റഷ്യന്‍ ചാരസംഘടനയെ തുറന്ന് കാണിച്ച അലക്‌സി നവാല്‍നിയുടെ ഓര്‍മ്മകള്‍ പുടിനെ പ്രതിരോധത്തിലാക്കുമോ

ലോക രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഈ സംഭവമാണ് യഥാര്‍ത്ഥത്തില്‍ നവാല്‍നിയെ പുടിന്റെ പേടിസ്വപ്നമാക്കി മാറ്റിയത്

റഷ്യന്‍ ചാരസംഘടനയെ തുറന്ന് കാണിച്ച അലക്‌സി നവാല്‍നിയുടെ ഓര്‍മ്മകള്‍ പുടിനെ പ്രതിരോധത്തിലാക്കുമോ
ടി പി പ്രശാന്ത്
1 min read|18 Feb 2026, 04:56 pm
dot image

2020 ഡിസംബറിലെ ഒരു തണുത്ത പ്രഭാതം. ലോകം അതിശയത്തോടെ പിന്നീട് തിരിച്ചറിഞ്ഞ നിഗൂഢ രഹസ്യങ്ങളുടെ ചുരുളഴിഞ്ഞ ഒരു ഫോണ്‍ കോള്‍ റഷ്യന്‍ ഉദ്യോഗസ്ഥനെ തേടിയെത്തി. ജര്‍മ്മനിയിലെ ഒരു രഹസ്യ കേന്ദ്രത്തില്‍ നിന്നായിരുന്നു ആ ഫോണ്‍കോള്‍. റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ FSB-യിലെ ഒരു ഉദ്യോഗസ്ഥനായിരുന്നു ഫോണ്‍ അറ്റന്‍ഡ് ചെയതത്. റഷ്യയിലെ പ്രതിപക്ഷത്തിന്റെ ശബ്ദമായ അലക്‌സി നവാല്‍നിയെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘത്തിലെ അംഗമായിരുന്നു ഫോണിന്റെ മറുതലയ്ക്കല്‍.

നവാല്‍നിയുടെ അടിവസ്ത്രത്തില്‍ എങ്ങനെയാണ് 'നോവിചോക്ക്' എന്ന മാരക വിഷം പുരട്ടിയതെന്നും, എവിടെയാണ് പദ്ധതി പാളിയതെന്നും FSB-യിലെ ഉദ്യോഗസ്ഥന്‍ സംഘാംഗത്തോട് വിശദീകരിച്ചു. സോവിയറ്റ് കാലത്തെ കെജിബി മാതൃകയില്‍ വ്‌ലാഡിമിര്‍ പുടിന്‍ രൂപം കൊടുത്ത റഷ്യയുടെ ഫെഡറല്‍ സെക്യൂരിറ്റി സര്‍വീസിനെ ഇരുട്ടില്‍ നിര്‍ത്തി കബിളിപ്പിക്കുന്നതായിരുന്നു യഥാര്‍ത്ഥത്തില്‍ ആ ഫോണ്‍കോള്‍. അലക്‌സി നവാല്‍നി തന്നെയായിരുന്നു തന്നെ വധിക്കാന്‍ നിയോഗിക്കപ്പെട്ട സംഘാംഗം എന്ന നിലയില്‍ FSB-യിലെ ഉദ്യോഗസ്ഥനെ ഫോണില്‍ ബന്ധപ്പെട്ടത്.

alyx navalni putin

ലോക രാഷ്ട്രീയ ചരിത്രത്തില്‍ തന്നെ സമാനതകളില്ലാത്ത ഈ സംഭവമാണ് യഥാര്‍ത്ഥത്തില്‍ നവാല്‍നിയെ പുടിന്റെ പേടിസ്വപ്നമാക്കി മാറ്റിയത്. തന്നെ കൊല്ലാന്‍ ശ്രമിച്ചവരുടെ മുഖംമൂടി ലോകത്തിന് മുന്നില്‍ വലിച്ചുകീറിയ നവാല്‍നി, വ്‌ലാഡിമിര്‍ പുടിന്‍ എന്ന കരുത്തനായ ഭരണാധികാരിയുടെ ഏറ്റവും കരുത്താനായ എതിരാളി കൂടിയായി മാറുകയായിരുന്നു ആ ഫോണ്‍കോളിലൂടെ.

