ഇന്ത്യക്കെതിരായ വിഘടനവാദി ഗ്രൂപ്പുകള്‍ക്ക് താവളമാകുമോ? എങ്ങനെയായിരിക്കും താരിഖ് റഹ്മാന്റെ ബംഗ്ലാദേശ്?

പഴയകാലത്തെ 'അഴിമതിക്കാരനായ രാജകുമാരൻ' എന്ന പ്രതിച്ഛായ മാറ്റിയെടുക്കുക എന്നതായിരിക്കും ഭരണാധികാരി എന്ന നിലയിൽ താരിഖ് റഹ്മാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി

ഇന്ത്യക്കെതിരായ വിഘടനവാദി ഗ്രൂപ്പുകള്‍ക്ക് താവളമാകുമോ? എങ്ങനെയായിരിക്കും താരിഖ് റഹ്മാന്റെ ബംഗ്ലാദേശ്?
എം എസ് ഷൈജു
1 min read|19 Feb 2026, 06:58 pm
dot image

ഫെബ്രുവരി പകുതിയോടെ നടന്ന പൊതു തെരഞ്ഞെടുപ്പിലെ വൻ വിജയത്തിന് ശേഷം, താരിഖ് റഹ്മാൻ ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിരിക്കുകയാണ്. ദീർഘനാളത്തെ പ്രവാസത്തിന് ശേഷം വീണ്ടും ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ സജീവമായ താരിഖ് റഹ്മാൻ്റെ പുതിയ വഴികളെ ഇന്ത്യയടക്കമുള്ള അയൽ രാജ്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഒരു വിപ്ലവത്തിലൂടെയോ പ്രക്ഷോഭത്തിലൂടെയോ പെട്ടെന്ന് രാഷ്ട്രീയത്തിലേക്ക് വന്ന പുതുക്കക്കാരനല്ല താരിഖ്. പതിറ്റാണ്ടുകളുടെ രാഷ്ട്രീയ പാരമ്പര്യവും ശൈലിയുമുള്ള ഇരുത്തം വന്ന രാഷ്ട്രീയക്കാരനായ താരിഖ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത് നയങ്ങളിലും നിലപാടുകളിലും അദ്ദേഹം പ്രകടിപ്പിക്കാൻ ശ്രമിക്കുന്ന മാറ്റങ്ങൾ കൊണ്ടാണ്. ദീർഘകാലമായി അദ്ദേഹത്തിൻ്റെ പാർട്ടിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയും ബംഗ്ലാദേശിലെ ജമാഅത്തെ ഇസ്ലാമിയും തമ്മിൽ നിലനിന്നിരുന്ന രാഷ്ട്രീയ ബന്ധത്തിന് വിരാമമിട്ട് കൊണ്ടാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പിനെ അവർ നേരിട്ടത്.

Tariq Rahman
താരിഖ് റഹ്മാൻ

ഷെയ്ഖ് ഹസീനയെ അധികാര ഭ്രഷ്ടയാക്കിയ ആഭ്യന്തര പ്രക്ഷോഭത്തെ തുടർന്ന് രാജ്യത്തിൻ്റെ ഭരണ സിരാ കേന്ദ്രത്തിലും ഭരണപരമായ മറ്റ് മേഖലകളിലും ജമാഅത്തെ ഇസ്ലാമി ഒരു നിർണായകമായ ശക്തിയായി നില കൊണ്ടിരുന്നു. ജമാഅത്തെ ഇസ്ലാമി കൂടി പിന്തുണച്ച് കൊണ്ടാണ് പ്രക്ഷോഭാനന്തരം മുഹമ്മദ് യൂനുസിൻ്റെ നേതൃത്വത്തിൽ ഒരു ഇടക്കാല ഭരണകൂടം ബംഗ്ലാദേശിൽ രൂപംകൊണ്ടത്. ഈ തെരഞ്ഞെടുപ്പോടെ ജമാഅത്തെ ഇസ്ലാമി ബംഗ്ലാദേശ് ഭരണകൂടത്തിലെ ഒരു നിർണായക ശക്തിയാകുമെന്ന നിലയിലുള്ള നിരീക്ഷണങ്ങൾ ശക്തമായിരുന്നു. എന്നാൽ ഷെയ്ഖ് ഹസീനയുടെ ഭരണകൂടത്തിനെതിരായി രാജ്യത്ത് പൊട്ടിപ്പുറപ്പെട്ട വിദ്യാർഥി പ്രക്ഷോഭത്തെ ഹൈജാക്ക് ചെയ്ത് കൊണ്ട് ബംഗ്ലാദേശ് രാഷ്ട്രീയത്തെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിച്ച ജമാഅത്തെ ഇസ്ലാമിക്ക് വലിയ ക്ഷീണമേൽപ്പിച്ച് കൊണ്ടാണ് താരിഖ് റഹ്മാനും അദ്ദേഹത്തിൻ്റെ പാർട്ടിയും അധികാരത്തിലെത്തിയിരിക്കുന്നത്.

