
യുഎഇയിലെ അബുദബി വിമാനത്താവളത്തിൽ നിന്നുള്ള ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ആഫ്രോ-അമേരിക്കൻ ശാരീരിക പ്രത്യേകതകളുള്ള അർദ്ധ വസ്ത്രധാരിയായ ഒരു പുരുഷനും ഒരു കൂട്ടം സ്ത്രീകളും ഒരു സ്വകാര്യ ജെറ്റിൽ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ദൃശ്യങ്ങളാണ് കൗതുകം ഉണർത്തിയിരിക്കുന്നത്. പുറത്തേയ്ക്ക് ഇറങ്ങി വരുന്ന അയാളെ ചുറ്റും നിൽക്കുന്നവർ താണുവണങ്ങി അഭിവാദ്യം ചെയ്യുന്നുമുണ്ട്. അർദ്ധ നഗ്നമായ വസ്ത്രം ധരിച്ച് ആഢംബര വിമാനത്തിൽ വന്നിറങ്ങിയ ഇയാൾ ആരാണെന്ന ജിജ്ഞാസ ഉയരുക സ്വഭാവികമാണ്. എന്തായാലും അബുദബിയിൽ അർദ്ധ വസ്ത്രധാരിയായി വിമാനം ഇറങ്ങിയത് നിസ്സാരക്കാരനല്ല. ദക്ഷിണാഫ്രിക്കയിലെ ഈശ്വതിനിയിലെ (മുമ്പ് സ്വാസിലാൻഡ്) രാജാവായ എംസ്വതി മൂന്നാമനാണ് അബുദബിയിൽ കൗതകം ഒളിപ്പിച്ച് വിമാനം ഇറങ്ങിയത്. ആഫ്രിക്കയിലെ അവശേഷിക്കുന്ന ഏക സമ്പൂർണ്ണ രാജവാഴ്ചയുള്ള പ്രദേശത്തെ രാജാവാണ് എംസ്വതി മൂന്നാമൻ. അബുദബിയിലേയ്ക്കുള്ള ഇയാളുടെ രാജകീയ വരവാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. ഇതിനും ഒരു കാരണമുണ്ട്.
ഒറ്റക്കായിരുന്നില്ല കുടുംബ സമേതമായിരുന്നു എംസ്വതി മൂന്നാമൻ ഇവിടെയെത്തിയത്. കുടുംബം സമേതം എത്തുന്നതിൽ എന്താണ് പ്രത്യേകത എന്നല്ലെ. അതിലാണ് പ്രത്യേകത മുഴുവൻ. തൻ്റെ 15 ഭാര്യമാർക്കും, 30ഓളം കുട്ടികൾക്കും, 100 ഓളം പരിചാരകർക്കും ഒപ്പമാണ് എംസ്വതി മൂന്നാമൻ രാജാവ് ഒരു സ്വകാര്യ ജെറ്റിൽ അബുദബിയിൽ എത്തിയത്. അദ്ദേഹത്തിന്റെ പരിചാരകരുടെ എണ്ണം പ്രശ്നം സൃഷ്ടിച്ചതിനാൽ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർക്ക് മൂന്ന് ടെർമിനലുകൾ അടച്ചുപൂട്ടേണ്ടിവന്നു. സാഹചര്യം നിയന്ത്രണ വിധേയമാക്കാൻ താൽക്കാലിക ലോക്ക്ഡൗണും ഏർപ്പെടുത്തി. രാജകീയ ലഗേജുകളും ലോജിസ്റ്റിക്സും കൈകാര്യം ചെയ്തതും ഈ പരിചാരകരായിരുന്നു. രാജാവിന്റെ യുഎഇ സന്ദർശനത്തിന്റെ ഉദ്ദേശ്യം സാമ്പത്തിക കരാറുകൾ ചർച്ച ചെയ്യുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ആഡംബരപൂർണ്ണമായ ജീവിതരീതിയുടെ പേരിലാണ് എംസ്വതി മൂന്നാമൻ അറിയപ്പെടുന്നത്. പുള്ളിപ്പുലിയെ പ്രിന്റ് ചെയ്ത പരമ്പരാഗത വസ്ത്രം ധരിച്ച എംസ്വതി മൂന്നാമനെയാണ് വീഡിയോയിൽ കാണാൻ കഴിയുന്നത്. ഭാര്യമാരാകട്ടെ വർണ്ണാഭമായ ആഫ്രിക്കൻ വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇപ്പോൾ ചർച്ച ചെയ്യുന്നത് രാജാവിന്റെ രാജകീയ ജീവിതശൈലിയാണ്.
