സ്വതന്ത്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യം; പദ്ധതിയിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും

വിവിധ മേഖലകളിലെ കയറ്റുമതിക്ക് ഇന്ത്യക്ക് വലിയ അവസരങ്ങള്‍ തുറക്കും.

സ്വതന്ത്ര സാമ്പത്തിക പങ്കാളിത്ത കരാര്‍ യാഥാര്‍ത്ഥ്യം; പദ്ധതിയിൽ ഒപ്പുവെച്ച് ഇന്ത്യയും ഒമാനും
dot image

ഇന്ത്യയും ഒമാനും തമ്മില്‍ സ്വതന്ത്ര സാമ്പത്തിക പങ്കാളിത്ത കരാരില്‍ ഒപ്പുവച്ചു. ഒമാന്‍ സുല്‍ത്താനും നരേന്ദ്ര മോദിയും തമ്മിലുള്ള കൂടിക്കാഴ്ചയിലായിരുന്നു സുപ്രധാന പ്രഖ്യാപനം. വിവിധ മേഖലകളിലെ കയറ്റുമതിക്ക് ഇന്ത്യക്ക് വലിയ അവസരങ്ങള്‍ തുറക്കും.

ഇന്ത്യയിലെ 98 ശതമാനം ഉത്പ്പന്നങ്ങള്‍ക്കും ഒമാനിലേക്ക് നികുതി രഹിത പ്രവേശനത്തിനും കരാറിലൂടെ അവസരം ഒരുങ്ങും. നിലവില്‍, ഇന്ത്യന്‍ ഉത്പ്പന്നങ്ങളുടെ 80 ശതമാനത്തിലധികവും ഒമാനിലേക്ക് ശരാശരി അഞ്ച് ശതമാനം താരിഫിലാണ് പ്രവേശിക്കുന്നത്. ചില ഉത്പ്പന്നങ്ങളുടെ തീരുവ 100 ശതമാനം വരെ ഉയര്‍ന്നതാണ്.

ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദർശനത്തിനായി ഒമാനിൽ എത്തിയത്. ഇന്ന് പ്രവാസി സമൂഹത്തെ അഭിസംബോധന ചെയ്ത് മോദി സംസാരിക്കും. ഇന്ത്യയും ഒമാനും തമ്മിലുളള ബന്ധം കുടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായി വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ഊഷ്മള വരവേൽപ്പാണ് മോദിക്ക് മസ്കത്ത് വിമാനത്താവളത്തില്‍ ലഭിച്ചത്. ഒമാൻ പ്രതിരോധ കാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിന്‍ താരിക് അല്‍ സഈദ് പ്രധാനമന്ത്രിയെ സ്വീകരിച്ചു. ഇന്ന് ഒമാന്‍ എക്സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷണല്‍ സെന്ററില്‍ നടക്കുന്ന പൊതുപരിപാടിയില്‍ ഇന്ത്യന്‍ പ്രവാസി സമൂഹത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും. പരിപാടിയില്‍ 3,000ത്തോളം ആളുകള്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. നേരത്തെ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. ഇന്ത്യയും ഒമാനുള്ള തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തമാക്കാന്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം സഹായിക്കുമെന്ന് ഒമാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ജി. വി ശ്രീനിവാസ് പറഞ്ഞു.

ഇന്ത്യയും ഒമാനും തമ്മില്‍ നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്റെ 70-ാം വര്‍ഷത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മോദിയുടെ രണ്ടാമത് ഒമാന്‍ സന്ദര്‍ശനമാണ് ഇത്തവണത്തേത്. 2018 ഫെബ്രുവരിയിലാണ് ഇതിന് മുമ്പ് മോദി ഒമാനില്‍ എത്തിയത്.

Content Highlights: India-Oman Sign Major Trade Pact in Muscat

dot image
To advertise here,contact us
dot image