ബിഎൻപിയുമായി ചേർന്ന് ഒരു സർക്കാരുണ്ടാക്കാമെന്നും ഷെയ്ഖ് ഹസീനയുടെ രാഷ്ട്രീയാവരോഹണത്തിന് ശേഷമുള്ള രാഷ്ട്രീയ മേൽക്കൈ വഴി മുന്നണിയിലെ പ്രബല കക്ഷിയാകാമെന്നുമുള്ള ജമാഅത്തെ ഇസ്ലാമിയുടെ പ്രതീക്ഷകളെ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ അവരുമായുള്ള എല്ലാ ബന്ധവും വിച്ഛേദിക്കുന്നതായി പ്രഖ്യാപിച്ചത് വഴി താരിഖ് തകർത്തിരുന്നു. എന്നാൽ അതൊരു കേവലമായ തെരഞ്ഞെടുപ്പ് തീരുമാനമല്ലെന്നും നയപരമായ ഒരു മാറ്റമാണെന്നും കൂടി പ്രഖ്യാപിക്കാനാണ് താരിഖ് ഇപ്പോൾ ശ്രമിക്കുന്നത്. തീവ്ര സ്വഭാവമുള്ള എല്ലാ മത കക്ഷികളിൽ നിന്നും അകലം പാലിക്കണമെന്നാണ് ബി എൻ പി തീരുമാനിച്ചിരിക്കുന്നത്. അവരുടെ ഈ തീരുമാനത്തെ വ്യക്തമായ ഒരു നയം മാറ്റത്തിൻ്റെ ഭാഗമായാണ് രാഷ്ട്രീയ നിരീക്ഷകർ നോക്കിക്കാണുന്നത്. ഒരു വലതുപക്ഷ പാർട്ടിയാണെങ്കിലും ഒരു മിതവാദി വലതുപക്ഷമായി മാറാനാണ് ബി എൻ പി ആഗ്രഹിക്കുന്നതെന്നാണ് ഈ മാറ്റങ്ങൾ സൂചിപ്പിക്കുന്നത്. പാർട്ടി മുന്നോട്ട് വെക്കുന്ന മാനിഫെസ്റ്റോയിലും ഈയൊരു മാറ്റം നമുക്ക് കാണാൻ പറ്റും.

മത തീവ്രവാദത്തെ എതിർക്കുന്ന ഒരു നയമാണ് താൻ പുലർത്താൻ ആഗ്രഹിക്കുന്നതെന്നാണ് താരിഖ് മാധ്യമ പ്രവർത്തകരോട് പറയുന്നത്. മത രാഷ്ട്രീയത്തെ നേർക്കുനേർ എതിർക്കുന്ന ആശയപരമായ ശക്തിയുള്ള പ്രസ്താവനകളൊന്നും അദ്ദേഹം പറയുന്നില്ലെങ്കിലും ജനങ്ങൾക്ക് സാമ്പത്തിക ഭദ്രതയും തൊഴിലും ഉറപ്പാക്കിയാൽ അവർ തീവ്രവാദ ചിന്തകളിൽ നിന്ന് വിട്ടുനിൽക്കുമെന്ന് പറയാൻ താരിഖ് സന്നദ്ധനാകുന്നുണ്ട്. പുതിയ സർക്കാരിൻ്റെ രാഷ്ട്രീയ നയമായി പല അന്താരാഷ്ട്രാ മാധ്യമങ്ങളും ഈയൊരു മാറ്റത്തെ നോക്കിക്കാണുന്നുണ്ടെങ്കിലും രാജ്യത്ത് മതാത്മക രാഷ്ട്രീയത്തിന് അവിഹിതമായ നിലയിൽ പ്രവർത്തിക്കാനും അത് വഴി തീവ്രമായ മതേതര വിരുദ്ധ ആശയങ്ങൾ പ്രചരിപ്പിക്കാനും വഴിയൊരുക്കിയ രാഷ്ട്രീയ ചങ്ങാതി എന്ന നിലയിൽ നിന്ന് ബിഎൻപിക്കും താരിഖ് റഹ്മാനും എത്രത്തോളം മാറാൻ കഴിയുമെന്ന് സംശയിക്കുന്ന ചർച്ചകളും സമകാലിക ബംഗ്ലാദേശ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്.