പുടിനുമായുള്ള നവാല്‍നിയുടെ ശത്രുത യഥാര്‍ത്ഥത്തില്‍ തുടങ്ങുന്നത് 2000ത്തിന്റെ മധ്യത്തിലാണ്. ഒരു സാധാരണ അഭിഭാഷകനായിരുന്ന നവാല്‍നി, റഷ്യയിലെ വന്‍കിട സര്‍ക്കാര്‍ കമ്പനികളിലെ ഓഹരികള്‍ വാങ്ങി ആ കമ്പനികളുടെ ആഭ്യന്തര രേഖകള്‍ പരിശോധിക്കാനുള്ള അധികാരം നേടിയെടുത്തു. അവിടെ നടന്ന കോടിക്കണക്കിന് ഡോളറിന്റെ വെട്ടിപ്പുകള്‍ അദ്ദേഹം തെളിവുകള്‍ സഹിതം പുറത്തുകൊണ്ടുവന്നു. പുടിന്റെ രാഷ്ട്രീയ പാര്‍ട്ടിയെ 'കള്ളന്മാരുടെയും വഞ്ചകരുടെയും പാര്‍ട്ടി' എന്ന് നവാല്‍നി വിശേഷിപ്പിച്ചത് ഭരണകൂടത്തെ പിടിച്ചുലച്ചു. 2011-ലെ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ക്കെതിരെ നവാല്‍നി നയിച്ച പ്രതിഷേധങ്ങള്‍ പുടിന്റെ അധികാരത്തിന് ആദ്യമായി വലിയൊരു വെല്ലുവിളി ഉയര്‍ത്തി. സര്‍ക്കാര്‍ മാധ്യമങ്ങളെ മറികടക്കാന്‍ ഇന്റര്‍നെറ്റിനെ ഒരു രാഷ്ട്രീയ ആയുധമാക്കി മാറ്റിയ നവാല്‍നി, 'പുടിന്റെ കൊട്ടാരം' എന്ന ഡോക്യുമെന്ററിയിലൂടെ ഭരണാധികാരികളുടെ ആഡംബരങ്ങള്‍ തുറന്നുകാട്ടി ലക്ഷക്കണക്കിന് യുവാക്കളെ തെരുവിലിറക്കി.

