

സ്വര്‍ണവില കുതിച്ചുയരുകയാണ്. കഴിഞ്ഞവര്‍ഷം അവസാനം ഒരു ലക്ഷത്തിലെത്തിയ സ്വര്‍ണവില ഏറ്റക്കുറച്ചിലുകളോടെ ഇപ്പോഴും മുന്നോട്ട് പൊയ്‌ക്കൊണ്ടിരിക്കുയാണ്. സര്‍വ്വകാല റെക്കോര്‍ഡായ 1,30,000 കടന്ന സ്വര്‍ണവില പിന്നീട് താഴേക്ക് പോയെങ്കിലും അടുത്തകാലത്തായി വില 1,16,000 ത്തിനിടയില്‍ നില്‍ക്കുകയാണ്. വിലയിലെ വര്‍ധനവ് ആഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.

ഇന്ന് ഒരു പവന്‍ സ്വര്‍ണം ആഭരണമായി വാങ്ങണമെങ്കില്‍ പണിക്കൂലിയും ജിഎസ്ടിയും ഒക്കെ ചേര്‍ത്ത് പിന്നെയും വില വര്‍ധിക്കും. കാര്യം ഇങ്ങനെയാണെങ്കിലും ഇപ്പോഴും നിക്ഷേപകരുടെ ഇഷ്ടലോഹമാണ് സ്വര്‍ണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ ഇപ്പോഴും ആളുകള്‍ തിരഞ്ഞെടുക്കുന്നത് സ്വര്‍ണത്തെയാണ്.അത്തരത്തില്‍ സ്വര്‍ണം ഒരു നിക്ഷേപമാക്കാനായി ഒരു എളുപ്പവഴിയുണ്ട്.

സാധാരണക്കാരുള്‍പ്പടെ ഡിജിറ്റല്‍ ഗോള്‍ഡ് എന്നറിയപ്പെടുന്ന ഗോള്‍ഡ് ഇടിഎഫ് ഫണ്ടുകളിലേക്ക് മാറിത്തുടങ്ങിയിട്ടുണ്ട്. സ്വര്‍ണത്തിന്റെ അതാത് ദിവസത്തെ വിലയുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന നിക്ഷേപ പദ്ധതികളാണ് ഇടിഎഫ്ഫണ്ട് ഓഫ് ഫണ്ടുകള്‍. സാധാരണ ഇടിഎഫുകളില്‍ നിക്ഷേപിക്കുന്നതിന് ഒരു ഡിമാറ്റ് അക്കൗണ്ട് വേണമെന്ന് നിര്‍ബന്ധമാണെങ്കില്‍ ഇടിഎഫ് ഫണ്ട്ഓഫ് ഫണ്ടുകളില്‍ ഒരു സാധാരണ സേവിംങ്‌സ് ബാങ്ക് അക്കൗണ്ട് മാത്രമേ ആവശ്യമുളളൂ. 99 രൂപ മുതല്‍ നിക്ഷേപം ആരംഭിക്കുന്ന ഇടിഎഫ് ഫണ്ട് ഓഫ് ഫണ്ടുകള്‍ വിപണിയില്‍ ലഭ്യമാണ്. നിക്ഷേപിക്കുന്നതിന് മുന്‍പ് ഇതേക്കുറിച്ച് വിശദമായി വിവരങ്ങള്‍ അറിയേണ്ടതുണ്ട്.

ഇത്തരം നിക്ഷേപങ്ങളുടെ ഒരു പ്രധാന ഗുണം ആഭരണങ്ങള്‍ വാങ്ങേണ്ടിവരുമ്പോള്‍ നല്‍കുന്ന പണിക്കൂലി ലാഭിക്കുന്നതിന് പുറമേ സുരക്ഷയുടെ കാര്യത്തിലും ആശങ്ക വേണ്ട എന്നതാണ്. സ്വര്‍ണം ഡിജിറ്റല്‍ രൂപത്തില്‍ ഡിമാറ്റ് അക്കൗണ്ടിലോ ഫണ്ട് ഹൗസിലോ സൂക്ഷിക്കുന്നതിനാല്‍ മോഷണം ഭയം വേണ്ട. പണം അത്യാവശ്യമായി വേണ്ടിവന്നാല്‍ വിപണിവിലയില്‍ തന്നെ യൂണിറ്റുകള്‍ വിറ്റ് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ സാധിക്കും.
Content Highlights :Digital gold is an easy way to invest in gold. Common people, including the general public, have started moving towards gold ETF funds, also known as digital gold.