താരിഖിൻ്റെ രാഷ്ട്രീയം

ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ ഒരേസമയം ശക്തനായ നേതാവായും വിവാദങ്ങളുടെ കേന്ദ്രബിന്ദുവായും അറിയപ്പെടുന്ന വ്യക്തിയാണ് താരിഖ് റഹ്മാൻ. അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതം വളർച്ചയുടെയും വിവാദങ്ങളുടെയും തിരസ്കരണത്തിൻ്റെയും ഒരു സമ്മിശ്ര രൂപമാണ്. ​താരിഖ് റഹ്മാന്റെ രാഷ്ട്രീയ നയം പ്രധാനമായും 'സബാർ ആഗേ ബംഗ്ലാദേശ്' (ബംഗ്ലാദേശ് ഫസ്റ്റ്) എന്ന ആശയത്തിൽ ഊന്നിയതാണ്. എപ്പോൾ വേണമെങ്കിലും ശക്തിപ്പെടാവുന്ന തീവ്ര ദേശീയതയുടെ ലാഞ്ചനകൾ അതിലുണ്ട്. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ എക്കാലത്തും ചെലവാകുന്ന ഒരു ചരക്കാണ് ബംഗ്ലാദേശ് എല്ലാറ്റിനും മുകളിൽ എന്ന ദേശീയതാ രാഷ്ട്രീയം. എല്ലാവരും അതെടുത്ത് പയറ്റാറുമുണ്ട്. അതോടൊപ്പം സീറോ ടോളറൻസ് നയത്തിലൂടെ അഴിമതി തുടച്ചുനീക്കുമെന്നും സുതാര്യമായ ഭരണം കാഴ്ചവെക്കുമെന്നും താരിഖ് റഹ്മാൻ ജനങ്ങൾക്ക് മുന്നിൽ വാഗ്ദാനം നൽകിയിട്ടുണ്ട്.

Tariq Rahman taking Oath as Bangladesh PM
താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു

അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി പ്രധാനമന്ത്രി പദത്തിന് പരമാവധി രണ്ട് ടേം (10 വർഷം) എന്ന പരിധി ഏർപ്പെടുത്തുന്നത് ഉൾപ്പെടെയുള്ള ഭരണഘടനാ പരിഷ്കാരങ്ങളും അദ്ദേഹം മുന്നോട്ടുവെക്കുന്നുണ്ട്. വലിയ വികസന പദ്ധതികളും നയം മാറ്റവുമൊക്കെ മുന്നോട്ട് വെക്കുന്നെങ്കിലും താരിഖ് റഹ്മാന് മുന്നിലുള്ള ഏറ്റവും പ്രധാന വെല്ലുവിളി അദ്ദേഹത്തിൻ്റെ തന്നെ പൂർവകാല രാഷ്ട്രീയ നിലപാടുകളും പ്രവർത്തനങ്ങളും തന്നെയായിരിക്കും.

2001-2006 കാലത്ത് അമ്മ ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്നപ്പോൾ സമാന്തര അധികാരത്തിൻ്റെയും സ്വജന പക്ഷപാതത്തിൻ്റേയും അഴിമതിയുടെയും പേരിൽ വലിയ ആക്ഷേപങ്ങൾ താരിഖ് റഹ്മാൻ കേട്ടിട്ടുണ്ട്. ഭരണഘടനയ്ക്ക് പുറത്തുള്ള ഒരു സമാന്തര ഭരണകൂടം തന്നെ അന്ന് നടന്നിരുന്നതായി പരക്കെ ആരോപിക്കപ്പെട്ടിരുന്നു. ധാക്കയിലെ ഓഫീസായ ഹവാ ഭവൻ കേന്ദ്രീകരിച്ചായിരുന്നു താരിഖ് ഭരണം നിയന്ത്രിച്ചിരുന്നത്. മന്ത്രിമാരെ നിയമിക്കുന്നതും വലിയ കരാറുകൾ നൽകുന്നതും ഇവിടെ വെച്ചാണെന്ന് വിമർശകർ ആരോപിച്ചിരുന്നു. ഖാലിദ സിയ സർക്കാരിന് ഏൽക്കേണ്ടി വന്ന അഴിമതിയുടെ സൂത്രധാരനെന്നാണ് താരിഖ് റഹ്മാൻ അന്ന് വിളിക്കപ്പെട്ടിരുന്നത്. എല്ലാ സർക്കാർ കരാറുകളിലും അദ്ദേഹം 10 ശതമാനം കമ്മീഷൻ വാങ്ങിയിരുന്നതായി ആക്ഷേപമുണ്ടായിരുന്നു. ഇതുകാരണം ഖാലിദ സിയ ഭരണം ക്ലെപ്റ്റോക്രസി (അഴിമതിക്കാരുടെ ഭരണം) എന്ന് വിശേഷിപ്പിക്കപ്പെട്ടു. ഗ്രാമങ്ങളിലെ വൈദ്യുതിവർക്കരണത്തിൻ്റെ പേരിലും വലിയ ആക്ഷേപങ്ങൾ ഉയർന്നിരുന്നു.

