

കേരളത്തിലെ ജനങ്ങളുടെ 'അമിതമായ ദയ'യെ പ്രശംസിച്ചുകൊണ്ട് വിദേശ വിനോദ സഞ്ചാരി പങ്കുവെച്ച വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ. 'കേരളം ഞങ്ങളുടെ ഹൃദയം കവരുന്നു' എന്ന തലക്കെട്ടിൽ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെ, ട്രാവൽ വ്ലോഗറായ മരിയ ഗ്രീൻ ആണ് ഒരു പ്രാദേശിക കടയുടമയിൽ നിന്നുണ്ടായ മനോഹരമായ അനുഭവം വിവരിക്കുന്നത്.
95 രൂപ വില വന്ന സാധനങ്ങൾ വാങ്ങിയപ്പോൾ ബാക്കി നൽകാൻ ചില്ലറ ഇല്ലാത്തതിനാൽ കടയുടമ തനിക്ക് സൗജന്യമായി മിഠായി കൂടി നൽകി എന്നാണ് മരിയ വിവരിക്കുന്നത്. ഈ ലളിതവും എന്നാൽ ഹൃദ്യവുമായ അനുഭവമാണ് മരിയയുടെ മനസ്സ് നിറച്ചത്.
"ഇവിടെയുള്ളവർ വല്ലാത്ത ദയയുള്ളവരാണ്. ഞങ്ങൾ വാങ്ങിയ സാധനങ്ങൾ നോക്കൂ - കോക്ക്, രണ്ട് പ്രോട്ടീൻ ഷേക്കുകൾ, മറ്റ് പലഹാരങ്ങൾ, ഓറിയോ ബിസ്കറ്റ്, ലെയ്‌സ് ചിപ്‌സ് എന്നിവയെല്ലാം ഇതിലുണ്ട്," മരിയ വീഡിയോയിൽ പറയുന്നു. ഇത്രയും സാധനങ്ങൾക്ക് ഒരു യൂറോയിൽ താഴെ മാത്രമേ ആയുള്ളൂ എന്നത് തനിക്ക് വിശ്വസിക്കാനായില്ലെന്ന് അവർ കൂട്ടിച്ചേർത്തു.
ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് സ്വാഗതം" എന്ന് ചിലർ കുറിച്ചപ്പോൾ, ഇന്ത്യയിലെ കടയുടമകൾ ചില്ലറയ്ക്ക് പകരം മിഠായി നൽകുന്നത് പതിവാണെന്ന് മറ്റ് ചിലർ ചൂണ്ടിക്കാട്ടി. കേരളത്തിലെ ഭക്ഷണത്തെയും സംസ്കാരത്തെയും പുകഴ്ത്തിക്കൊണ്ടും ധാരാളം കമന്റുകൾ വരുന്നുണ്ട്. വിദേശ വിനോദസഞ്ചാരികൾക്ക് സുരക്ഷിതവും സ്നേഹനിർഭരവുമായ ഒരിടമാണ് കേരളമെന്ന് ലോകത്തിന് മുന്നിൽ ഒരിക്കൽ കൂടി തെളിയിക്കുന്നതാണ് ഈ വൈറൽ വീഡിയോ.
കഴിഞ്ഞ മാസമാണ് മരിയ ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ യാത്ര തന്നെ അത്ഭുതപ്പെടുത്തിയെന്നും ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ തക്ക ഓർമ്മകളാണ് ഈ യാത്ര സമ്മാനിച്ചതെന്നും അവർ മറ്റൊരു വീഡിയോയിൽ പറഞ്ഞു.
Content Highlights: A viral video by travel vlogger Maria Green highlights the extraordinary kindness of a local shopkeeper in Kerala during her recent visit.