പുടിന്റെ പാര്‍ട്ടിയെ തകര്‍ക്കാന്‍ നവാല്‍നി ആവിഷ്‌കരിച്ച ഏറ്റവും ശക്തമായ തന്ത്രമായിരുന്നു 'സ്മാര്‍ട്ട് വോട്ടിംഗ്' (Smart Voting). തന്റെ സ്ഥാനാര്‍ത്ഥികളെ മത്സരിക്കാന്‍ അനുവദിക്കാത്ത സാഹചര്യത്തില്‍, ഭരണകക്ഷിയായ യുണൈറ്റഡ് റഷ്യയെ തോല്‍പ്പിക്കാന്‍ സാധ്യതയുള്ള ഏറ്റവും ശക്തനായ പ്രതിപക്ഷ സ്ഥാനാര്‍ത്ഥിക്ക്, അവന്‍ ഏത് പാര്‍ട്ടിയിലായാലും വോട്ട് ചെയ്യുക എന്നതായിരുന്നു ഈ രീതി. ഈ തന്ത്രം റഷ്യന്‍ തിരഞ്ഞെടുപ്പുകളില്‍ പുടിന്റെ പാര്‍ട്ടിയുടെ ഭൂരിപക്ഷം വലിയ തോതില്‍ കുറയ്ക്കാന്‍ സഹായിച്ചു. എന്നാല്‍ ഈ പോരാട്ടത്തില്‍ റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിലപാട് ഏറെ ചര്‍ച്ചാവിഷയമായിരുന്നു. സ്മാര്‍ട്ട് വോട്ടിംഗിന്റെ പ്രധാന ഗുണഭോക്താക്കള്‍ പലപ്പോഴും കമ്മ്യൂണിസ്റ്റ് സ്ഥാനാര്‍ത്ഥികളായിരുന്നുവെങ്കിലും, പാര്‍ട്ടിയുടെ ഔദ്യോഗിക നേതൃത്വം നവാല്‍നിയെ ഒരു 'പാശ്ചാത്യ ഏജന്റ്' എന്ന് വിളിച്ച് അകറ്റിനിര്‍ത്താനാണ് ശ്രമിച്ചത്. പുടിന്റെ കടുത്ത അടിച്ചമര്‍ത്തലുകളോടുള്ള ഭയം, ക്രെംലിനുമായുള്ള ഒത്തുതീര്‍പ്പ് തുടങ്ങിയ കാരണങ്ങളാണ് നവാല്‍നിയുടെ പോരാട്ടങ്ങളെ തള്ളിപ്പറഞ്ഞ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിലപാടുമായി ബന്ധപ്പെട്ട് പറഞ്ഞ് കേട്ടത്. അദ്ദേഹത്തിന്റെ അറസ്റ്റിനെ പോലും ന്യായീകരിക്കുന്ന നിലപാട് റഷ്യന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ചത്.

മരണത്തെ മുഖാമുഖം കണ്ടിട്ടും ഭയപ്പെടാത്ത നവാല്‍നി 2021-ല്‍ റഷ്യയിലേക്ക് തന്നെ മടങ്ങാന്‍ തീരുമാനിച്ചു. ജയിലിലാകുമെന്ന് ഉറപ്പായിട്ടും റഷ്യയിലേയ്ക്ക് മടങ്ങാനായിരുന്നു നവാല്‍നിയുടെ തീരുമാനം. റഷ്യയില്‍ തിരിച്ചെത്തിയതിന് പിന്നാലെ 30 വര്‍ഷത്തിലേറെ നീളുന്ന തടവുശിക്ഷ വിധിക്കപ്പെട്ട നവാല്‍നി, ആര്‍ട്ടിക് മേഖലയിലെ അതിശൈത്യമുള്ള 'പോളാര്‍ വുള്‍ഫ്' ജയിലിലും തന്റെ പോരാട്ടം തുടര്‍ന്നു. എന്നാല്‍ 2024 ഫെബ്രുവരി 16-ന് നവാല്‍നി തടവറയ്ക്കുള്ളില്‍ വെച്ച് നിഗൂഢമായ മരണത്തിന് കീഴടങ്ങി.

നവാല്‍നിയുടെ മരണം റഷ്യയില്‍ വലിയ രീതിയിലുള്ള വൈകാരിക വിക്ഷോഭമാണ് സൃഷ്ടിച്ചത്. കടുത്ത നിയന്ത്രണങ്ങള്‍ക്കിടയിലും ആയിരക്കണക്കിന് ആളുകള്‍ അദ്ദേഹത്തിന്റെ സ്മരണയ്ക്ക് മുന്നില്‍ പൂക്കളര്‍പ്പിക്കാന്‍ എത്തിയത് ഭരണകൂടത്തെ ഭയപ്പെടുത്തി. നവാല്‍നിയുടെ മരണം റഷ്യന്‍ പ്രതിപക്ഷത്തെ തകര്‍ക്കുമെന്ന് പുടിന്‍ കരുതിയിരിക്കാം, എന്നാല്‍ അത് അദ്ദേഹത്തിന്റെ ഭാര്യ യൂലിയ നവാല്‍നായയുടെ രൂപത്തില്‍ പുതിയൊരു പ്രതിരോധത്തിന് വഴിവെച്ചു. യുവാക്കള്‍ക്കിടയില്‍ ഭരണകൂടവിരുദ്ധ വികാരം പടരാനും റഷ്യ അന്താരാഷ്ട്ര തലത്തില്‍ കൂടുതല്‍ ഒറ്റപ്പെടാനും ഈ മരണം കാരണമായി. 'റഷ്യ സ്വതന്ത്രമാകണം, നാം ഭയപ്പെടരുത്' എന്ന നവാല്‍നിയുടെ ആഹ്വാനം റഷ്യന്‍ തെരുവുകളില്‍ ഇന്നും പ്രതിധ്വനിക്കുന്നുണ്ട്.