2004 ഓഗസ്റ്റ് 21ലെ ഗ്രനേഡ് ആക്രമണം താരിഖ് റഹ്മാൻ്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കറുത്ത അധ്യായമാണ്. അന്ന് പ്രതിപക്ഷ നേതാവായിരുന്ന ഷെയ്ഖ് ഹസീനയെ വധിക്കാൻ ലക്ഷ്യമിട്ട് നടന്ന ഗ്രനേഡ് ആക്രമണത്തിന് പിന്നിൽ താരിഖ് റഹ്മാനാണെന്നാണ് ആരോപിക്കപ്പെട്ടത്. ഈ സംഭവത്തിൽ അന്ന് 24 പേർ കൊല്ലപ്പെട്ടിരുന്നു. ​ഷെയ്ഖ് ഹസീന സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം നടന്ന വിചാരണയിൽ താരിഖിന് ജീവപര്യന്തം തടവ് ശിക്ഷയാണ് വിധിച്ചത്. എന്നാൽ കോടതി അദ്ദേഹത്തെ പിന്നീട് കുറ്റവിമുക്തനാക്കി. ​2007-ൽ സൈനിക പിന്തുണയുള്ള കാവൽ സർക്കാർ ബംഗ്ലാദേശിൽ അധികാരമേറ്റപ്പോൾ താരിഖ് അറസ്റ്റിലായി. ജയിലിൽ വെച്ച് അദ്ദേഹം ക്രൂരമായ പീഡനത്തിന് ഇരയായതായും നട്ടെല്ലിന് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തുടർന്ന് ചികിത്സയ്ക്കായി 2008-ൽ ലണ്ടനിലേക്ക് പോയ താരിഖ് 17 വർഷത്തോളം ലണ്ടനിലിരുന്നുകൊണ്ടാണ് പാർട്ടിയെ നയിച്ചത്. ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് നടന്ന പല കേസുകളിലും ശിക്ഷിക്കപ്പെട്ടിരുന്നതിനാൽ 2024 ഓഗസ്റ്റിൽ ഹസീന പുറത്താക്കപ്പെടുന്നത് വരെ താരിഖ് നാട്ടിലേക്ക് വന്നിരുന്നില്ല.

ഒരു സ്വതന്ത്ര രാജ്യമായി മാറിയതിന് ശേഷം ബംഗ്ലാദേശിലെ മതേതര രാഷ്ട്രീയം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി രാജ്യത്തെ ഇസ്ലാമിസ്റ്റുകളുടെ നിലപാടുകളാണ്. ഇത്തരം തീവ്ര ഇസ്ലാമിസ്റ്റ് കക്ഷികളുടെ ചങ്ങാത്തം ഒഴിവാക്കി ഒരു മിതവാദി പരിവേഷം അണിയാൻ ശ്രമിക്കുകയും ജനാധിപത്യം, സാമ്പത്തിക പരിഷ്കാരം, അഴിമതി വിരുദ്ധത എന്നിവയിലാണ് താൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് അവകാശപ്പെടുകയും ചെയ്യുമ്പോൾ
​പഴയകാലത്തെ അഴിമതിക്കാരനായ രാജകുമാരൻ എന്ന പ്രതിച്ഛായ മാറ്റിയെടുക്കുക എന്നതായിരിക്കും ഭരണാധികാരി എന്ന നിലയിൽ താരിഖ് റഹ്മാൻ നേരിടാൻ പോകുന്ന ഏറ്റവും വലിയ വെല്ലുവിളി
എന്നതുറപ്പാണ്.

ഷെയ്ഖ് ഹസീനയും താരിഖും

ബംഗ്ലാദേശിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ട് വിരുദ്ധ ധ്രുവങ്ങളാണ് ഷെയ്ഖ് ഹസീനയും താരിഖ് റഹ്മാനും. ഇവരുടെ രാഷ്ട്രീയ ശൈലിയും പ്രത്യയശാസ്ത്രവും തമ്മിൽ വലിയ അന്തരങ്ങൾ പ്രത്യക്ഷമായിത്തന്നെയുണ്ട്. ഷെയ്ഖ് ഹസീനയും താരിഖും ബംഗ്ലാദേശിലെ രണ്ട് പ്രഗത്ഭ രാഷ്ട്രീയ വ്യക്തിത്വങ്ങളുടെ മക്കളാണ്. ബംഗ്ലാദേശ് രാഷ്ട്ര പിതാവായ ഷെയ്ഖ് മുജീബുറഹ്മാൻ്റെ മകളാണ് ഹസീന. താരിഖ്, ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകൻ സിയാവു റഹ്മാൻ്റെ മകനും. പ്രത്യയശാസ്ത്രപരമായ അടിത്തറയിൽ തന്നെ രണ്ട് പേരുടെ രാഷ്ട്രീയവും വിരുദ്ധ ധ്രുവങ്ങളിലാണ്. ബംഗ്ലാദേശിന്റെ വിമോചന മൂല്യങ്ങളിലും മതേതരത്വത്തിലുമാണ് ഹസീന ഊന്നൽ നൽകിയത്. ബംഗാളി ദേശീയതയിലൂന്നിയുള്ള രാഷ്ട്രീയമായിരുന്നു അവരുടേത്. ഇസ്ലാമിസ്റ്റ് പാർട്ടികളോട്, പ്രത്യേകിച്ച് ജമാഅത്തെ ഇസ്ലാമിയോട് അവർ കടുത്ത ശത്രുത പുലർത്തിയിരുന്നു.

