ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ അഞ്ച് രാജ്യങ്ങൾ

സമയം ഒട്ടും പാഴാക്കാതെ ഒറ്റ ദിവസം കൊണ്ട് ഒരു രാജ്യം മുഴുവൻ കണ്ടു തീർത്താലോ ?

ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും ചെറിയ അഞ്ച് രാജ്യങ്ങൾ
dot image

യാത്ര ചെയ്യുമ്പോൾ സമയം വളരെ പ്രധാനപ്പെട്ട ഒരു ഘടകമാണ്. അതുകൊണ്ടുതന്നെ ഏറ്റവും കുറഞ്ഞ സമയംകൊണ്ട് കൂടുതൽ സ്ഥലങ്ങളില്‍ സഞ്ചരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിൽ സമയം ഒട്ടും പാഴാക്കാതെ ഒറ്റ ദിവസം കൊണ്ട് ഒരു രാജ്യം മുഴുവൻ കണ്ടു തീർത്താലോ ? കേൾക്കുമ്പോൾ അസാധ്യമെന്ന് തോന്നുമെങ്കിലും അത്തരത്തിൽ ഒരു ദിവസം കൊണ്ട് കണ്ട് തീർക്കാൻ ക​ഴിയുന്ന ചില കുഞ്ഞൻ രാജ്യങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവ ഏതൊക്കെയാണെന്ന് അറിഞ്ഞിരിക്കാം.

ലിച്ചെന്‍സ്റ്റൈന്‍

സ്വിറ്റ്‌സർലൻഡിനും ഓസ്ട്രിയയ്ക്കും ഇടയിൽ സ്ഥിതി ചെയ്യുന്ന രാജ്യമാണ് ലിച്ചെന്‍സ്റ്റൈന്‍ . ചെറുതും മനോഹരമായ ഭൂപ്രകൃതിയുമുള്ള ഈ രാജ്യത്തിൽ ജനസംഖ്യ കുറവാകുറവായതുകൊണ്ട് തന്നെ ശാന്തമായ അന്തരീക്ഷം സഞ്ചാരികൾക്ക് നൽകുന്നു. യൂറോപ്പിലെ നാലാമത്തെ ഏറ്റവും ചെറിയ രാജ്യമായ ലിച്ചെന്‍സ്റ്റൈന്‍ കടബാധ്യതയില്ലാത്ത ചുരുക്കം രാജ്യങ്ങളില്‍ ഒന്ന് കൂടിയാണ്. പര്‍വത പ്രദേശമാണെങ്കില്‍ കൂടിയും രാജ്യത്തെ കാലാവസ്ഥ സൗമ്യമാണ്.

വത്തിക്കാൻ സിറ്റി

ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ വത്തിക്കാൻ സിറ്റി സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു പ്രാർത്ഥനാ കേന്ദ്രം കൂടിയാണ്. ആത്മീയതയ്ക്ക് പുറമെ രാജ്യത്തിന്റെ കലയ്ക്കും ചരിത്രത്തിനും വലിയ പ്രാധാന്യമുണ്ട്. ക്രൈസ്തവ സമൂഹത്തിലെ ഏറ്റവും പുണ്യമായ സ്ഥലമായാണ് വത്തിക്കാനെ കണക്കാക്കപ്പെടുന്നത്.

സാൻ മറിനോ

വടക്കൻ-മധ്യ ഇറ്റലിയാൽ ചുറ്റപ്പെട്ട ഒരു പർവത പ്രദേശമാണ് സാൻ മറിനോ. ലോകത്തിലെ ഏറ്റവും പഴക്കം ചേർന്ന റിപബ്ലിക്കുകളിൽ ഒന്നു കൂടിയാണ് ഈ രാജ്യം. സാൻ മറിനോ ലോകത്തെ ഏറ്റവും ചെറിയ അഞ്ചാമത്തെ രാജ്യം കൂടിയാണ്. 2025 ലെ കണക്കുകൾ പ്രകാരം ഏതാണ്ട് 35,000 ത്തിലധികം ആളുകളാണ് ഇവിടെ താമസിക്കുന്നത്. രാജ്യത്തിന്റെ ഔദ്യോ​ഗിക ഭാഷ ഇറ്റാലിയനാണ്.

മൊണാക്കോ

ചെറിയ രാജ്യമാണെങ്കിലും ഊർജ്ജസ്വലമായ തെരുവുകളും മെഡിറ്ററേനിയന്‍ കാഴ്ചകൾ കൊണ്ടും രാജ്യം സമ്പന്നമാണ്. ആഡംബരവും സാഹസികതയും ഇഷ്ടപ്പെടുന്നവർക്ക് മികച്ച ഓപ്ഷൻ കൂടിയാണ് മൊണാക്കോ. 39,000 ത്തിനടുത്ത് മാത്രം ജനസംഖ്യ വരുന്ന ഈ കൊച്ചു രാജ്യം ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സ്വതന്ത്ര രാജ്യമാണ്. രാജ്യത്തിന്റെ പ്രധാന വരുമാനങ്ങളിൽ ഒന്ന് ടൂറിസമാണെന്നതും ശ്രദ്ധേയമാണ്.

അൻഡോറ

യൂറോപ്പിലെ ആറാമത്തെ ചെറിയ രാജ്യവും ജനസംഖ്യയുടെ കാര്യത്തിൽ 11-ാമത്തെ ചെറിയ രാജ്യവുമാണ് അൻഡോറ. ഫ്രാൻസിനും സ്‌പെയിനും ഇടയിൽ സ്ഥിതി ചെയ്യുന്ന അൻ‍ഡോറ മനോഹരമായ പർവതങ്ങളും ഗ്രാമങ്ങളും കൊണ്ട് ലോകസഞ്ചാരികളെ ആകർഷിക്കുന്നു. ലോകത്തിലെ ഏറ്റവും കുറവ് തൊഴിലില്ലായ്മ നിരക്കുള്ള രാജ്യം കൂടിയാണ് അൻഡോറ.

Content Highlights- The five smallest countries in the world that you can see in a day

dot image
To advertise here,contact us
dot image