

മുംബൈ: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്ന് (എസ്.ബി.ഐ) എടുത്ത 12,668 കോടി രൂപയുടെ വായ്പാ തിരിച്ചടവിൽ വീഴ്ച വരുത്തിയതിനെ തുടർന്ന് വീഡിയോകോൺ ഇൻഡസ്ട്രീസ് മുൻ പ്രൊമോട്ടറും ഡയറക്ടറുമായ വേണുഗോപാൽ നന്ദലാൽ ധൂതിനെ ദേശീയ കമ്പനി നിയമ ട്രിബ്യൂണൽ (എൻ.സി.എൽ.ടി) പാപ്പരായി പ്രഖ്യാപിച്ചു. എൻസിഎൽടിയുടെ മുംബൈ ബെഞ്ചാണ് വ്യാഴാഴ്ച നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ധൂതിന്റെ സ്വത്തുക്കൾ ബാങ്ക്റപ്റ്റ്സി ട്രസ്റ്റിയായ ആശിഷ് നാരായണന് കൈമാറാനും ഇവ ധനകാര്യ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വായ്പാദാതാക്കൾക്ക് (ക്രെഡിറ്റേഴ്സ്) വിതരണം ചെയ്യാനും ട്രിബ്യൂണൽ നിർദേശിച്ചു. ധൂത് നേരത്തെ സമർപ്പിച്ച 600 കോടി രൂപയുടെ തിരിച്ചടവ് പദ്ധതി വായ്പാദാതാക്കൾ തള്ളിയതിനെ തുടർന്നാണ് നടപടി.
2010-നും 2012-നും ഇടയിൽ വീഡിയോകോൺ ഇൻഡസ്ട്രീസ് ലിമിറ്റഡ്, വീഡിയോകോൺ ടെലികമ്യൂണിക്കേഷൻസ് ലിമിറ്റഡ് എന്നീ കമ്പനികൾക്ക് എസ്ബിഐയും അനുബന്ധ ബാങ്കുകളും ചേർന്ന് നൽകിയ വായ്പകൾക്കായി വേണുഗോപാൽ ധൂത് വ്യക്തിഗത ഗ്യാരന്റി (Personal Guarantee) നൽകിയിരുന്നു. കമ്പനികൾ തിരിച്ചടവിൽ വീഴ്ച വരുത്തിയാൽ ബാധ്യത പൂർണമായും ഏറ്റെടുക്കാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.
തുടർന്ന് കമ്പനികൾ കടുത്ത പ്രതിസന്ധിയിലാവുകയും 2018 ജൂണിൽ വീഡിയോകോൺ ഇൻഡസ്ട്രീസ് കോർപ്പറേറ്റ് ഇൻസോൾവൻസി നടപടികളിലേക്ക് നീങ്ങുകയും ചെയ്തു. ഇതിന് മുന്നോടിയായി 2018 ഫെബ്രുവരിയിൽ എസ്ബിഐ വേണുഗോപാൽ ധൂതിന് ഡിമാൻഡ് നോട്ടീസ് അയച്ചിരുന്നു
വായ്പ തിരിച്ചടയ്ക്കുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് വ്യക്തിഗത പാപ്പരത്ത നടപടികളുമായി എസ്ബിഐ മുന്നോട്ടുപോയി. തുടർന്ന്, സിലിഗുരിയിലെ ഒരു റിയൽ എസ്റ്റേറ്റ് വികസന പദ്ധതി മുൻനിർത്തി 36 മാസത്തിനകം 600 കോടി രൂപ നൽകാമെന്ന പദ്ധതി ധൂത് മുന്നോട്ടുവെച്ചു.
എന്നാൽ, ആകെ കുടിശ്ശികയായ തുകയുടെ വെറും 0.42 ശതമാനം മാത്രമാണ് ഈ തുകയെന്നും, ഭാവിയിൽ വരാനിടയുള്ള വരുമാനത്തെ മാത്രം ആശ്രയിച്ചുള്ള ഈ പദ്ധതി പ്രായോഗികമല്ലെന്നും റെസല്യൂഷൻ പ്രൊഫഷണൽ വിലയിരുത്തി. തുടക്കത്തിൽ പണമായി ഒന്നും നൽകുന്നില്ലെന്നതും പദ്ധതിയുടെ അനിശ്ചിതത്വങ്ങളും ചൂണ്ടിക്കാട്ടി ക്രെഡിറ്റേഴ്സ് ഇത് തള്ളുകയും ബാങ്ക്റപ്റ്റ്സി നടപടികളിലേക്ക് കടക്കാൻ തീരുമാനിക്കുകയുമായിരുന്നു.
ട്രൈബ്യൂണൽ ഉത്തരവ് പ്രകാരം വേണുഗോപാൽ ധൂത് തന്റെ സാമ്പത്തിക സ്ഥിതിയും ആസ്തിവിവരങ്ങളും ബാങ്ക്റപ്റ്റ്സി ട്രസ്റ്റിക്ക് കൈമാറണം. ക്രെഡിറ്റേഴ്സിൽ നിന്നുള്ള ക്ലെയിമുകൾ സ്വീകരിക്കുന്നതിനായി ട്രസ്റ്റി പൊതുനോട്ടീസ് പുറപ്പെടുവിക്കും. തുടർന്ന് ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി കോഡ് (IBC) ചട്ടങ്ങൾക്കനുസൃതമായി ധൂതിന്റെ ആസ്തികൾ ഏറ്റെടുത്ത് വിറ്റഴിച്ച് ബാങ്കുകൾക്ക് വിതരണം ചെയ്യും.
Content Highlights: The Mumbai bench of the National Company Law Tribunal (NCLT) has declared former Videocon Industries promoter Venugopal Nandlal Dhoot bankrupt over ₹12,668.06 crore in dues claimed by SBI. The amount includes interest and penalties as of September 30, 2026. The tribunal has appointed a bankruptcy trustee to administer Dhoot’s estate and distribute assets among creditors.