Sheikh Haseena
ഷെയ്ഖ് ഹസീന

​താരിഖ് റഹ്മാൻ്റെ രാഷ്ട്രീയവും ബംഗ്ലാദേശി ദേശീയതയിലാണ് വിശ്വസിക്കുന്നതെങ്കിലും മതേതരത്വത്തേക്കാൾ മത മൂല്യങ്ങൾക്ക് മുൻഗണന നൽകുന്ന ഒരു വലതുപക്ഷ സമീപനമായിരുന്നു താരിഖിന്റേത്. മുൻകാലങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുമായി ചേർന്ന് പ്രവർത്തിച്ചിരുന്ന അദ്ദേഹം, ഇപ്പോൾ കൂടുതൽ മിതവാദി പ്രതിച്ഛായക്ക് ശ്രമിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ഒരു യാഥാസ്ഥിതിക രാഷ്ട്രീയക്കാരനാണ്.
​ഷെയ്ഖ് ഹസീന ഭരണകൂടത്തിന് മേൽ പൂർണ്ണ നിയന്ത്രണമുള്ള, ഏകപക്ഷീയമായ ഒരു അയൺ ലേഡി ശൈലിയായിരുന്നു നിലനിർത്തിയത്. സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് പ്രതിപക്ഷത്തെ അടിച്ചമർത്തുന്നതിൽ അവർ വിട്ടുവീഴ്ച കാണിച്ചില്ല. വികസനത്തിന് വേണ്ടി ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ ബലികഴിക്കാൻ പോലും അവർ തയ്യാറായി. അതിൻ്റെ പ്രത്യാഘാതങ്ങളാണ് അവർക്ക് നേരിടേണ്ടി വന്നത്.


​ഷെയ്ഖ് ഹസീന ഇന്ത്യയുടെ ഏറ്റവും വിശ്വസ്തയായ സുഹൃത്തായിരുന്നു. അവരും അവരുടെ പാർട്ടിയും പുലർത്തുന്ന രാഷ്ട്രീയ സമീപനങ്ങളുടെ സ്വഭാവികമായ ഉൽപന്നം കൂടിയായിരുന്നു അവരുടെ ഇന്ത്യയോടുള്ള നിലപാട്. വടക്കുകിഴക്കൻ ഇന്ത്യയിലെ തീവ്രവാദികളെ അടിച്ചമർത്തുന്നതിലും കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിലും ഇന്ത്യയെ അവർ സഹായിച്ചു. പല മേഖലകളിലും ഇന്ത്യ തിരിച്ചും. ഇന്ത്യ ബംഗ്ലാദേശിന്റെ ഉറ്റ സുഹൃത്താണ് എന്നതായിരുന്നു അവരുടെ നയം. എന്നാൽ പരമ്പരാഗതമായി തന്നെ ഇന്ത്യാ വിരുദ്ധ നിലപാട് പുലർത്തുന്ന പാർട്ടിയാണ് ​താരിഖ് റഹ്മാൻ്റെ ബിഎൻപി. ഷെയ്ഖ് ഹസീന ഇന്ത്യയുമായി പുലർത്തിയ ബന്ധത്തിനോട് താരീഖിൻ്റെ പാർട്ടി വിയോജിച്ചിരുന്നു. ഷെയ്ഖ് ഹസീന രാജ്യത്തെ ഇന്ത്യയ്ക്ക് വിറ്റുവെന്നായിരുന്നു താരിഖിന്റെ പ്രധാന ആരോപണം. ഇന്ത്യക്ക് പകരം ചൈനയുമായും പാകിസ്ഥാനുമായും കൂടുതൽ അടുത്ത ബന്ധം സ്ഥാപിക്കാനാണ് താരിഖ് താൽപ്പര്യപ്പെട്ടിരുന്നത്. ഇന്ത്യയുമായി ബന്ധം തുടരുമെങ്കിലും അത് മറ്റുള്ള രാജ്യങ്ങളോടുള്ള ബന്ധം പോലെ തുല്യനിലയിലുള്ള ഒന്നായിരിക്കണമെന്നതാണ് അദ്ദേഹത്തിന്റെ നിർബന്ധ ബുദ്ധി.

