

ഒരു ബാൻഡ് എയ്ഡിന്റെ വില കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യൽ മീഡിയ. ഫ്രാൻസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹർമസ് രൂപകൽപന ചെയ്ത പ്രീമിയം ബാൻഡ് എയ്ഡിന്റെ വില 200 ഡോളറാണ്. അതായത് ഏകദേശം 18,048 രൂപ. പ്രത്യേകമായി തയ്യാറാക്കിയ ഈ ബാൻഡ് എയ്ഡുകൾ നിർമ്മിച്ചിരിക്കുന്നത് പ്രീമിയം സാധനങ്ങൾ ഉപയോഗിച്ചാണ്. ഉപയോക്താവിന്റെ നിലയ്ക്കും വിലയ്ക്കും ചേരുന്ന നിലയിലാണ് ഇതിന്റെ നിർമിതി എന്നാണ് പറയപ്പെടുന്നത്.
വേദനയെ അന്തസുമായി കൂട്ടിച്ചേർക്കുന്ന പുത്തൻ ഉത്പന്നത്തെ പ്രമോട്ട് ചെയ്തിരിക്കുന്നത് ഇൻസ്റ്റഗ്രാം വഴിയാണ്. ഇത് സംരക്ഷണം മാത്രമല്ല നൽകുന്നത്, ഇത് വിരൽചൂണ്ടുന്നത് വലിയൊരു സന്ദേശം തന്നെയാണെന്നാണ് നിർമാതാക്കളുടെ പക്ഷം. ഒരു പോറലിനെ പോലും അസാധാരണമായി കണക്കാക്കുമ്പോൾ എന്തിന് സാധാരണമായൊരു ഉത്പന്നം ഉപയോഗിക്കണം എന്നാണ് പ്രീമിയം ബാന്‍ഡ് എയ്ഡ് നിർമാതാക്കളുടെ ചോദ്യം.
ഇനിയാണ് ഇവിടുത്തെ ട്വിസ്റ്റ്. വിലയേറിയ ഈ ബാൻഡ് എയ്ഡ് ചികിത്സ സംബന്ധമായി ഉപയോഗിക്കാൻ കഴിയുന്നതല്ല. ഫ്രഞ്ച് ലക്ഷ്വറി ഫാഷൻ ബ്രാൻഡ് ഇതൊരു അലങ്കാര തുകൽ ഐറ്റമായാണ് പുറത്തിറക്കിയിരിക്കുന്നത്. ഡിസംബറിൽ പുറത്തിറക്കിയ ഈ ബാൻഡ് എയ്ഡ് ഉടഞ്ഞ വസ്തുക്കൾ ഒട്ടിക്കാനും ചേർത്തു വയ്ക്കാനുമാണ് ഉപയോഗിക്കുന്നത്. ഇത് ദീർഘകാലം നിലനിൽക്കുമെന്നതാണ് കമ്പനി നൽകുന്ന വാഗ്ദാനം. ചുവപ്പ്, ബീജ്, മഞ്ഞ നിറങ്ങളിൽ ലഭ്യമാകുന്ന ഈ ബാൻഡ് എയ്ഡ് മൃദുവായ ചെമ്മരിയാടിൻ തോൽ കൊണ്ടാണ് നിർമിക്കുന്നത്.
പല നിറങ്ങളിൽ ലഭ്യമാകുന്നത് കൊണ്ടു തന്നെ ഇവ ഉപയോഗിക്കുന്ന വസ്തുക്കൾ ആകർഷകമുള്ളതായിരിക്കും. ഒരു സെറ്റിൽ മൂന്നെണ്ണമാണ് ലഭിക്കുക. ബ്രാൻഡ് പുറത്തിറക്കിയ ഉത്പന്നതിന്റെ വിലയാണ് ആളുകളെ ഞെട്ടിച്ചത്. ഈ സാധനം വലിച്ചെറിയണോ അതോ മറിച്ച് വിൽക്കണോ, ഇത് ഞാൻ ഫ്രെയിം ചെയ്ത് വയ്ക്കും എന്നൊക്കെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിന് താഴെ വരുന്ന കമന്റുകൾ.
എന്നാൽ ബാൻഡ് എയ്ഡിന് ഇത്രയും വിലയെന്ന കാര്യം മാത്രം വിലയിരുത്തി ചിലർ മുറിവ് പറ്റിയാൽ മഞ്ഞള്‍ ഉപയോഗിച്ചോളാമെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. വില ഇത്രയും ആയതിനാൽ വെയിറ്റിങ് ലിസ്റ്റിൽ ഇരുന്ന് രക്തം വാർന്ന് മരിക്കേണ്ടി വരുമല്ലോയെന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ ഇത് ചികിത്സയ്ക്കായി ഉപയോഗിക്കുന്നതല്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഉത്പന്നത്തെ കുറിച്ചുള്ള പ്രമോഷൻ നടത്തിയെങ്കിലും ഇവ ഇതുവരെ ബ്രാൻഡിന്റെ വെബ്‌സൈറ്റിൽ വന്നിട്ടില്ല. മറ്റ് ഔദ്യോഗിക പ്രഖ്യാപനങ്ങളും ഹർമസ് നടത്തിയിട്ടില്ല.
Content Highlights: A Hermes bandage valued at Rs 18,000 has gone viral on social media platforms. The luxury item’s high price and unique nature have attracted significant online attention, sparking discussions among users