

ഏകദേശം 66 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ഒരു ഛിന്നഗ്രഹത്തിന്റെ പതനം ഭൂമിയിൽ സംഭവിച്ചിരുന്നു… ആ സംഭവത്തിലൂടെ ഭൂമിയിൽ ഭീമാകാരമായ ഒരു ഗർത്തം രൂപപ്പെടുകയും ഭൂമിയിൽ മുൻപ് ഉണ്ടായിരുന്ന പല ജീവികളുടെയും വംശനാശത്തിന് അത് കാരണമാവുകയും ചെയ്തിരുന്നു. ഏകദേശം 10–15 കിലോമീറ്റർ വീതിയുള്ള ആ കൂറ്റൻ ഛിന്നഗ്രഹം സങ്കൽപ്പിക്കാനാവാത്ത ശക്തിയോടെ നമ്മുടെ ഗ്രഹത്തിലേക്ക് ഇടിച്ചുകയറിയപ്പോൾ അതിന്റെ ഫലമായി ദിനോസറുകൾ ഉൾപ്പെടെയുള്ള 75% വരുന്ന ജീവജാലങ്ങൾ ആണ് തുടച്ചുനീക്കപ്പെട്ടത്. പതിറ്റാണ്ടുകളായി, ശാസ്ത്രജ്ഞർ അന്നത്തെ ഛിന്നഗ്രഹം പതിച്ച സ്ഥലത്തിന്റെ കൃത്യമായ സ്ഥാനം അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഭൂമിശാസ്ത്രം, ഭൗതികശാസ്ത്രം, എന്നീ വിവിധ മേഖലകളില്‍ പല ഗവേഷണങ്ങൾ നടത്തി ദശലക്ഷക്കണക്കിന് വർഷം മുൻപ് ഉണ്ടായ ആ സംഭവത്തെ കുറിച്ച് തെളിവുകൾ ഇന്ന് ഗവേഷകർ കണ്ടെത്തിയിരിക്കുന്നു. മെക്സിക്കോയിൽ ആണ് അത്തരത്തിൽ ഛിന്നഗ്രഹത്തിന്റെ പതനം കൊണ്ട് ഒരു വലിയ ഗർത്തം ഉണ്ടായത് എന്നാണ് കണ്ടെത്തല്‍. മെക്സിക്കോയിലെ യുകാറ്റ്ൻ സംസ്ഥാനത്തെ അടുത്തുള്ള പട്ടണമായ ചിക്സുലബിന്റെ പേരിൽ ആ ഗർത്തത്തിന് ചിക്സുലബ് ഗർത്തം എന്ന് പേരും ഇട്ടു. പുസ്തകങ്ങളിലെ കഥകളിൽ നാം കണ്ട പോലെ പ്രത്യക്ഷത്തിൽ ഒരു കുഴി പോലെ അല്ലായിരുന്നു ആ ഗർത്തം രൂപപ്പെട്ടത്, മറിച്ച് അന്നത്തെ മെക്സിക്കോയിലെ യുകാറ്റ്ൻ പെനിൻസുലയുടെ വടക്കൻ തീരത്ത് അവശിഷ്ടങ്ങൾക്കും സമുദ്രജലത്തിനും അടിയിലായാണ് ഈ ഗർത്തം വ്യാപിച്ചു കിടന്നത്.
