

നാല് ദിശകളില്‍നിന്നും ട്രെയിനുകള്‍ പാഞ്ഞെത്തുന്ന ഒരു റെയിവേട്രാക്കില്‍ നിങ്ങള്‍ നില്‍ക്കുകയാണെന്ന് സങ്കല്‍പ്പിക്കുക. ഈ ട്രെയിനുകളൊന്നും പരസ്പരം കൂട്ടിയിടിക്കുന്നുമില്ല. നിങ്ങള്‍ നടുവില്‍ നില്‍ക്കുന്നുമുണ്ട്. ഇത് ഏതെങ്കിലും സിനിമയിലെ രംഗം പോലെ തോന്നുമായിരിക്കും, അല്ലെങ്കില്‍ ഇതൊക്കെ സങ്കല്‍പ്പിക്കാന്‍ മാത്രം കഴിയുന്ന ഒരു കാര്യമായി കരുതുന്നുണ്ടാവും അല്ലേ?. എന്നാല്‍ സംഗതി ശരിക്കും ഉള്ളതാണ്. ഇങ്ങനെ ഒരു അത്ഭുതം നമ്മുടെ രാജ്യത്ത് തന്നെയുണ്ട്. മഹാരാഷ്ട്രയിലെ നാഗ്പൂരിന്റെ ഹൃദയഭാഗത്താണ് ഈ റെയില്‍വേ അത്ഭുതം ഒളിഞ്ഞിരിക്കുന്നത്.

ഒരു ഡയമണ്ട് ക്രോസിംഗ് എന്നത് രണ്ട് ട്രാക്കുകള്‍ ഒരേ നിരപ്പില്‍ പരസ്പരം കൂട്ടിമുട്ടുന്ന ഒരു റെയില്‍വേ ജംഗ്ഷനാണ്. ഇത് ഡയമണ്ട് ആകൃതിയില്‍ അതായത് വജ്രത്തിന്റെ ആകൃതിയില്‍ ഒരു ലേഔട്ട് ഉണ്ടാക്കുന്നു. ഒറ്റ നോട്ടത്തില്‍ ലളിതമായി തോന്നുമെങ്കിലും ട്രെയിനുകള്‍ തടസമില്ലാതെ കടന്നുപോകുന്ന തരത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഒരു റയില്‍വേ ജ്യാമിതിയാണിത്.നാല് പ്രത്യേക റെയില്‍വേ ലൈനുകള്‍ 90 ഡിഗ്രിയില്‍ കൂട്ടിമുട്ടുന്ന അപൂര്‍വമായ വജ്ര ആകൃതിയിലുള്ള റെയില്‍വേ ക്രോസിംഗ് ആണ് ഡയമണ്ട് ക്രോസിംഗ്.
ഇന്ത്യയിലെ ഒരേയൊരു ഇരട്ട ഡയമണ്ട് ക്രോസിംഗ് എന്ന നിലയിലാണ് നാഗ്പൂരിലെ ഡയമണ്ട് ക്രോസിംഗ് വ്യത്യസ്തമാകുന്നത്. വജ്രത്തിന്റെ ആകൃതിയിലുള്ള ജംഗ്ഷനുകള്‍ അടുത്തടുത്ത് സ്ഥിതിചെയ്യുന്നതിനാല്‍ ഡല്‍ഹി(വടക്ക്),ചെന്നൈ(തെക്ക്),ഹൗറ(കിഴക്ക്), മുംബൈ(പടിഞ്ഞാറ്) എന്നിവിടങ്ങളില്‍ നിന്നുളള ട്രെയിനുകള്‍ക്ക് തടസ്സമില്ലാതെ ഇതുവഴി സഞ്ചരിക്കാന്‍ കഴിയും. മധ്യേന്ത്യയിലെ ഏറ്റവും തിരക്കുള്ളതും പ്രധാനപ്പെട്ടതുമായ ജംഗ്ഷനുകളില്‍ ഒന്നായ നാഗ്പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപമാണ് ഈ എഞ്ചീനിയറിംഗ് അത്ഭുതം സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷുകാര്‍ ഇന്ത്യയുടെ ഭൂമിശാസ്ത്ര കേന്ദ്രമായാണ് നാഗ്പൂരിനെ കണക്കാക്കിയിരുന്നത്. അതായത് ഇന്ത്യയിലെ വടക്ക്-തെക്ക്-കിഴക്ക്-പടിഞ്ഞാറ് റെയില്‍വേ പോയിന്റുകള്‍ സംഗമിക്കുന്ന ഇടം. മുന്‍പ് ധന്‍ബാദിലും എറണാകുളം ടെര്‍മിനസിലും ഡയമണ്ട് ക്രോസിംഗ് ഉണ്ടായിരുന്നുവെങ്കിലും ഇപ്പോള്‍ ഇത് പ്രവര്‍ത്തനക്ഷമമല്ല.
നാല് വശങ്ങളില്‍ കൂടി ഇവിടെ ട്രെയിനുകള്‍ കടന്നുപോകുന്നുണ്ടെന്ന് മനസിലായല്ലോ? ഇനി എങ്ങനെയാണ് ഈ ട്രെയിനുകള്‍ കൂട്ടിയിടിക്കാതെ കടന്നുപോകുന്നതെന്ന് അറിയാം.
കൃത്യമായ സിഗ്നലിംഗ്: ഇവിടെ ഒരേ സമയം ഒരു ട്രെയിന്‍ മാത്രമേ കടന്നുപോകാന്‍ അനുവദിക്കാറുള്ളൂ.
ടൈംടേബിള്‍ മാനേജ്‌മെന്റ് : ക്രോസിംഗുകള്‍ ഒരിക്കലും ഓവര്‍ലാപ് ചെയ്യാതിരിക്കാന്‍ ട്രെയിനുകളുടെ ചലനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ക്രമീകരിച്ചിരിക്കുന്നു.
ട്രാക്ക് സ്വിച്ചിംഗ് സംവിധാനം: ഇലക്ട്രോണിക് സ്വിച്ചുകളും പോയിന്റുകളും ഒരോ ട്രെയിനിനേയും ശരിയായ ലൈനിലേക്ക് നയിക്കുന്നു.
ജീവനക്കാരുടെ മേല്‍നോട്ടം: ഓട്ടോ മെഷീന്‍ ഉണ്ടായിട്ടും പരിശീലനം ലഭിച്ച റെയില്‍വേ ജീവനക്കാര്‍ സുരക്ഷ ഉറപ്പാക്കാനായി തുടര്‍ച്ചയായി നിരീക്ഷണം നടത്തുന്നു.
ഈ ഡയമണ്ട് ക്രോസിംഗ് കാണാന്‍ ധാരാളം ആളുകള്‍ ഇവിടെ എത്താറുണ്ട്.രാജ്യത്ത് ഇത്തരത്തില്‍ ആകെ രണ്ട് സ്ഥലങ്ങളില്‍ മാത്രമാണ് ഡയമണ്ട് ക്രോസിംഗ് ഉള്ളത്. നാഗ്പൂരില്‍ കൂടാതെ ഡല്‍ഹിയിലാണ് മറ്റൊന്ന്. എങ്കിലും ഒരേയൊരു ഇരട്ട ഡയമണ്ട് ക്രാസിംഗ് ഉള്ളത് നാഗ്പൂരിലാണ്.
Content Highlights :This railway wonder is hidden in the heart of Nagpur, Maharashtra.