'മെലിഞ്ഞാൽ കാണാൻ ഭംഗിയുണ്ടാകുമെന്ന് പലരും പറയും, പക്ഷെ ഞാൻ മെലിയില്ല'; ഷെഫാലി ഷാ

'എനിക്ക് എന്റെ രൂപം ഇഷ്ടമല്ല, സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല'

'മെലിഞ്ഞാൽ കാണാൻ ഭംഗിയുണ്ടാകുമെന്ന് പലരും പറയും, പക്ഷെ ഞാൻ മെലിയില്ല'; ഷെഫാലി ഷാ
dot image

സ്കൂൾ കാലഘട്ടത്തിൽ തനിക്ക് ഉണ്ടായ മോശം അനുഭവങ്ങൾ വിവരിച്ച് നടി ഷെഫാലി ഷാ. തന്റെ രൂപത്തെക്കുറിച്ച് പലരും നിരവധി കമന്റുകൾ പറയാറുണ്ടായിരുന്നുവെന്നും ബോഡി ഷെയ്മിങ് ലഭിച്ചിട്ടുണ്ടെന്നും നടി പറഞ്ഞു. സ്കൂളിൽ നിന്ന് സഹപാഠികളിൽ പലരും തന്നെ കാണാൻ ഭംഗിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ ഇപ്പോൾ പോലും താൻ സുന്ദരിയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അത് ഉൾക്കൊള്ളാൻ ബുദ്ധിമുട്ടാണെന്നും നടി പറഞ്ഞു. ടൈംസ് നൗവിനുനൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

'സ്കൂളിൽ ആരും എന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. വളരുന്ന പ്രായത്തിൽ, മറ്റുള്ളവരിൽ നിന്ന് താൻ സുന്ദരിയല്ലെന്ന തരത്തിലുള്ള അഭിപ്രായങ്ങൾ കേൾക്കേണ്ടി വന്നിട്ടുണ്ട്. സ്കൂളിൽ വെച്ച് പലരും കളിയാക്കി. തന്നെ സ്ഥിരം ഇടിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയുണ്ടായിരുന്നു. അവൾ എന്നെ 'തെലു' എന്ന് വിളിക്കാറുണ്ടായിരുന്നു. വർഷങ്ങൾക്ക് ശേഷം ഒരു റെസ്റ്ററന്റിൽ വെച്ച് ആ പഴയ സഹപാഠിയെ വീണ്ടും കണ്ടുമുട്ടിയപ്പോൾ, അവരോട് തനിക്ക് സഹതാപമാണ് തോന്നിയത്.

നീ കുറച്ചുകൂടി മെലിഞ്ഞിരുന്നെങ്കിൽ കാണാൻ നല്ല ഭംഗിയുണ്ടാകുമായിരുന്നു എന്ന് പലരും പറഞ്ഞിരുന്നു. ഇന്നും ആരെങ്കിലും ഞാൻ സുന്ദരിയാണെന്ന് പറഞ്ഞ് പുകഴ്ത്തിയാൽ അത് പൂർണ്ണമായി ഉൾക്കൊള്ളാൻ പ്രയാസമാണ്, ഞാൻ സുന്ദരിയാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. എനിക്ക് എന്റെ രൂപം ഇഷ്ടമല്ല. ഞാൻ ഒരിക്കലും മെലിഞ്ഞിരിക്കില്ലെന്ന് ഞാൻ കരുതുന്നു. ഞാൻ മെലിഞ്ഞിരിക്കില്ല. വളരെ അപൂർവമായി മാത്രമേ ഞാൻ എന്നെത്തന്നെ നോക്കുകയും 'ഓ! ഞാൻ നന്നായി കാണപ്പെടുന്നു' എന്ന് പറയുകയും ചെയ്യാറുള്ളൂ. പക്ഷേ എനിക്ക് അത് കാണാൻ കഴിയുന്നില്ല. ആരെങ്കിലും 'നീ സുന്ദരിയാണ്' എന്ന് എന്നെ പ്രശംസിക്കുമ്പോൾ, എനിക്ക് അംഗീകരിക്കാൻ കഴിയില്ല,' ഷെഫാലി ഷാ പറഞ്ഞു.

നേരത്തെയും തനിക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ നടി തുറന്നു പറഞ്ഞിട്ടുണ്ട്. ബോളിവുഡിലെ ലിംഗവിവേചനത്തെയും പ്രായത്തെ അടിസ്ഥാനമാക്കിയുള്ള വേർതിരിവുകളെയും രൂക്ഷമായി നടി ഷെഫാലി ഷാ വിമർശിച്ചിട്ടുണ്ട്. നേരത്തെ, പുരുഷതാരങ്ങൾക്ക് പ്രായം ഒരു തടസമാകാത്തപ്പോൾ, നടിമാർക്ക് മാത്രം പ്രായപരിധി നിശ്ചയിക്കുന്ന ഇൻഡസ്ട്രിയുടെ രീതിയെ അവർ ചോദ്യം ചെയ്തിരുന്നു. തന്നേക്കാൾ പ്രായക്കൂടുതലുള്ള നടന്മാരുടെ അമ്മയായി അഭിനയിക്കേണ്ടി വന്നിട്ടുണ്ടെന്ന് ഷെഫാലി തുറന്നു പറഞ്ഞിരുന്നു. നായകൻ എത്ര പ്രായമുള്ളയാളാണെങ്കിലും നായികയ്ക്ക് പതിനെട്ടോ ഇരുപത്തഞ്ചോ വയസുമാത്രമേ പാടുള്ളൂ എന്നാണ് ബോളിവുഡിലെന്നും ഷെഫാലി പറഞ്ഞിരുന്നു.

Content Highlights: Actress Shefali Shah spoke about the body shaming comments she faced during her school days.She recalled how such remarks affected her at a young age and shared her experience while reflecting on the impact of body shaming.

dot image
To advertise here,contact us
dot image