

ഡിജിറ്റൽ ഇടപാടുകളും ഓൺലൈൻ ബാങ്കിംഗും വർച്വൽ സേവനങ്ങളും ദൈനംദിന ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഈ കാലഘട്ടത്തിൽ സൈബർ കുറ്റകൃത്യങ്ങളിൽ നിന്ന് രക്ഷപെടാൻ പ്രത്യക നടപടികളുമായി ദുബായ് സൈബർ സുരക്ഷാ വിഭാഗം. ഇതിന്റെ ഭാഗമായി ശക്തമായ സമ്പദ്‌വ്യവസ്ഥ, അറിവുള്ള ഒരു സമൂഹം എന്ന പേരിൽ ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റർ പ്രത്യേക ബോധവത്ക്കരണ പരിപാടി ആരംഭിച്ചിട്ടുണ്ട്.
ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെയും എഐ സംവിധാനത്തിന്റെയും ദുരുപയോഗം, ഡീപ്പ്ഫേക്ക് കൃത്രിമങ്ങൾ എന്നിവ സൈബർ കുറ്റവാളികളുടെ സ്വഭാവത്തിൽ വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചിട്ടുള്ളത്. ഈ സമയത്ത് സാമ്പത്തിക സുരക്ഷിതത്വം നിലനിർത്താൻ തട്ടിപ്പുകളെക്കുറിച്ചുള്ള ജനങ്ങളുടെ അബവോധവും അധികൃതരുടെ ഇടപെടലും അനിവാര്യമാണെന്ന് ദുബായ് ഇക്കണോമിക് സെക്യൂരിറ്റി സെന്റർ സിഇഒ ഫൈസൽ ബിൻ സുലൈത്തീൻ ഗൾഫ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ വിശദീകരിച്ചു.
പ്രധാനമായും അഞ്ച് സുരക്ഷാനിർദ്ദേശങ്ങളാണ് അധികൃതർ മുന്നോട്ടുവെയ്ക്കുന്നത്;
അപരിചിതരായ ഉറവിടങ്ങളുമായി വ്യക്തിപരമോ ബാങ്ക് സംബന്ധമായോ ആയ വിവരങ്ങൾ പങ്കുവെക്കുന്നത് ഒഴിവാക്കുക.
സന്ദേശങ്ങൾ, ഇമെയിലുകൾ, ലിങ്കുകൾ എന്നിവയുടെ ആധികാരികത ഉറപ്പുവരുത്തുക.
അസ്വാഭാവികമായി ഉയർന്നതോ റിസ്ക് ഇല്ലാത്തതോ ആയ ലാഭം വാഗ്ദാനം ചെയ്യുന്ന ഓഫറുകളെക്കുറിച്ച് ജാഗ്രത പാലിക്കുക.
ലൈസൻസുള്ളതും വിശ്വസ്തവുമായ സാമ്പത്തിക സ്ഥാപനങ്ങളുമായോ ബിസിനസ്സുകളുമായോ മാത്രം ഇടപാടുകൾ നടത്തുക.
സംശയാസ്പദമായ പ്രവർത്തനങ്ങൾ ഔദ്യോഗിക ചാനലുകൾ വഴി ഉടൻ റിപ്പോർട്ട് ചെയ്യുക.
ഈ അഞ്ച് നിർദ്ദേശങ്ങൾ പാലിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് സൈബർ കുറ്റവാളികളിൽ നിന്ന് അകലം പാലിക്കാൻ കഴിയുമെന്നാണ് അധികൃതർ വ്യക്തമാക്കി.
Content Highlights: The Dubai Economic Security Center has released five safety guidelines to help people identify online fraud. The advisory aims to raise awareness about cyber scams and encourage safer digital practices among residents to prevent financial losses.