ഷെയ്ഖ് ഹസീന തന്റെ പിതാവായ ഷെയ്ഖ് മുജീബുർ റഹ്മാനെ കേന്ദ്രീകരിച്ചുള്ള ചരിത്രത്തിനാണ് പ്രാധാന്യം നൽകിയത്. പാകിസ്ഥാൻ അനുകൂലികളെ യുദ്ധക്കുറ്റവാളികളായി മുദ്രകുത്തി ശിക്ഷിച്ചു.
​താരിഖാകട്ടെ ബംഗ്ലാദേശിൻ്റെ വളർച്ചയിൽ തന്റെ പിതാവായ സിയാവുർ റഹ്മാന്റെ പങ്ക് ഉയർത്തിക്കാട്ടാനാണ് ശ്രമിക്കുന്നത്. ഹസീനയുടെ കാലത്തെ ശിക്ഷാവിധികൾ പ്രതികാര രാഷ്ട്രീയമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. നമുക്ക് ഏറ്റവും ചുരുക്കി വിലയിരുത്താവുന്നത്, ബാഹ്യമായ ബന്ധങ്ങളിൽ ജാഗ്രതയും പക്വതയുമുള്ള ഒരു നിലപാട് സ്വീകരിക്കുമ്പോഴും
​ഹസീനയുടെ ഭരണം ഒരു മതേതര സ്വേച്ഛാധിപത്യത്തിന് സമാനമായിരുന്നുവെന്നാണ്. മറുഭാഗത്ത് താരിഖ് റഹ്മാൻ മുന്നോട്ട് വെക്കുന്നത് ഒരു യാഥാസ്ഥിതിക ജനാധിപത്യ മാതൃകയുമാണ്.

താരിഖും ഇടതുപക്ഷവും

പ്രത്യയശാസ്ത്രപരമായി ഒരിക്കലും ചേർന്ന് പോകാൻ കഴിയുന്നവരല്ല ബംഗ്ലാദേശിലെ ഇടതുപക്ഷ പാർട്ടികളും താരിഖ് റഹ്മാനും. ഇടതുപക്ഷം സോഷ്യലിസമെന്ന ആശയത്തിൽ വിശ്വസിക്കുന്നവരാണ്. താരിഖ് റഹ്മാന്റെ രാഷ്ട്രീയം ബംഗ്ലാദേശി ദേശീയത (Bangladeshi Nationalism) എന്ന വലതുപക്ഷ ചിന്താഗതിയിലാണ് ഉറച്ചുനിൽക്കുന്നത്. മറ്റൊന്ന്, ഇടതുപക്ഷം പൊതുവെ മതേതരത്വം ആവശ്യപ്പെടുമ്പോൾ, താരിഖ് റഹ്മാൻ ഇസ്ലാമിക മൂല്യങ്ങൾക്ക് പ്രാധാന്യമുള്ള ഒരു രാഷ്ട്രീയമാണ് പിന്തുടരുന്നത്. ബംഗ്ലാദേശ് രാഷ്ട്രീയത്തിൽ മതത്തിനുള്ള മാർക്കറ്റ് വാല്യു നന്നായറിയുന്ന താരിഖിന് മറ്റൊരു നിലപാട് സ്വീകരിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. ​സാമ്പത്തിക നയങ്ങളിലും താരിഖിന് ഇടതുപക്ഷത്തിന്റെ സാമ്പത്തിക മാതൃകയോട് യോജിപ്പില്ല. താരിഖ് റഹ്മാൻ ഒരു ലിബറൽ സ്വതന്ത്ര വിപണിയുടെ വക്താവാണ്. വിദേശ നിക്ഷേപം ആകർഷിക്കുന്നതിനും ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനും അദ്ദേഹം മുൻഗണന നൽകുന്നു.

ഇടതുരാഷ്ട്രീയത്തിന് കാര്യമായ വേരുകളൊന്നും ബംഗ്ലാദേശിലില്ല. എങ്കിൽ പോലും ദേശീയ രാഷ്ട്രീയത്തിൽ പോളിസികൾ രൂപപ്പെടുന്നതിൽ ഇടതുപക്ഷം നിസാരമല്ലാത്ത പങ്ക് വഹിക്കുന്നുണ്ട്. പ്രത്യയശാസ്ത്രപരമായി അകലം പാലിക്കുമ്പോഴും ഇടതുപക്ഷ രാഷ്ട്രീയത്തോടുള്ള താരിഖ് റഹ്മാന്റെ വീക്ഷണം പ്രായോഗികമാക്കാനുള്ള ഒരു ശ്രമം ബോധപൂർവമായി തന്നെ അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. ബംഗ്ലാദേശിലെ പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ, ഇടതുപക്ഷ പാർട്ടികളുമായി ഒരു ശത്രുതയില്ലാത്ത സഹവർത്തിത്വം (Tactical Co-existence) ആകും തൻ്റെ നിലപാടെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ താരിഖ് പുലർത്താൻ ശ്രമിക്കുന്നത് ജനാധിപത്യപരമായ ബഹുസ്വരതയാണ്. ​ഇടതുപക്ഷ പാർട്ടികൾക്ക് രാഷ്ട്രീയത്തിൽ അവരുടേതായ ഇടമുണ്ടെന്ന് താരിഖ് റഹ്മാൻ അംഗീകരിക്കുന്നു. തെരഞ്ഞെടുപ്പിന് മുന്നോടിയായി അദ്ദേഹം ബംഗ്ലാദേശിലെ ഇടതുപക്ഷ സഖ്യങ്ങളുമായി ചർച്ചകൾ നടത്തിയിരുന്നു.

