

പ്രവാസികള്‍ക്ക് ആശ്വാസമായി സൗദി അറേബ്യയില്‍ വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കാൻ തീരുമാനം. വന്‍കിട വ്യവസായ സ്ഥാപനങ്ങളിലും ഫാക്ടറികളിലും ജോലി ചെയ്യുന്ന വിദേശ തൊഴിലാളികള്‍ക്കുള്ള പ്രതിമാസ ലെവിയാണ് പൂര്‍ണമായും ഒഴിവാക്കിയത്. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് സുപ്രധാനമായ തീരുമാനം കൈക്കൊണ്ടത്.
നേരത്തെ താല്‍ക്കാലികാടിസ്ഥാനത്തില്‍ നല്‍കിയിരുന്ന ഇളവാണ് ഇപ്പോള്‍ പൂര്‍ണമായും ഒഴിവാക്കിയത്. രാജ്യത്തെ വ്യവസായ മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടും നിക്ഷേപകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിന്റെയും ഭാഗമായാണ് നടപടി. സൗദിയിലെ ചെറുകിട, ഇടത്തരം വ്യവസായ സ്ഥാപനങ്ങള്‍ക്ക് ഇത് വലിയ ആശ്വാസമാകുമെന്നാണ് വിലയിരുത്തല്‍.
ഫാക്ടറികള്‍ക്ക് മേലുള്ള സാമ്പത്തിക ഭാരം കുറയ്ക്കുന്നതിലൂടെ, സൗദിയില്‍ നിര്‍മിക്കുന്ന ഉത്പ്പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര വിപണിയില്‍ കുറഞ്ഞ വിലക്ക് മത്സരിക്കാന്‍ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു. വ്യവസായ മേഖലയിലെ വിദേശ തൊഴിലാളികളുടെ ലെവി ഒഴിവാക്കുന്നതോടെ കൂടുതല്‍ പുതിയ നിക്ഷേപങ്ങള്‍ ഈ രംഗത്തേക്ക് കടന്നുവരുമെന്നാണ് പ്രതീക്ഷ.
Content Highlights: Saudi Cabinet cancels expat worker fees for licensed industrial facilities