

ട്വന്റി 20 ലോകകപ്പില്‍ ഒടുവില്‍ തോല്‍വി വഴങ്ങി സിംബാബ്‌വെ. ഗ്രൂപ്പ് ഘട്ടത്തില്‍ അപരാജിതരായിരുന്ന സിംബാബ്‌വെയെ സൂപ്പര്‍ എട്ടില്‍ 107 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് പരാജയപ്പെടുത്തിയത്. വാംഖഡെയിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് നിശ്ചിത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്. ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ ഒരു ടീം നേടുന്ന ഏറ്റവുമുയർന്ന രണ്ടാമത്തെ ടോട്ടൽ ആണിത്. അതേസമയം 255 റൺസ് പിന്തുടർന്നിറങ്ങിയ സിംബാബ്‌വെ 17.4 ഓവറിൽ 147 റൺസിന് പുറത്തായി.
മത്സരത്തിൽ ഷിർമോൺ ഹെറ്റ്മെയർ, റോവ്മാൻ പവൽ എന്നിവരുടെ അർധ സെഞ്ച്വറികളുടെ കരുത്തിലാണ് വിൻഡീസ് കൂറ്റൻ ടോട്ടൽ നേടിയത്. 34 പന്തിൽ 85 റൺസാണ് ഹെറ്റ്മെയർ അടിച്ചെടുത്തത്. ഏഴ് വീതം ഫോറുകളും സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ വെടിക്കെട്ട് പ്രകടനം. പവൽ 35 പന്തിൽ 55 റൺസും സ്വന്തമാക്കി. നാല് വീതം ഫോറുകളും സിക്സുകുകളും ആണ് താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നത്. സിംബാബ്‌വേയുടെ ബോളിങ് നിരയിൽ റിച്ചാർഡ് എൻഗരവ, ബ്ലെസ്സിങ് മുസരബാനി എന്നിവർ രണ്ട് വീതം വിക്കറ്റുകളും ബ്രാഡ് ഇവാൻസ്, ഗ്രേം ക്രീമർ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടരാനിറങ്ങിയെങ്കിലും സിംബാബ്‌വെ അടിയറവ് പറയുകയായിരുന്നു. സിംബാബ്‌വേക്കായി ബ്രാഡ് ഇവാൻസ്, ഡിയോൺ മയേഴ്സ്, ക്യാപ്റ്റൻ സിക്കന്ദർ റാസ എന്നിവർ ഭേദപ്പെട്ട പ്രകടനം പുറപ്പെടുത്തു. 20 പന്തിൽ നിന്ന് 43 റൺസെടുത്ത ബ്രാഡ് ഇവാൻസ് ആണ് സിംബാബ്‌വേയുടെ ടോപ് സ്കോറർ. ഡിയോൺ മയേഴ്സ് 28 റൺസും, ക്യാപ്റ്റൻ സിക്കന്ദർ റാസ 27 റൺസും നേടി പുറത്തായി. വിൻഡീസിന് വേണ്ടി ഗുഡകേഷ് മോട്ടി റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ, ഏകിയേൽ ഹൊസൈൻ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
Content Highlights: T20 World Cup 2026 Super 8: West Indies bag massive win as Zimbabwe falter in 255 chase