ഇടതുപക്ഷത്തെ കേട്ടും അംഗീകരിച്ചുമാകും താൻ മുന്നോട്ട് പോകുകയെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന ഒരു സഹകരണത്തിൻ്റെ വാതിൽ തുറക്കുന്നതിൻ്റെ സൂചന കൂടിയാണ്. ജനാധിപത്യത്തിൽ വിമർശനം അത്യാവശ്യമാണെന്നും, താൻ അധികാരത്തിൽ വന്നാൽ തന്റെ സർക്കാരിന്റെ ഏറ്റവും വലിയ വിമർശകർ ഇടതുപക്ഷമായിരിക്കുമെന്ന് തനിക്കറിയാമെന്നും അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ട്.
​ഷെയ്ഖ് ഹസീനയുടെ ഭരണകാലത്ത് അവാമി ലീഗിനെതിരായ പ്രക്ഷോഭങ്ങളിൽ ബിഎൻപിയും പല ഇടതുപക്ഷ പാർട്ടികളും ഒരേ വേദി പങ്കിട്ടിട്ടുണ്ടായിരുന്നു. ഇതാണ് യഥാർത്ഥത്തിൽ ഇടതുപക്ഷവുമായി താരിഖിനെ അടുപ്പിച്ചത്. യഥാർത്ഥത്തിൽ പ്രത്യയശാസ്ത്രപരമായി വിയോജിക്കുമ്പോഴും സാധാരണക്കാരുടെ ക്ഷേമത്തിനായി ഒരു വെൽഫെയർ സ്റ്റേറ്റ് എന്ന ആശയത്തിൽ ഇടത് പക്ഷത്തിൻ്റെ സഹകരണം കൂടി അദ്ദേഹം തേടുകയാണ് ഇക്കാര്യങ്ങളിലൂടെ.

Tarq Rahman family
താരിഖ് റഹ്മാൻ

ഇന്ത്യയോടുള്ള സമീപനങ്ങൾ

ബംഗ്ലാദേശിലെ രാഷ്ട്രീയ മാറ്റങ്ങൾ ഇന്ത്യയെ സംബന്ധിച്ചിടത്തോളം വലിയൊരു നയതന്ത്ര വെല്ലുവിളിയും അതേസമയം പുതിയൊരു തുടക്കത്തിനുള്ള അവസരവുമാണ്. ഷെയ്ഖ് ഹസീനയുടെ കാലത്തെ അപേക്ഷിച്ച് ബിഎൻപി നേതൃത്വത്തിലുള്ള സർക്കാർ ഇന്ത്യയുമായി പുലർത്താൻ സാധ്യതയുള്ള ബന്ധത്തെക്കുറിച്ച് ചില ആശങ്കകളുണ്ട് എന്നത് ഒരു വസ്തുതയാണ്.​ ഇന്ത്യയുടെ ആശങ്കകൾ പ്രധാനമായും സുരക്ഷയുമായും മുൻകാല അനുഭവങ്ങളുമായും ബന്ധപ്പെട്ടതാണ്. മുൻപ് ബിഎൻപി ഭരണകാലത്ത് ഇന്ത്യക്കെതിരായ വിഘടനവാദി ഗ്രൂപ്പുകൾക്ക് ബംഗ്ലാദേശിൽ താവളങ്ങൾ ലഭിച്ചിരുന്നു. താരിഖ് റഹ്മാന്റെ ഭരണത്തിൽ ഇത്തരം ഗ്രൂപ്പുകൾ വീണ്ടും സജീവമാകുമോ എന്ന ആശങ്ക പൊതുവേ നിലനിൽക്കുന്നുണ്ട്. ബിഎൻപിക്ക് പരമ്പരാഗതമായി പാകിസ്ഥാനുമായി അടുത്ത ബന്ധമുണ്ട്. കൂടാതെ, ചൈനയുടെ വലിയ തോതിലുള്ള നിക്ഷേപങ്ങൾ ബംഗ്ലാദേശിൽ വർധിക്കുന്നത് ഇന്ത്യയുടെ പ്രാദേശിക സ്വാധീനത്തെ ബാധിക്കുകയും ചെയ്തേക്കാം. ബംഗ്ലാദേശിലെ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിൽ ബിഎൻപി സർക്കാർ എത്രത്തോളം കർശന നിലപാട് സ്വീകരിക്കുമെന്നതും ഇന്ത്യയെ സംബന്ധിച്ച് വൈകാരികവും രാഷ്ട്രീയവുമായ വിഷയമായിരിക്കും.


