എല്ലാ മക്കളുടെയും സ്വപ്നം! അമ്മയെ തൻ്റെ ഗൂഗിൾ ഓഫീസിലേക്ക് കൊണ്ടുവന്ന് മകൻ; അഭിമാനമെന്ന് സോഷ്യൽ മീഡിയ

ആ സമയത്ത് ഇരുവരുടെയും മുഖത്തുള്ള സന്തോഷം, പ്രത്യേകിച്ച് മകന്റെ മുഖത്തുള്ള സന്തോഷം എടുത്തുപറയേണ്ടതാണ്

എല്ലാ മക്കളുടെയും സ്വപ്നം! അമ്മയെ തൻ്റെ ഗൂഗിൾ ഓഫീസിലേക്ക് കൊണ്ടുവന്ന് മകൻ; അഭിമാനമെന്ന് സോഷ്യൽ മീഡിയ
dot image

മക്കൾക്ക് ഒരു നല്ല ജോലി ലഭിക്കുക എന്നത് ഏതൊരു അച്ഛനമ്മമാരുടെയും സ്വപ്നമാണ്. അതിന് വേണ്ടി പല മാതാപിതാക്കളും അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെടാറുണ്ട്. അങ്ങനെ പല കഥകൾ നമ്മൾ കേട്ടിട്ടുണ്ടാകും. രാത്രി മുഴുവൻ മക്കൾക്കായി ഉറക്കമിളച്ച്, അവർക്ക് വേണ്ടതെല്ലാം ചെയ്തുകൊടുക്കുന്ന മാതാപിതാക്കളുടെ കഥകൾ. അങ്ങനെയുള്ളവർക്ക് മക്കൾ ചെയ്യുന്ന ഏറ്റവും വലിയ കാര്യം അവരുടെ കരിയർ സക്സസ് ആക്കുക എന്നതാണ്. അത്തരത്തിലൊരു വീഡിയോ ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. ഗൂഗിളിൽ ജോലി ചെയ്യുന്ന മകൻ തന്റെ അമ്മയെ ഓഫീസ് കാണിച്ചുകൊടുക്കാനായി കൊണ്ടുവന്നിരിക്കുകയാണ്. ആ സമയത്ത് ഇരുവരുടെയും മുഖത്തുള്ള സന്തോഷം, പ്രത്യേകിച്ച് മകൻ്റെ മുഖത്തുള്ള സന്തോഷം എടുത്തുപറയേണ്ടതാണ്.

അഭിജയ് അറോറ എന്ന യുവാവാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുഎസിലെ ഗൂഗിൾ ഓഫീസിലാണ് അഭിജയ് ജോലി ചെയ്യുന്നത്. തന്റെ എല്ലാ സ്വപ്നത്തിനും കൂട്ടുനിന്ന, താൻ കംഫർട്ടബിൾ ആണെന്ന് ഉറപ്പുവരുത്തിയ അമ്മയ്ക്ക് തന്റെ ഓഫീസ് കാണിച്ചുനൽകി എന്ന് പറഞ്ഞുകൊണ്ടാണ് അഭിജയ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

അഭിജയ് അമ്മയെ ഓഫീസിലേക്ക് കൊണ്ടുവരുന്നതും അഭിമാനത്തോടെ ഓരോ ഭാഗത്തേക്കും കൂട്ടികൊണ്ടുപോകുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇരുവരും ഭക്ഷണം കഴിക്കുന്നതും ഏറെ സന്തോഷത്തോടെ സമയം ചെലവിടുന്നതുമെല്ലാമാണ് വീഡിയോയിൽ ഉള്ളത്.

ഒപ്പം അഭിജയ് ഒരു കുറിപ്പും പങ്കുവെച്ചിട്ടുണ്ട്. അതിങ്ങനെയാണ്. 'ഈ ദിവസം എനിക്ക് മറക്കാൻ സാധിക്കില്ല. സാൻഫ്രാൻസിസ്‌കോയിലെ എന്റെ ഗൂഗിൾ ഓഫീസ് ഞാൻ അമ്മയ്ക്ക് കാണിച്ചുനൽകി. എനിക്ക് വേണ്ടി എല്ലാം ത്യജിച്ച ആളാണ് എന്റെ അമ്മ. എന്റെ ഒപ്പം എപ്പോഴും നിന്ന എന്റെ സപ്പോർട്ട് സിസ്റ്റം! സ്‌കൂൾ മാറുമ്പോഴും മറ്റും ഞാൻ കംഫർട്ടബിൾ ആണെന്ന് അമ്മ എപ്പോഴും ഉറപ്പുവരുത്തുമായിരുന്നു. എല്ലാ ദിവസവും നാല് മണിക്ക് എഴുന്നേറ്റ് എനിക്ക് വേണ്ടി എല്ലാം ചെയ്തുതന്ന്, ഞാൻ ഏറ്റവും നല്ല ജീവിതമാണ് ജീവിക്കുന്നത് എന്നുറപ്പ് വരുത്തിയ ആളാണ്. അമ്മ എനിക്ക് വേണ്ടി ചെയ്ത ത്യാഗങ്ങൾക്ക് പകരമായി എന്തുചെയ്താലും മതിയാകില്ല' എന്നാണ് അഭിജയ് പറയുന്നത്.

നിരവധി പേരാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. ഒരു മകൻ എന്ന രീതിയിൽ നിങ്ങൾ വിജയിച്ചു എന്നാണ് പലരും എഴുതുന്നത്. മക്കളുടെ നല്ലതിനായും മറ്റും അവരുടെ ജീവിതാഭിലാഷങ്ങളും ആഗ്രഹങ്ങളുമെല്ലാം മാറ്റിവെച്ചവരാകും നമ്മുടെ അച്ഛനമ്മമാർ. അവർക്ക് കിട്ടുന്ന അംഗീകാരമാണ് മക്കളുടെ ഇത്തരം നേട്ടങ്ങൾ എന്നും പലരും പറയുന്നുണ്ട്. എല്ലാ മക്കളുടെയും ആഗ്രഹമാണ് ഇങ്ങനെയൊരു നിമിഷം എന്നുപറഞ്ഞ് അതിനായി പ്രയത്നിച്ച അഭിജയിനെ നിരവധി പേർ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. എന്തായാലും ഈ 'പ്രൗഡ് സൺ' മൊമന്റ് ആളുകൾ ഏറ്റെടുത്തുകഴിഞ്ഞു.

Content Highlights: Son brings mother at her US office and pens a note on her

dot image
To advertise here,contact us
dot image