

മഴയും വസന്തവും ഇന്ത്യയിലെ താഴ്വരകളെ വർണ്ണാഭമായ പുഷ്പങ്ങളുടെ പറുദീസയാക്കി മാറ്റാറുണ്ട്. കേരളത്തിന്റെ സ്വന്തം നീലക്കുറിഞ്ഞി പോലെ ലോകശ്രദ്ധ നേടിയ നിരവധി വസന്തകാല വിസ്മയങ്ങൾ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലുണ്ട്. എങ്കിൽ ഇന്ത്യയിൽ കണ്ടിരിക്കേണ്ട സീസണൽ പുഷ്പങ്ങൾക്ക് പേരുകേട്ട 5 താഴ്വരകൾ നോക്കിയാലോ:
1.വാലി ഓഫ് ഫ്ലവേഴ്‌സ്, ഉത്തരാഖണ്ഡ്
യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ച ഈ താഴ്‌വര ആൽപൈൻ പൂക്കളുടെ പേരിലാണ് പ്രശസ്തം. ജൂലൈ മുതൽ സെപ്റ്റംബർ വരെ 500-ൽ അധികം തരം കാട്ടുപൂക്കൾ ഇവിടെ വിടരും. നീല പോപ്പികൾ, ഹിമാലയൻ ബെൽഫ്ലവേഴ്‌സ്, അനെമണി തുടങ്ങിയവയാണ് ഇവിടത്തെ പ്രധാന ആകർഷണങ്ങൾ. ജൂലൈ മുതൽ സെപ്റ്റംബർ വരെയാണ് പ്രകൃതിസ്‌നേഹികൾക്കും ട്രെക്കിങ് പ്രേമികൾക്കും സന്ദർശിക്കാൻ പറ്റിയ സമയം.

2. കാസ് പീഠഭൂമി, മഹാരാഷ്ട്ര
'മഹാരാഷ്ട്രയുടെ പൂക്കളുടെ താഴ്വര' എന്നറിയപ്പെടുന്ന കാസ് പീഠഭൂമി യുനെസ്‌കോയുടെ ജൈവവൈവിധ്യ ഹോട്ട്‌സ്‌പോട്ടാണ്. മൺസൂണിന് ശേഷം, ഓഗസ്റ്റ് അവസാനം തൊട്ട് ഒക്‌ടോബറിന് ഇടയിലുള്ള ചെറിയ കാലയളവിൽ ഈ പ്രദേശം പൂക്കൾ കൊണ്ട് നിറയും. 850-ൽ അധികം ഇനം പൂക്കൾ ഇവിടെ വന്നാൽ നിങ്ങൾക്ക് കാണാൻ കഴിയും. പിങ്ക് ബോൽസം, വെള്ള ഓർക്കിഡുകൾ, മഞ്ഞ സ്മിതിയ്സ് എന്നിവയുടെ കൂട്ടം അതിമനോഹരമായ കാഴ്ചയാണ് ഒരുക്കുന്നത്.

3. സുക്കൗ താഴ്‌വര, നാഗാലാൻഡ്
നാഗാലാൻഡിന്റെയും മണിപ്പൂരിന്റെയും അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന സുക്കൗ താഴ്‌വര വടക്കുകിഴക്കൻ ഇന്ത്യയിലെ മനോഹരമായ സ്ഥലമാണ്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള മഴക്കാലത്ത്, ലോകത്ത് മറ്റൊരിടത്തും കാണാത്ത അപൂർവമായ 'സുക്കൗ ലില്ലി' ഉൾപ്പെടെയുള്ള പൂക്കൾ ഇവിടെ വിരിയും. കാട്ടുപൂവരശും മറ്റ് കാട്ടുചെടികളും നിറഞ്ഞ ഇവിടം ഇക്കോടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഇടമാണ്.

4. യുമ്താങ് താഴ്‌വര, സിക്കിം
'കിഴക്കിന്റെ പൂക്കളുടെ താഴ്വര' എന്നറിയപ്പെടുന്ന യുമ്താങ് താഴ്‌വര വടക്ക് സിക്കിമിൽ 11,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ഏപ്രിൽ മുതൽ ജൂൺ വരെയുള്ള വസന്തകാലത്ത് കാട്ടുപൂവരശുകൾ, പ്രിമ്യൂലകൾ, പോപ്പികൾ എന്നിവ ഇവിടെ പുൽമേടുകളിൽ നിറഞ്ഞ് കുന്നിൻ ചരിവുകൾക്ക് നിറം പകരുന്നു. മഞ്ഞുമൂടിയ പർവതങ്ങളുടെ പശ്ചാത്തലത്തിൽ ഒഴുകുന്ന ടീസ്റ്റാ നദിയും ഇവിടുത്തെ കാഴ്ചകൾക്ക് മാറ്റ് കൂട്ടുന്നു.

5. മൂന്നാർ, കേരളം
കേരളത്തിൽ, പന്ത്രണ്ട് വർഷത്തിലൊരിക്കൽ മാത്രം പൂക്കുന്ന നീലക്കുറിഞ്ഞിക്ക് (സ്ട്രോബിലാന്തസ് കുന്തിയാന) ലോകമെമ്പാടും ആരാധകരുണ്ട്. 2018-ലായിരുന്നു അവസാനത്തെ കുറിഞ്ഞി പൂക്കാലം. കുന്നുകളെ നീല മയമാക്കുന്ന നീലയും പർപ്പിളും കലർന്ന പൂക്കളുമായി അടുത്ത കുറിഞ്ഞി പൂക്കാലം 2030-ൽ പ്രതീക്ഷിക്കാം. കുറിഞ്ഞി പൂക്കുന്നില്ലെങ്കിലും, സാധാരണ പൂക്കാലങ്ങളിൽ സെപ്റ്റംബർ മുതൽ നവംബർ വരെ മൂന്നാർ മലനിരകൾ മറ്റ് പൂക്കളാൽ സമൃദ്ധമാവാറുണ്ട്.

Content Highlights: five valleys in India are famous for their seasonal flowers