എന്നാൽ പ്രായോഗികമായും ഇപ്പോൾ മുന്നോട്ട് വെക്കുന്ന ദിശയിലുമാണ് ബംഗ്ലാദേശ് രാഷ്ട്രീയത്തെ മുന്നോട്ട് കൊണ്ട് പോകാൻ താരിഖ് ഉദ്ദേശിക്കുന്നതെങ്കിൽ ഇന്ത്യയുമായുള്ള സാമ്പത്തിക-ഊർജ്ജ ബന്ധങ്ങൾ വിച്ഛേദിക്കാൻ അദ്ദേഹത്തിന് കഴിയില്ല. കാരണം അവ തുടരുന്നത് ബംഗ്ലാദേശിന്റെ വളർച്ചയ്ക്ക് അനിവാര്യമാണ്. അപ്പോഴും ഇന്ത്യക്കും ബംഗ്ലാദേശിനുമിടയിൽ മറ്റൊരു പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. അത് ഷെയ്ഖ് ഹസീനക്ക് ഇന്ത്യ നൽകിയിരിക്കുന്ന രാഷ്ട്രീയ അഭയമാണ്. ഹസീനയ്ക്ക് ഇന്ത്യ അഭയം നൽകിയത് പുതിയ സർക്കാരിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഹസീനയെ വിട്ടുനൽകണമെന്ന ആവശ്യം ഭാവിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ഉലയ്ക്കാൻ സാധ്യതയുള്ള വലിയൊരു വിഷയമാണ്. കാത്തുനിൽക്കുക, നിരീക്ഷിക്കുക (Wait and Watch) എന്ന തന്ത്രമാണ് ഇന്ത്യ പയറ്റുന്നതെന്ന് തോന്നുന്നു. വളരെ ജാഗ്രതയോടെ മാത്രമാണ് രാജ്യം പുതിയ സാഹചര്യങ്ങളോട് പ്രതികരിക്കുന്നത്.

മറുവശത്ത് ഇന്ത്യയുടെ ഭാഗത്ത് നിന്ന് കരുതൽ നടപടികൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. നുഴഞ്ഞു കയറ്റവും കള്ളക്കടത്തും തടയാൻ അതിർത്തി രക്ഷാസേനയെ കൂടുതൽ സജ്ജമാക്കിയും പുതിയ സർക്കാരിനോട് സൗഹൃദം നിലനിർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇതിനകം തന്നെ താരിഖ് റഹ്മാനെ അഭിനന്ദിക്കുകയും ഇന്ത്യയിലേക്ക് ക്ഷണിക്കുകയും ചെയ്ത് കൊണ്ടും പ്രതിരോധത്തിൻ്റെയും നയതന്ത്രത്തിൻ്റെയും വഴികളാണ് ഇന്ത്യ ഒരേസമയം ആരായുന്നത്. ഒപ്പം ബംഗ്ലാദേശിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുമായും ബന്ധം സ്ഥാപിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. റെയിൽവേ, വൈദ്യുതി തുടങ്ങിയ മേഖലകളിലെ സംയുക്ത പദ്ധതികൾ തടസ്സപ്പെടാതെ മുന്നോട്ട് കൊണ്ടുപോകാൻ ഇന്ത്യക്ക് താൽപര്യമുണ്ട് എന്ന സന്ദേശം പുതിയ ഭരണകൂടത്തിന് കൈമാറിയിട്ടുമുണ്ട്. ഇതൊക്കെ മുന്നിൽ വെച്ച് പരിശോധിക്കുമ്പോൾ താരിഖ് റഹ്മാന്റെ വരവ് ഇന്ത്യയ്ക്ക് ഒരു കനത്ത വെല്ലുവിളിയാണെങ്കിലും, പരസ്പര ബഹുമാനത്തിലധിഷ്ഠിതമായ ഒരു ബന്ധം കെട്ടിപ്പടുക്കാൻ അദ്ദേഹം തയ്യാറായാൽ അത് ഇരുരാജ്യങ്ങൾക്കും ഗുണകരമാകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Content Highlights: Vision and Challenges of Bangladesh new Prime Minister Tariq Rahman

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us