സ്വാസിലാൻഡിലെ മുൻ രാജാവായിരുന്ന എംസ്വതിയുടെ പിതാവിന് 70-ലധികം ഭാര്യമാരുണ്ടായിരുന്നുവെന്നാണ് പറയപ്പെടുന്നത്. എന്നാൽ ചില റിപ്പോർട്ടുകൾ പറയുന്നത് അദ്ദേഹത്തിന് 125 ഭാര്യമാരുണ്ടായിരുന്നുവെന്നാണ്. അദ്ദേഹത്തിന് 210ലധികം കുട്ടികളും ഏകദേശം 1,000ത്തോളം പേരക്കുട്ടികളുമുണ്ടെന്നാണ് റിപ്പോർട്ട്.
എംസ്വതി മൂന്നാമൻ രാജാവിന് 30 ഭാര്യമാരുണ്ടെന്നാണ് കണക്ക്. എന്നാൽ അബുദാബിയിൽ അദ്ദേഹത്തിൻ്റെ ഒപ്പം എത്തിയത് 15 പേരും 30ഓളം കുട്ടികളുമാണെന്നാണ് റിപ്പോർട്ട്. ലോകത്തിലെ ഏറ്റവും സമ്പന്നരായ രാജാവായാണ് എംസ്വതി മൂന്നാമനെ കണക്കാക്കുന്നത്. ഏകദേശം 1 ബില്യൺ ഡോളറിലധികമാണ് അദ്ദേഹത്തിൻ്റെ ആസ്തിയെന്നാണ് കണക്കാക്കുന്നത്.
വിചിത്രമായ പാരമ്പര്യ ആചാരങ്ങളുടെ പേരിൽ എംസ്വതി മൂന്നാമൻ വിമർശന വിധേയനുമാണ്. ഓരോ വർഷവും നടക്കുന്ന പരമ്പരാഗത 'റീഡ് ഡാൻസ്' ചടങ്ങിനിടെ അദ്ദേഹം ഒരു പുതിയ വധുവിനെ തിരഞ്ഞെടുക്കാറുണ്ട്. ഈ ആചാരം ഏറെ വിമർശനം വിളിച്ച് വരുത്തിയിട്ടുണ്ട്.
രാജാവ് ആഡംബരത്തോടെ ജീവിക്കുമ്പോൾ ഈശ്വതിനിയിലെ ജനസംഖ്യയുടെ ഏകദേശം 60 ശതമാനത്തോളം ദാരിദ്ര്യരേഖയ്ക്ക് താഴെയാണ് ജീവിക്കുന്നതെന്നാണ് റിപ്പോർട്ട്. ജനങ്ങളുടെ കഷ്ടപ്പാടിനും ദുരിതത്തിനും ഇടയിലും ആഢംബര ജീവിതം നയിക്കുന്ന എംസ്വതി മൂന്നാമനെതിരെ ആഭ്യന്ത്രമായ എതിർപ്പ് ശക്തമാണ്. ഇതിനിടെ അബുദാബിയിൽ നിന്ന് പുറത്ത് വന്ന പുതിയ വീഡിയോയുടെ അടിസ്ഥാനത്തിൽ രാജാവിനെതിരെ രൂക്ഷ വിമർശനം ഉയരുന്നുണ്ട്.
Content Highlights: African King’s Entourage Locks Down Abu Dhabi Airport