ഇറാൻ വെറുമൊരു വെനസ്വേലയല്ല, അമേരിക്കൻ കണക്കുകൂട്ടലുകൾ പിഴക്കാൻ കാര്യങ്ങൾ അനവധി

അമേരിക്ക ആക്രമിച്ചാൽ ഇറാൻ ഹോർമുസ് കടലിടുക്ക് അടയ്ക്കാൻ സാധ്യതയുണ്ട്

ഇറാൻ വെറുമൊരു വെനസ്വേലയല്ല, അമേരിക്കൻ കണക്കുകൂട്ടലുകൾ പിഴക്കാൻ കാര്യങ്ങൾ അനവധി
dot image

2026 ജനുവരിയിൽ ലോകം കണ്ട ഏറ്റവും വലിയ സൈനിക നീക്കങ്ങളിലൊന്നായിരുന്നു വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയത്. അതോടെ പലരും ചോദിച്ചു തുടങ്ങിയ ഒരു ചോദ്യമുണ്ട്: "അടുത്തത് ഇറാൻ ആണോ?". അമേരിക്കൻ സൈനിക കപ്പലുകളിൽ പെട്ടെന്നൊരു ദിവസം സ്റ്റെയ്ക്കും, ലോബ്സ്റ്ററും വിളമ്പിത്തുടങ്ങിയ വാർത്തകൾ പുറത്തുവന്നതോടെ യുദ്ധഭീതി ലോകമെങ്ങും പടരുകയാണ്.

trump vs khomini

എന്നാൽ, മഡൂറോയെ വീഴ്ത്തിയത് പോലെ അത്ര എളുപ്പത്തിൽ ഇറാനെ പൂട്ടാൻ അമേരിക്കയ്ക്ക് കഴിയില്ല എന്നതാണ് യാഥാർത്ഥ്യം. എന്തുകൊണ്ടാണ് ഇറാനെ തൊടുന്നത് ഒരു 'കടന്നൽക്കൂട്ടിൽ' കൈ ഇടുന്നത് പോലെയാണെന്ന് പറയുന്നത്?

മിസൈൽ പവർ

വെനസ്വേലയുടെ സൈന്യം അത്ര ശക്തമായിരുന്നില്ല. എന്നാൽ ഇറാന്റെ കയ്യിൽ ആയിരക്കണക്കിന് ദൂരപരിധിയുള്ള മിസൈലുകളുണ്ട്. അമേരിക്കൻ സൈനിക താവളങ്ങളെയും ഇസ്രായേലിനെയും നിമിഷനേരം കൊണ്ട് ലക്ഷ്യം വെക്കാൻ ഇറാന് സാധിക്കും. ചുരുക്കത്തിൽ, ഇറാൻ തിരിച്ചടിക്കാൻ തുടങ്ങിയാൽ അത് വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കും.

iran vs america

ഇറാൻ ഒറ്റയ്ക്കല്ല, കൂട്ടിന് പടക്കുതിരകൾ

മഡൂറോയ്ക്ക് പുറത്തുനിന്ന് വലിയ സൈനിക സഹായം ഉണ്ടായിരുന്നില്ല. എന്നാൽ ഇറാന് അങ്ങനെയല്ല. ലെബനനിലെ ഹിസ്ബുള്ള, യമനിലെ ഹൂതികൾ, ഇറാഖിലെ സായുധ സംഘങ്ങൾ എന്നിവരെല്ലാം ഇറാന്റെ വിശ്വസ്തരാണ്. അമേരിക്ക ഇറാനെ തൊട്ടാൽ ഇവരെല്ലാം യുദ്ധത്തിൽ പങ്കു ചേരും.അതിന്റെ കൂടെ ചൈനയും, റഷ്യയും, ഉത്തര കൊറിയയും ചേർന്നാൽ ലോകം ഇന്ന് വരെ കാണാത്ത തരത്തിലുള്ള സംഘർഷങ്ങളിലേക്ക് നീങ്ങും. മറു വശത്ത് അമേരിക്കയെ സഹായിക്കാൻ ഇസ്രായേലും മറ്റു രാജ്യങ്ങളും അണിചേർന്നാൽ കാര്യങ്ങൾ കൈവിട്ടു പോകും.

donald trump

വഴിയടച്ച് പണി കൊടുക്കും

ലോകത്തെ എണ്ണക്കപ്പലുകൾ കടന്നുപോകുന്ന പ്രധാന പാതയാണ് ഇറാന്റെ അടുത്തുള്ള ഹോർമുസ് കടലിടുക്ക്. അമേരിക്ക ആക്രമിച്ചാൽ ഇറാൻ ഈ വഴി അങ്ങ് അടയ്ക്കും. അങ്ങനെയുണ്ടായാൽ ലോകം മുഴുവൻ ഇന്ധനവില കുതിച്ചുയരും, സാമ്പത്തിക രംഗം തകരും. മഡൂറോയുടെ കാര്യത്തിൽ ഇത്തരം സാമ്പത്തിക പ്രശ്നങ്ങൾ കുറവായിരുന്നു.

ബ്രഹ്‌മാസ്‌ത്രം പുറത്തെടുക്കും

ഇറാൻ അവരുടെ ആണവ പദ്ധതികൾ രഹസ്യമായും പരസ്യമായും മുന്നോട്ട് കൊണ്ടുപോവുകയാണ്. ഒരു ആക്രമണം ഉണ്ടായാൽ അവർ അത് പൂർണ്ണമായി ആണവ യുദ്ധമാക്കി മാറ്റാൻ മടിക്കില്ല. ഇത് മിഡിൽ ഈസ്റ്റിലെ മാത്രമല്ല, ലോകത്തിലെ തന്നെ സമാധാനത്തെ ആകെ തകർക്കുന്ന ഒരു കാര്യമാണ്. വെനസ്വേലയിൽ മഡൂറോയെ പിടികൂടിയത് ഒരു 'സർജിക്കൽ സ്ട്രൈക്ക്' പോലെ കൃത്യവും വേഗത്തിലുള്ളതുമായ ഒരു നീക്കമായിരുന്നു. എന്നാൽ ഇറാൻ കേവലം ഒരു രാജ്യം മാത്രമല്ല, ഒരു വലിയ പടയൊരുക്കമാണ്.

Hormuz

മിസൈലുകൾ കൊണ്ടും, എണ്ണക്കടത്ത് തടഞ്ഞും, സഖ്യകക്ഷികളെ ഇറക്കിയും അമേരിക്കയെ മുൾമുനയിൽ നിർത്താൻ ഇറാന് സാധിക്കും.

യുഎസ് കപ്പലുകളിൽ 'സ്റ്റെയ്ക്കും ലോബ്സ്റ്ററും' വിളമ്പുന്നത് ഒരു യുദ്ധത്തിനുള്ള തയ്യാറെടുപ്പാണെങ്കിൽ പോലും, ആ തീരുമാനം എടുക്കുന്നതിന് മുമ്പ് വൈറ്റ് ഹൗസിന് നൂറുതവണ ആലോചിക്കേണ്ടി വരും. കാരണം, ഇറാനുമായുള്ള ഒരു യുദ്ധം തുടങ്ങിയാൽ അത് എപ്പോൾ അവസാനിക്കുമെന്നോ, ലോകത്തെ എങ്ങോട്ടേക്ക് എത്തിക്കുമെന്നോ ആർക്കും പ്രവചിക്കാനാവില്ല.

Content Highlights : Iran Is Not Venezuela: Why a U.S. Strike Could Trigger a Wider War and Global Turmoil

dot image
To advertise here,contact us
dot image