
നമ്മുടെ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജിംഗ് സ്‌പോട്ടിന് സമീപമുള്ള ഇയർഫോൺ കണക്ട് ചെയ്യാനായുള്ള ഭാഗത്തോട് ചേർന്നുള്ള ചെറിയ ദ്വാരം കണ്ടിട്ടുണ്ടാകുമല്ലോ അല്ലേ. ഉപയോഗം അറിയാത്തതുകൊണ്ട് ഇത് ഫോണിന്റെ ഡിസൈനിന്റെ ഭാഗമാണെന്നാണോ കരുതിയത്? എന്നാല്‍ അങ്ങനെയല്ല. ചിലര്‍ ഇതിനെ സിം ഇജക്ഷന്‍ ഹോള്‍ ആയി തെറ്റിദ്ധരിക്കാറുണ്ട്. ഫോണിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളില്‍ ഒന്നാണത്. ഈ ദ്വാരം കോളുകള്‍, വീഡിയോകള്‍, വോയിസ് റെക്കോര്‍ഡുകള്‍ എന്നിങ്ങനെ ശബ്ദം പിടിച്ചെടുക്കാന്‍ സഹായിക്കുന്നു. ചില ഫോണുകളില്‍ ശബ്ദത്തിന് വ്യക്തത വരുത്താന്‍ നോയിസ് റദ്ദാക്കലിന് ഉപയോഗിക്കുന്ന സെക്കന്‍ഡറി മൈക്കും ആകാം ഇത്.
പുതിയതായി പുറത്തിറങ്ങുന്ന എല്ലാ സ്മാര്‍ട്ട് ഫോണിനും ഒന്നിലധികം മൈക്രോഫോണുകള്‍ ഉണ്ടെന്ന് നമുക്കെല്ലാം അറിയാം അല്ലേ. നമ്മുടെ ശബ്ദം റെക്കോർഡ് ചെയ്യുന്ന പ്രധാന മൈക്കിന് പുറമേ പശ്ചാത്തല ശബ്ദങ്ങള്‍ പകര്‍ത്തുന്ന അധിക മൈക്കുകളും ഫോണിലുണ്ട്. ഇവ നോയിസ് കാന്‍സലേഷന്‍ സോഫ്റ്റ്‌വെയറായി പ്രവര്‍ത്തിക്കുന്നു.
മിക്കവാറും ചാര്‍ജിംഗ് സ്‌പോട്ടിന് സമീപം ഈ ദ്വാരം നമ്മള്‍ കാണാറുള്ളത്. എന്തുകൊണ്ടാണ് മൈക്രാഫോണ്‍ ചാര്‍ജിംഗ് സ്‌പോട്ടിന് സമീപം വച്ചിരിക്കുന്നതെന്നല്ലേ? . കോളുകള്‍ ചെയ്യുമ്പോള്‍ ഫോണിന്റെ അടിഭാഗം സാധാരണയായി നിങ്ങളുടെ വായോട് ഏറ്റവും അടുത്തായിരിക്കും. അതിനാല്‍ മൈക്ക് ഈ ഭാഗത്ത് സ്ഥാപിക്കുന്നത് ശബ്ദം കൂടുതല്‍ വ്യക്തമായി മനസിലാക്കാന്‍ സഹായിക്കും.
ചില ആളുകള്‍ ഇത് സിം ഇജക്ഷന്‍ സ്‌പോട്ട് ആയി തെറ്റിദ്ധരിക്കാറുണ്ട്. ഈ ഹോള്‍ തെറ്റായി കൈകാര്യം ചെയ്യുമ്പോള്‍ അതായത് ഇതിനുള്ളിലേക്ക് പിന്നോ മറ്റെന്തെങ്കിലും വസ്തുക്കളും കുത്തിയിറക്കുമ്പോള്‍ ഹാര്‍ഡ് വെയറിന് കേടുപാടുകള്‍ വരും. മാത്രമല്ല ഫോണ്‍ ഓണായിരിക്കുമ്പോള്‍ ദ്വാരത്തിന് സമീപം ലോഹമോ ചാലക ഉപകരണങ്ങളോ ഉപയോഗിക്കുന്നത് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമാകും. ഇത് മൈക്കിന് മാത്രമല്ല ഫോണിന്റെ മറ്റ് ഭാഗങ്ങള്‍ക്കും കേടുവരുത്തും.
Content Highlights :Do you know what the small hole near the charging spot on smartphones is for?