

ട്രെയിൻയാത്ര ചെയ്യുമ്പോൾ കയ്യിലുള്ളത് പരിധിയിൽ കൂടുതല്‍ ഭാരമുള്ള ലഗേജാണെങ്കില്‍ അധിക ചാർജ് നൽകിയേ തീരുവെന്ന് ലോക്‌സഭയിൽ വ്യക്തമാക്കിയിരിക്കുകയാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. വെമിറെഡ്ഢി പ്രഭാകർ റെഡ്ഢി എംപിയുടെ ചോദ്യത്തിനാണ് അശ്വിനി വൈഷ്ണവ് മറുപടി നൽകിയത്. വിമാനത്താവളങ്ങളിൽ നടപ്പാക്കുന്നതിന് സമാനമായി ട്രെയിനുകളിൽ ബാഗേജ് റെഗുലേഷൻസ് നടപ്പിലാക്കുമോ എന്നായിരുന്നു എംപിയുടെ ചോദ്യം.
നിലവിൽ ഓരോ ക്ലാസുകൾ അനുസരിച്ച് കമ്പാർട്ടുമെന്റുകളിൽ യാത്രികർക്ക് ഒപ്പം കൊണ്ടുപോകാൻ കഴിയുന്ന ലഗേജുകൾക്ക് പരിധി നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ ക്ലാസ് അനുസരിച്ച് തരംതിരിച്ച ഫ്രീ അലവൻസിന്റെയും ഭാരപരിധിയുടെയും വിവരങ്ങൾ സഹിതമാണ് അശ്വിനി വൈഷ്ണവ് നൽകിയത്. ഈ വിവരം അനുസരിച്ച് സെക്കൻഡ് ക്ലാസിൽ യാത്ര ചെയ്യുന്നവർക്ക് 35 കിലോ ഭാരമുള്ള ലഗേജാണ് സൗജന്യമായി ഒപ്പം കരുതാൻ കഴിയുക. ഇതിന് മുകളിൽ 70 കിലോഗ്രാം വരെ ഭാരമുള്ള ലഗേജിന് പണം ഈടാക്കും. സ്ലീപ്പർ ക്ലാസ് പാസഞ്ചർമാർക്കാണെങ്കിൽ സൗജന്യമായി നാല്പത് കിലോഗ്രാം ഭാരമുള്ള ലഗേജ് വരെ കൊണ്ടുപോകാം. എന്നാൽ ഇതിന് മുകളിൽ എൺപത് കിലോഗ്രാം വരെ ഭാരമുള്ള ലഗേജിനൊപ്പമാണ് യാത്രയെങ്കിൽ പണം അടയ്‌ക്കേണ്ടതായി വരും.
എസി 3 ടയർ അല്ലെങ്കിൽ ചെയർ കാർ യാത്രികരുടെ കാര്യമാണെങ്കിൽ അവർക്ക് സൗജന്യമായും പരമാവധിയും ഒപ്പം കൊണ്ട് പോകാവുന്ന ലഗോജിന്റെ ഭാരപരിധി നാൽപത് കിലോഗ്രാം മാത്രമാണ്. ഫസ്റ്റ് ക്ലാസ്, എസി ടു ടയർ യാത്രികർക്ക് സൗജന്യമായി അമ്പത് കിലോഗ്രാം ഭാരമുള്ള ലഗേജാണ് കൊണ്ട്‌പോകാൻ കഴിയുക. അതിന് മുകളില്‍ നൂറു കിലോഗ്രാം ഭാരമുള്ള ലഗേജുകളാണ് ഒപ്പം കരുതുന്നതെങ്കില്‍ പണം നൽകി വരും. എസി എഫസ്റ്റ് ക്ലാസ് യാത്രികർക്ക് എഴുപത് കിലോഗ്രാം ലഗോജ് വരെ സൗജന്യമായി ഒപ്പം കൂട്ടാം. അതേസമയം 70 കിലോഗ്രാമിന് മുകളില്‍ 150 കിലോഗ്രാം വരെ ഭാരമുള്ള ലഗേജുകൾക്ക് ചാർജുകൾ ഈടാക്കും.
100സെന്റീമീറ്റർ നീളവും 60സെന്റിമീറ്റർ വീതിയും 25സെന്റിമീറ്റർ ഉയരവുമുള്ള ട്രങ്കുകൾ, സ്യൂട്ട്‌ക്കേസുകൾ, ബോക്‌സുകൾ എന്നിവ പേഴ്‌സണൽ ലഗേജായി പാസഞ്ചർ കമ്പാർട്ട്‌മെന്റിൽ കൊണ്ടുപോകാം. ഈ അളവിൽ ഏതെങ്കിലും ഒന്നെങ്കിലും കൂടുതലുള്ള ബോക്‌സുകളാണെങ്കില്‍, അവ ബുക്ക് ചെയ്ത് ബ്രേക്ക് വാൻ(എസ്എൽആർ), പാർസൽ വാൻ എന്നിവയിലെ കൊണ്ടുപോകാൻ കഴിയു. സാധാരണ കമ്പാർട്ട്‌മെന്റിൽ ഇവ കൊണ്ടുപോകാൻ അനുമതിയില്ല. വിൽക്കാനും വാങ്ങാനുമുള്ള സാധനങ്ങൾ (merchandised items) പേഴ്‌സണൽ ലഗേജായി കൊണ്ടുപോകാൻ കഴിയില്ല.
Content Highlights: Passengers should pay for extra luggage in Trains says Ashwini Vaishnaw