വി കെ ഇബ്രാഹിംകുഞ്ഞിന് വിട; ഖബറടക്കം നാളെ, അനുശോചിച്ച് നേതാക്കൾ

രാത്രി 9 മണിയോടെ മൃതദേഹം ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് എത്തിക്കും

വി കെ ഇബ്രാഹിംകുഞ്ഞിന് വിട; ഖബറടക്കം നാളെ, അനുശോചിച്ച് നേതാക്കൾ
dot image

കൊച്ചി: മുൻ മന്ത്രിയും മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിം കുഞ്ഞിന്‍റെ വിയോഗത്തിൽ അനുശോചിച്ച് നേതാക്കൾ. ഖബറടക്കം നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാമസ്ജിദ് ഖബർ സ്ഥാനിൽ നടക്കും. ഇന്ന് വൈകിട്ട് ആറ് മണി മുതൽ സൗത്ത് കളമശ്ശേരി ഞാലകം കൺവൻഷൻ സെൻ്ററിൽ പൊതുദർശനം നടത്തും. രാത്രി 9 മണിയോടെ മൃതദേഹം ആലങ്ങാട് ചിറയത്തെ വീട്ടിലേക്ക് എത്തിക്കും.

എല്ലാവരിലാലും ഇഷ്ടപ്പെട്ട വ്യക്തിയായിരുന്നു ഇബ്രാഹിം കുഞ്ഞെന്നും തൻ്റെ കൈയിൽ കിട്ടിയ ഏത് സ്ഥാനവും ഭം​ഗിയായി അദ്ദേഹം നിർവഹിച്ചെന്നും ഇ ടി മുഹമ്മദ് ബഷീര്‍ എംപി അനുശോചിച്ചു. പെരുമാറ്റ രീതിയിൽ വളരെ സൗമനായ വ്യക്തിയായിരുന്നു അദ്ദേഹം എന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറഞ്ഞു.

വികെ ഇബ്രാഹിം കുഞ്ഞിന്റെ മരണത്തിലൂടെ മുസ്ലിം ലീഗിന് ഉണ്ടായത് കനത്ത നഷ്ടമാണെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. ഹൃദയങ്ങളിലേക്ക് സ്നേഹ പാലം പണിത വ്യക്തിയാണെന്നും പാർട്ടിയുടെ മതേതര മുഖമാണെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പാണക്കാട് കുടുംബവുമായി അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി.

വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ നിര്യാണം വേദനിപ്പിക്കുന്നുവെന്നും മരണം കേരളത്തിൻ്റെയും ലീഗിൻറെ നഷ്ടമാണെന്നും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കേരളത്തിൻറെ വികസന പ്രക്രിയയിൽ വലിയ പങ്കുവഹിച്ച വ്യക്തിയായിരുന്നുവെന്നും സമയബന്ധിതമായി കാര്യങ്ങൾ ചെയ്യാൻ കഴിവുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി അനുശോചിച്ചു.

പൊതുമരാമത്ത് മന്ത്രി ആയിരുന്ന കാലത്ത് കേരളത്തിലെ റോഡുകൾ നല്ല നിലയിൽ പരാതി കൂടാതെ കൊണ്ടുനടന്ന് കഴിവ് പ്രകടിപ്പിച്ച മന്ത്രിയായിരുന്നു. പാർട്ടിക്ക് നൽകിയ സംഭാവന ചെറുതല്ലയെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉയർച്ചയും താഴ്ചയും വിമർശനങ്ങളെല്ലാം
തന്റേതായ എളിമയിലൂടെ കൈകാര്യം ചെയ്ത അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായിരുന്നു അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തിൽ കോണ്‍ഗ്രസ് നേതാവ് രമേശ്‌ ചെന്നിത്തലയും അനുശോചിച്ചു. നല്ലൊരു സുഹൃത്തിനെയും സഹപ്രവർത്തകനെയുമാണ് ഇബ്രാഹിം കുഞ്ഞിന്റെ നിര്യാണത്തോടെ നഷ്ടമായിരിക്കുന്നത്. ഒരേ മുന്നണിയുടെ നേതാക്കൾ എന്നതിനെക്കാളുപരി നല്ലൊരു സുഹൃത്തും, സഹോദരനുമായിരുന്നു അദ്ദേഹമെന്നും രമേശ്‌ ചെന്നിത്തല പ്രതികരിച്ചു.