180–200 കിലോമീറ്ററിലധികം വ്യാസമുള്ള ഈ ഗർത്തം ഭൂമിയിലെ ഏറ്റവും വലിയ ഘടനകളിൽ ഒന്നായി മാറുകയും ചെയ്തിരുന്നു. 1970 കളുടെ അവസാനത്തിലും 1980 കളുടെ തുടക്കത്തിലും വെള്ളത്തിനടിയിലെ ഗുരുത്വാകർഷണത്തെയും പാറ രൂപീകരണത്തെയും കുറിച്ചുള്ള പഠനങ്ങളിലൂടെ ശാസ്ത്രജ്ഞർക്ക് ഈ ഗർത്തത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിച്ചിരുന്നു. പിന്നീട് നടത്തിയ ഡ്രില്ലിംഗിൽ, ഈ പ്രദേശത്തിനടിയിലുള്ള പാറകൾ ഛിന്നഗ്രഹത്തിന്റ ഇടിയിൽ രൂപപ്പെട്ടതാണ് എന്ന ഗവേഷകർക്ക് മനസിലായി. ആ ഇടിയുടെ ആഘാതം ഭൂമിയിലെ ജീവജാലങ്ങളെ എങ്ങനെ ബാധിച്ചു എന്നുള്ളതാണ് എടുത്തു പറയേണ്ടത്.
20 കിലോമീറ്റർ വേഗതയിൽ എത്തിയ ആ ഛിന്നഗ്രഹം ഭൂമിയിൽ പതിച്ചപ്പോൾ കോടിക്കണക്കിന് ന്യൂക്ലിയർ ബോംബുകളേക്കാൾ കൂടുതൽ ഊർജ്ജം പുറത്തു വന്നു. അന്തരീക്ഷത്തിലേക്ക് പൊട്ടിത്തെറിച്ച പൊടി, ചാരം, പാറ എന്നിവ സൂര്യപ്രകാശത്തെ തടഞ്ഞു. അത് മൂലം ആ പ്രദേശത്തെ
വനങ്ങളും സമുദ്രങ്ങളും ഇല്ലാതായി എന്നുമാണ് ഗവേഷകരുടെ കണ്ടെത്തൽ. ഏകദേശം 200 ദശലക്ഷം വർഷങ്ങളായി ഭൂമിയിൽ വിഹരിച്ചിരുന്ന ദിനോസറുകൾ നിറഞ്ഞിരുന്ന കാലമായിരുന്നു അത്. എന്നാൽ ഛിന്നഗ്രഹ പതനം ദിനോസറിന്റെ ആത്യന്തിക വംശനാശത്തിലേക്ക് നയിച്ചു എന്നാണ് നിഗമനം. അതിൽ രക്ഷപ്പെട്ട ദിനോസറുകൾ പിന്നീട് പക്ഷികളായി പരിണമിച്ചു എന്നൊരു സിദ്ധാന്തവും നിലനിൽക്കുന്നുണ്ട്.

1970-കളിൽ നോബൽ സമ്മാന ജേതാവായ ഭൗതികശാസ്ത്രജ്ഞൻ ലൂയിസ് അൽവാരസും മകൻ വാൾട്ടർ അൽവാരസും ചേർന്നാണ് ക്രിറ്റേഷ്യസ്-പാലിയോജീൻ വംശനാശം എന്ന് വിളിക്കപ്പെടുന്ന ഈ കൂട്ട വംശനാശം വിശദീകരിക്കാൻ ഈ സിദ്ധാന്തത്തെ കുറിച്ച് എടുത്തു പറഞ്ഞത്. എന്നാൽ ആ കേട്ട കഥ അത്ര വിശ്വസനീയമല്ല എന്നൊരു മറുവാദവുമുണ്ട്. ഇന്ന് ചിക്സുലബ് ഗർത്തം കൂടി നോക്കിയാണ് കാലാവസ്ഥകൾ, ദ്രുതഗതിയിലുള്ള വംശനാശങ്ങൾ, അതിനുശേഷം ജീവൻ എങ്ങനെ വീണ്ടെടുത്തു എന്നിവയെ കുറിച്ച് ഗവേഷകർ പഠിക്കുന്നത്. ഭക്ഷ്യ ശൃംഖലകൾ വരെ തകർന്നത് എങ്ങനെയെന്ന് അന്വേഷിക്കുകയാണ് ഗവേഷകർ.
Content Highlights : How did the crater that wiped dinosaurs from Earth formed ?