

ഇന്ത്യന്‍ വെറ്ററന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളില്‍ കുപ്പായമണിഞ്ഞ ഷമി 27.71 ശരാശരിയില്‍ 229 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്. ആറ് തവണ ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും താരത്തിന് സാധിച്ചു. 2023-ല്‍ ഓവലില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ നടന്ന വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി ടെസ്റ്റ് ക്രിക്കറ്റില്‍ കളിച്ചത്.
'ഭാരമുള്ള ഹൃദയത്തോടെയും എണ്ണമറ്റ മനോഹരമായ ഓര്‍മ്മകളോടെയും ഞാന്‍ ഇന്ന് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുകയാണ്, ഈ യാത്രയിലുടനീളം എന്നെ പിന്തുണയ്ക്കുകയും നല്ല സമയങ്ങളിലും പ്രയാസകരമായ ഘട്ടങ്ങളിലും എന്നില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്ത ഓരോ സഹകളിക്കാരനും കോച്ചിനും കുടുംബാംഗങ്ങള്‍ക്കും കോടിക്കണക്കിന് ഇന്ത്യക്കാര്‍ക്കും നന്ദി' -സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ ഷമി വ്യക്തമാക്കി.
കൃത്യമായി 13 വര്‍ഷങ്ങള്‍ക്ക് മുമ്പ്, ഇതേ വിരമിക്കല്‍ ദിനത്തിലാണ് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഷമി തന്റെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റ മത്സരത്തില്‍ തന്നെ 118 റണ്‍സ് വഴങ്ങി 9 വിക്കറ്റുകള്‍ വീഴ്ത്തി താരം വിസ്മയിപ്പിച്ചു. കരിയറിലുടനീളം ഷമിയുടെ ഏറ്റവും മികച്ച മത്സര പ്രകടനമായി ഇത് നിലനിന്നു.
ഉപഭൂഖണ്ഡത്തിലെ പിച്ചുകളില്‍ റിവേഴ്സ് സ്വിംഗ് ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ പ്രശസ്തനായ ഷമി, വിദേശ മണ്ണിലും ഇന്ത്യയുടെ പേസ് ആക്രമണത്തിന്റെ പ്രധാന കരുത്തായി വേഗത്തില്‍ മാറി. താരം നേടിയ ആറ് അഞ്ച്-വിക്കറ്റ് നേട്ടങ്ങളില്‍ നാലെണ്ണവും ഓസ്ട്രേലിയയിലും ദക്ഷിണാഫ്രിക്കയിലുമായിരുന്നു.
പലപ്പോഴും പരിക്കുകള്‍ വില്ലനായെങ്കിലും, ശക്തമായ തിരിച്ചുവരവുകളിലൂടെ ഷമി ഇന്ത്യന്‍ പ്ലെയിംഗ് ഇലവനില്‍ തന്റെ സ്ഥാനം വീണ്ടെടുത്തുപോന്നു. 2023-ലെ ഏകദിന ലോകകപ്പിലെ അവിസ്മരണീയ പ്രകടനത്തിന് ശേഷം, കണങ്കാലിന് ശസ്ത്രക്രിയയ്ക്കും കാല്‍മുട്ടിനേറ്റ പരിക്കുകള്‍ക്കും വിധേയനായ താരം നീണ്ട കാലയളവിലേക്ക് ദേശീയ ടീമില്‍ നിന്ന് പുറത്തായിരുന്നു.
2025 ജനുവരിയില്‍ ടി20 ഫോര്‍മാറ്റിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ താരം പിന്നീട് ചാമ്പ്യന്‍സ് ട്രോഫി സ്‌ക്വാഡിലും ഇടം നേടി. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിന് ശേഷം ദേശീയ ടീമിനായി കളിച്ചിട്ടില്ലെങ്കിലും, ഐപിഎല്ലിലും ബംഗാളിനായി ആഭ്യന്തര ക്രിക്കറ്റിലും സജീവമായി പങ്കെടുത്തുപോരുകയായിരുന്നു. നിലവിലെ ആഭ്യന്തര സീസീണില്‍ ബംഗാളിനായി മൂന്ന് രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച ഷമിയെ സയിദ് മുഷ്താഖ് അലി ടി20 സ്‌ക്വാഡിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ 229 വിക്കറ്റുകളോടെ ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയവരുടെ പട്ടികയില്‍ 12-ാം സ്ഥാനത്തും പേസര്‍മാരില്‍ ആറാം സ്ഥാനത്തുമായാണ് ഷമി തന്റെ ടെസ്റ്റ് കരിയര്‍ അവസാനിപ്പിക്കുന്നത്.
'വെള്ളക്കുപ്പായത്തോടാണ് ഞാന്‍ വിടപറയുന്നത്, എന്നാല്‍ അതിനോടൊപ്പമുള്ള ഓര്‍മ്മകളോട് ഒരിക്കലുമല്ല, ഞാന്‍ ആദ്യമായി ഇന്ത്യന്‍ ടെസ്റ്റ് ജേഴ്സി അണിഞ്ഞപ്പോള്‍, എന്റെ രാജ്യത്തിന് വേണ്ടി എന്തെങ്കിലും നേടണം എന്ന ഒരു സ്വപ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതിനുശേഷം ഓരോ വിക്കറ്റും, ഓരോ പോരാട്ടവും, ഓരോ പരിക്കും, ഓരോ തിരിച്ചുവരവും എന്നെ ഓരോന്ന് പഠിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റ് എനിക്ക് വെറുമൊരു ഫോര്‍മാറ്റ് മാത്രമല്ല, എന്റെ ജീവിതത്തിലെ വളരെ പ്രത്യേകതയുള്ള ഒരു ഭാഗമായിരുന്നു. ഇന്ന്, കനത്ത ഹൃദയത്തോടെയും എണ്ണമറ്റ മനോഹരമായ ഓര്‍മ്മകളോടെയും ഞാന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ തീരുമാനിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എന്റെ അവസാന പന്ത് എറിഞ്ഞു കഴിഞ്ഞെങ്കിലും, ഇന്ത്യക്കായി കളിച്ചതിന്റെ അഭിമാനം ഞാന്‍ എന്നും ഹൃദയത്തില്‍ സൂക്ഷിക്കും. നന്ദി, ടെസ്റ്റ് ക്രിക്കറ്റ്' -ഷമി കൂട്ടിച്ചേര്‍ത്തു.
content highlights: Mohammed Shami Announces Retirement from Test Cricket