മന്ത്രിമാർ എന്നനിലയിലും, നിയമസഭാ സാമാജികർ എന്ന നിലയിലും വളരെ അടുത്ത് പ്രവർത്തിക്കാൻ കഴിഞ്ഞ നാളുകൾ ഓർമിക്കുന്നതായും രമേശ്‌ ചെന്നിത്തല അനുശോചിച്ചു. വ്യവസായ മന്ത്രി, പൊതുമരാമത്ത് വകുപ്പ് മന്ത്രി എന്ന നിലകളിളെല്ലാം വലിയ സംഭാവനകൾ അദ്ദേഹം കേരളീയ സമൂഹത്തിന് നൽകി. വി കെ ഇബ്രാഹിം കുഞ്ഞ് കടന്നുപോകുമ്പോൾ നമ്മുടെ ജനാധിപത്യ മതേതര സമൂഹത്തിന് അതൊരു തീരാനഷ്ടം തന്നെയാണെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

വി കെ ഇബ്രാഹിംകുഞ്ഞിൻ്റെ മരണത്തിൽ വ്യവസായ മന്ത്രി പി രാജീവ് അനുശോചനം രേഖപ്പെടുത്തി. ചൊവ്വാഴ്ച രാവിലേയും അദ്ദേഹത്തെ ആശുപത്രിയിൽ സന്ദർശിച്ചിരുന്നുവെന്നും അസുഖ ബാധിതനായിരിക്കേ പലവട്ടം ആലുവയിലെ വീട്ടിൽ എത്തിയും കണ്ടിരുന്നുവെന്നും പി രാജീവ് പറഞ്ഞു.

വിദ്യാർത്ഥി, യുവജന സംഘടനാ നേതാവിൽ നിന്ന് ഭരണാധികാരിയായും രാഷ്ട്രീയ നേതാവുമായി വളർന്ന അദ്ദേഹത്തിന് പതിറ്റാണ്ടുകളുടെ അനുഭവ സമ്പത്തുണ്ടായിരുന്നു. രണ്ട് രാഷ്ട്രീയ പാർടികളിലായിരുന്നെങ്കിലും ട്രേഡ് യൂണിയൻ രംഗത്ത് നിരവധി തവണ ഒന്നിച്ചുപ്രവർത്തിച്ചിട്ടുണ്ട്. തൊഴിലാളികളെ സംബന്ധിച്ച പ്രശ്നങ്ങളിൽ പലപ്പോഴും ഒരേ നിലപാട് കൈക്കൊണ്ടു. നിയമസഭാംഗമായും രണ്ട് തവണ മന്ത്രിയായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിൻ്റെ വേർപാടിൽ ബന്ധുമിത്രാദികളുടെയും മുസ്ലീം ലീഗ് അംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മന്ത്രി വ്യക്തമാക്കി.

അർബുദബാധയെ തുടർന്ന് എറണാകുളം ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകീട്ടാണ് മരണം സംഭവിച്ചത്. ഹൃദയത്തിന്റെയും കിഡ്‌നിയുടെയും പ്രവർത്തനം തകരാറിൽ ആയിരുന്നു.രണ്ട് തവണ മന്ത്രിയും നാല് തവണ എംഎൽഎയുമായിരുന്നു. വ്യവസായം, പൊതുമരാമത്ത്, സാമൂഹ്യക്ഷേമം വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്. മുസ്‌ലിം ലീഗിന്റെ സമുന്നതനായ നേതാവും ലീഗിന്റെ തെക്കൻ കേരളത്തിലെ മുഖവുമായിരുന്ന ഇബ്രാഹിം കുഞ്ഞ് ട്രേഡ് യൂണിയൻ രംഗത്തും തിളങ്ങി. മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി പ്രസ്ഥാനങ്ങളായ എംഎസ്എഫ്, യൂത്ത് ലീഗ് എന്നിവയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം.

2001, 2006 തെരഞ്ഞെടുപ്പുകളിൽ മട്ടാഞ്ചേരിയിൽ നിന്നും 2011, 2016 തെരഞ്ഞെടുപ്പുകളിൽ കളമശ്ശേരിയിൽ നിന്നും നിയമസഭയിലെത്തി. 2005 ജനുവരി മുതൽ 2006 മെയ് വരെ വ്യവസായ, സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയായി. ഐസ്‌ക്രീം കേസിൽ പി കെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്നാണ് 2005ൽ ഇബ്രാഹിം കുഞ്ഞ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് വരുന്നത്. 2011 മുതൽ 2016 വരെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്നു.

Content Highlight : Former minister and Muslim League leader v k ebrahimkunju funeral tomorrow morning, leaders offer condolences. A Funeral Procession will be held at the Njalakam Convention Center, South Kalamassery from 6 pm today.

dot image
To advertise here,contact us
dot image