ഇതിനിടെയാണ് ഏറ്റവും ഒടുവില്‍ നവാല്‍നിയുടെ ശരീരത്തില്‍ തെക്കേ അമേരിക്കയിലെ വിഷത്തവളകളില്‍ നിന്ന് നിര്‍മ്മിക്കുന്ന 'എപ്പിബാറ്റിഡിന്‍' എന്ന മാരക വിഷം കണ്ടെത്തിയെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്.

നവാല്‍നിയുടെ ശരീരത്തില്‍നിന്നുള്ള സാമ്പിളുകളില്‍ നടത്തിയ പരിശോധനകളില്‍ എപ്പിബാറ്റിഡിന്‍ എന്ന വിഷാംശം കണ്ടെത്തിയതായി യുകെ, ഫ്രാന്‍സ്, ജര്‍മ്മനി, സ്വീഡന്‍, നെതര്‍ലാന്‍ഡ്‌സ് എന്നീ രാജ്യങ്ങളുടെ വിദേശകാര്യ മന്ത്രാലയങ്ങളാണ് ലോകത്തെ അറിയിച്ചത്. തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന വിഷമുള്ള തവളകളിലാണ് എപ്പിബാറ്റിഡിന്‍ കാണപ്പെടുന്നതെന്നും റഷ്യയില്‍ സാധാരണമായി ഇത് ലഭ്യമല്ലെന്നുമാണ് ഈ പാശ്ചാത്യ രാജ്യങ്ങളുടെ വാദം. നവാല്‍നിയുടേത് സ്വാഭാവിക മരണമാണെന്ന റഷ്യയുടെ വാദത്തെ നിരാകരിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.

ഹൃദയസ്തംഭനമുണ്ടാക്കുന്ന ഈ വിഷം നല്‍കി റഷ്യ നവാല്‍നിയെ കൊലപ്പെടുത്തുകയായിരുന്നു എന്ന പുതിയ കണ്ടെത്തില്‍ റഷ്യയില്‍ എന്തെല്ലാം രാഷ്ട്രീയ ചലനങ്ങള്‍ ഉണ്ടാക്കും എന്നാണ് ഇനി കാത്തിരുന്ന കാണേണ്ടത്. ജീവനോടെയിരുന്ന നവാല്‍നിയെക്കാള്‍ പുടിന് ഭീഷണിയായി മാറാന്‍ അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് സാധിക്കുമോയെന്നാണ് ലോകം ഉറ്റുനോക്കുന്നത്. റഷ്യയിലെ പുടിന്‍ വിരുദ്ധ പ്രതിഷേധങ്ങളുടെ കുന്തമുനയായി നവാല്‍നിയുടെ ആശയങ്ങളും പോരാട്ടവീര്യവും ഏറ്റെടുക്കാന്‍ റഷ്യന്‍ പ്രതിപക്ഷം തയ്യാറാകുമോ എന്നതും പുടിനെ സംബന്ധിച്ച് നിര്‍ണ്ണായകമാണ്.

Content Highlights :That event, unparalleled in world political history, was what truly turned Navalny into Putin's nightmare. Navalny tore off the masks of those who tried to kill him in front of the world.

dot image
To advertise here,contact us
dot image