിക്കും ഡല്‍ഹി വഖഫ് ബോര്‍ഡിനോടും ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചു. കേസ് തുടര്‍വാദത്തിനായി ഡിസംബര്‍ 14ലേക്ക് മാറ്റിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ വസതിക്ക് എതിര്‍വശത്തുള്ള ചേരി പ്രദേശങ്ങള്‍ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് മുമ്പ് ഡല്‍ഹി ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലായിരുന്നു എന്‍ഡിഎംസിയുടെ നടപടി.

Also Read:

എന്നാല്‍ ഈ കേസുമായി മസ്ജിദിന് യാതൊരു ബന്ധവുമില്ലെന്നും കേസില്‍ കക്ഷിയായിരുന്നില്ലെന്നും ഇമാമിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുഫിയാൻ സിദ്ധിഖികോടതിയില്‍ വ്യക്തമാക്കി. നിയമങ്ങളും ചട്ടങ്ങളും പാലിക്കാതെയാണ് കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോക് കല്യാണ്‍ മാര്‍ഗിന് സമീപം സ്ഥിതി ചെയ്യുന്ന റെയ്‌സ് കോഴ്‌സ് ക്ലബിന്റെ 53ഏക്കര്‍ ഭൂമിയിലാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. കേന്ദ്രസര്‍ക്കാര്‍ സമീപപ്രദേശങ്ങളിലെ ഭൂമി തിരിച്ചുപിടിക്കുന്ന നടപടികളുടെ ഭാഗമായി പൊളിച്ചു നീക്കപ്പെടുമോ എന്ന ആശങ്കയില്‍ ഇമാം നേരത്തെ കോടതിയെ സമീപിച്ചിരുന്നു.

Content Highlights: The Delhi High Court has taken action against the disconnection of water and electricity supplies to a mosque near the Prime Minister's residence

dot image
To advertise here,contact us
dot image