

ആരോഗ്യം സൂക്ഷിക്കാൻ എന്തെല്ലാം മാർഗങ്ങൾ തേടാമോ അതൊക്കെ പരീക്ഷിക്കുന്നവർ 2026 ആരംഭിക്കുമ്പോൾ എന്തൊക്കെ മാറ്റങ്ങളാകും ജീവിതത്തിൽ കൊണ്ടുവരിക? ചിലർ പഴയ രീതി പിന്തുടരാനായിരിക്കും തീരുമാനിച്ചിരിക്കുക. എന്നാൽ 2026ൽ ആരോഗ്യവുമായി ബന്ധപ്പെട്ട് ട്രൻഡായി മാറാൻ പോകുന്ന ചില കാര്യങ്ങളെ കുറിച്ച് പറയുകയാണ് സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ന്യൂട്രീഷ്യണിസ്റ്റായ രുചുത ദിവേകർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവച്ച പോസ്റ്റിൽ രുചുത പറയുന്നത് മൂന്ന് മാറ്റങ്ങളെ കുറിച്ചാണ്.
അതിൽ ആരും പ്രതീക്ഷിക്കാത്തൊരു ട്രൻഡ് 2026ൽ നിരവധി പേർ മദ്യം ഉപേക്ഷിക്കുമെന്നതാണ്. പടിഞ്ഞാറൻ നാടുകളിൽ മദ്യത്തിന്റെ ജനപ്രീതി നന്നേ ഇടിഞ്ഞുവെന്നാണ് രുചുത പറയുന്നത്. ഇത് ആരോഗ്യത്തിനുണ്ടാക്കുന്ന ഗുണങ്ങളെ കുറിച്ച് പറയേണ്ടതില്ലല്ലോ. ഇന്ത്യയും മറ്റ് വികസിത രാജ്യങ്ങളും ഈ ട്രൻഡ് പിൻതുടരുമെന്നാണ് പ്രതീക്ഷയെന്നാണ് രുചുത പറയുന്നത്.
മദ്യം മനുഷ്യ ശരീരത്തിലെ ദഹനവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് ഡോക്ടറായ ജയന്താ താക്കുരിയയും ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് ഉറക്കത്തെയും സാരമായി തന്നെ ബാധിക്കും. മാത്രമല്ല മരുന്നു കഴിക്കുന്നവരാണെങ്കിൽ, അത് മദ്യവുമായി ചേർന്ന് ഉണ്ടാക്കുന്ന റീയാക്ഷനുകൾ വലിയ അപകടം വരുത്തി വയ്ക്കുകയും ചെയ്യും. ഇത് ചിലപ്പോൾ ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാകും സൃഷ്ടിക്കുക. കലോറി നിറഞ്ഞ മദ്യത്തിനൊപ്പം സ്‌നാക്കുകൾ ഉപയോഗിക്കുന്നവരാണെങ്കിൽ വണ്ണം കൂടാനുള്ള സാധ്യതയും തള്ളിക്കള്ളയാനാവില്ല. വല്ലപ്പോഴും ഒരുപാട് അളവിൽ മദ്യം കഴിക്കുന്ന ശീലവും ആരോഗ്യം നശിപ്പിക്കും. ഹൃദയവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ മാത്രമല്ല, ഇത്തരം ശീലങ്ങൾ കരളിനെയും ബാധിക്കാം, ചിലപ്പോൾ ജീവൻ തന്നെ നഷ്ടപ്പെടാമെന്ന് ആരോഗ്യ വിദഗ്ദരും ചൂണ്ടിക്കാട്ടുന്നുണ്ട്.
പ്രധാനമായും രുചുത ചൂണ്ടിക്കാട്ടുന്ന മാറ്റങ്ങളില്‍ മറ്റൊന്ന് പ്രോട്ടീൻ 'പ്രിയ'ത്തിൽ വരുന്ന ഇടിവാണ്. 2025ൽ പ്രോട്ടീൻ കഴിക്കേണ്ടതിന്റെ ആവശ്യകത വലിയ ചർച്ചയായപ്പോൾ, വിൽപനക്കാർക്കാണ് ഇതുമൂലം ഉപയോഗമുണ്ടായതെന്ന് ഏതാണ്ടൊക്കെ ആളുകൾ മനസിലാക്കി കഴിഞ്ഞുവെന്നാണ് രുചുത വ്യക്തമാക്കുന്നത്. ക്ലീൻ ഈറ്റിങ് കൾച്ചറിന്റെ ഭാഗമാണ് പ്രോട്ടീൻ ഭ്രമം എന്നാണ് സെലിബ്രിറ്റി ഡയറ്റീഷ്യനായ സിമ്രിത് കതൂരിയയും പറയുന്നത്. ശാസ്ത്രീയ വശങ്ങളെ കുറിച്ച് ചിന്തിക്കാതെ പൊതു ധാരണയുടെ അടിസ്ഥാനത്തിലുണ്ടായ ഈ കാഴ്ചപ്പാട് അവസാനിക്കുമെന്നാണ് കരുതപ്പെടുന്നത്.
മറ്റൊരു ട്രൻഡ് വണ്ണം കുറയ്ക്കാനുള്ള മരുന്നിന്റെ വ്യാപനമായിരിക്കുമെന്നാണ് ഇവർ പറയുന്നത്. ഗുളിക കഴിച്ച് വണ്ണം കുറയ്ക്കുന്ന ട്രൻഡിന് നല്ല സ്വീകാര്യതയാണ് പ്രതീക്ഷിക്കുന്നതത്രേ. എന്നാൽ ഇത് ഉപയോഗിച്ചതോടെ ഉണ്ടാവുന്ന മോശം ഫലം മനസിലാക്കി ആ ശീലം പലരും ഉപേക്ഷിക്കുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. വണ്ണം കുറയ്ക്കാനായി ഉപയോഗിക്കുന്ന സെമാഗ്ലൂടൈഡ്, ലിറാഗ്ലൂടൈഡ് എന്നിവ ഛർദി, വയറിളക്കം, മലബന്ധം, വിശപ്പില്ലായ്മ തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്നുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ വരെ ബാധിക്കാൻ സാധ്യതയുള്ളതിനാൽ ഡോക്ടർമാരുടെ നിർദേശമില്ലാതെ ഉപയോഗിക്കാൻ പാടില്ലെന്നാണ് പറയുന്നത്.
Content Highlights: A celebrity nutritionist has said that alcohol consumption is expected to decrease in 2026. The statement links changing lifestyle habits and growing health awareness to a possible reduction in alcohol intake in the coming year.