

മുലപ്പാല്‍ കൊണ്ട് നിര്‍മിക്കുന്ന ആഭരണങ്ങളെ കുറിച്ചാണ് പറഞ്ഞു വരുന്നത്. പെന്‍ഡന്റുകള്‍, മോതിരങ്ങള്‍, കമ്മലുകള്‍ അങ്ങനെ ശരീരത്തില്‍ അണിയാന്‍ കഴിയുന്ന ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ മുലപ്പാല്‍ ഉപയോഗിക്കുന്ന ഒരു ട്രന്‍ഡാണ് ഇപ്പോള്‍ വീണ്ടും വൈറലായിരിക്കുന്നത്. വീണ്ടും എന്ന് കേള്‍ക്കുമ്പോള്‍ ഇത് മുമ്പ് ഉണ്ടായിരുന്നോ എന്നൊരു സംശയം ഉണ്ടാകുമല്ലേ.. റീലുകളും വ്‌ളോഗുകളും വൈറലാവുന്ന കണ്ടന്റുകളുമൊന്നും ഇല്ലാതിരുന്ന 2007 കാലഘട്ടത്തിലാണ് ഈയൊരു രീതി ആദ്യം ഉണ്ടായതെന്നാണ് ചില റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. ചിലര്‍ കഫ്‌ലിങ്കുകള്‍ കീചെയ്‌നുകള്‍ എന്നിവയിലാണ് മുലപ്പാല്‍ ഉപയോഗിച്ചുള്ള ഈ പരീക്ഷണം നടത്തുന്നത്.
ബ്രസ്റ്റ് മില്‍ക്ക് ജുവലറി എന്ന് നിങ്ങള്‍ പരതി നോക്കിയാല്‍ 2013ലെ ആരംഭിച്ച വെബ്‌സൈറ്റുകള്‍ നിങ്ങള്‍ക്ക് കാണാം. ഈ സമയങ്ങളില്‍ പ്രസിദ്ധീകരിച്ച പല റിപ്പോര്‍ട്ടുകളിലും ഇ - കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Etsyയില്‍ 2007ല്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്തിരുന്ന നിര്‍മാതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. സോഷ്യല്‍ മീഡിയയൊന്നും വലിയ പ്രചാരമില്ലാത്ത അക്കാലത്ത് മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് ഈ ആഭരണങ്ങള്‍ വിറ്റുപോയിരുന്നത്. ഇനി ഇന്ത്യയിലേക്ക് വന്നാല്‍ ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രീതി വിജയ് എന്ന എന്റര്‍പ്രണര്‍ 2016ല്‍ ആരംഭിച്ച മമ്മീസ് മില്‍ക്ക് ലവ് എന്ന സംരംഭമാണ് ഇതില്‍ ആദ്യത്തേത്. ഇന്ന് ബ്രസ്റ്റ് മില്‍ക്ക് ജുവലറി വമ്പന്‍ ബിസിനസായി വളരുകയാണ്.
ഈ ആഭരണങ്ങള്‍ വേണ്ട ക്ലൈന്റുകള്‍ കുറച്ച് മില്ലിലിറ്റര്‍ മുലപ്പാല്‍ ഇത് നിര്‍മിച്ച് നല്‍കുന്നവര്‍ക്ക് അയച്ചുകൊടുക്കണം. എങ്ങനെയാണ് ഇത് അയച്ചുനല്‍കേണ്ടതെന്ന് കൃത്യമായി നിര്‍മാതാക്കള്‍ മാര്‍ഗനിര്‍ദേശം നല്‍കും. സിപ് ലോക്ക് ബാഗുകളിലാകും ഇത് അയച്ചുനല്‍കേണ്ടത്. ചിലര്‍ ഇത് ടൈറ്റ് ലിഡ് കണ്ടെയ്‌നറുകളില്‍ അയക്കാനാകും നിര്‍ദേശിക്കുക. പാല്‍ നിര്‍മാതാക്കള്‍ക്ക് ലഭിച്ച് കഴിഞ്ഞാല്‍, ചിലര്‍ അതില്‍ പ്രിസര്‍വേറ്റീവ് പൗഡറുകള്‍ ചേര്‍ക്കും. ചിലര്‍ ഈ പാല്‍ തിളപ്പിച്ച് ഇതിലെ കൊഴുപ്പ് വേര്‍തിരിക്കും. ചിലര്‍ അവരുടെ നിര്‍മാണ രീതി ഇപ്പോഴും പുറത്ത് വിട്ടിട്ടില്ല. പ്രിസര്‍വ് ചെയ്യുന്ന പാല്‍ പിന്നീട് സെറാമിക്ക് സാമഗ്രിയായാകും പരിഗണിക്കുക. ഇവ അച്ചുകളില്‍ ഒഴിക്കും. അതില്‍ തിളക്കം, നിറം, നിങ്ങള്‍ ആവശ്യപ്പെട്ട ആകൃതി എന്നിവയൊക്കെ ഉണ്ടാക്കാനായുള്ള പല പ്രവര്‍ത്തനങ്ങളും ഇതിന്‍റെ നിർമാണിത്തിന്‍റെ ഭാഗമാണ്.
ഫാന്‍സി ആഭരണങ്ങള്‍ മുതല്‍ സ്വര്‍ണം, വെള്ളി, പ്ലാറ്റിനം എന്നിവയിലടക്കം ഇത് ചെയ്ത് കൊടുക്കപ്പെടും. നിങ്ങള്‍ ഈ ആഭരണങ്ങള്‍ എങ്ങനെ സൂക്ഷിക്കും എന്നതിനെ അടിസ്ഥാനമാക്കിയാണ് ഇതിന്റെ കാലാവധി നിശ്ചയിക്കപ്പെടുന്നത്. ചില ബ്രാന്‍ഡുകള്‍ DIYബ്രസ്റ്റ് മില്‍ക്ക് ജുവലറി കിറ്റുകളും ലഭ്യമാക്കുന്നുണ്ട്. പൊക്കിള്‍ കൊടിയും മുലപ്പാലും ചേര്‍ത്തുവരെ ആഭരണങ്ങള്‍ നിർമിക്കുന്നുണ്ട്. ഇവിടെയും തീര്‍ന്നില്ല, കുഞ്ഞുങ്ങളുടെ മുടി, രക്തം, IVF എമ്പ്രിയോകള്‍, സെമന്‍ എന്നിവ ഉപയോഗിച്ചും ആഭരണങ്ങള്‍ നിര്‍മിക്കുന്നുണ്ട്. ഭൂരിഭാഗം പേരും തങ്ങളുടെ കുഞ്ഞുങ്ങളുടെ കുട്ടിക്കാലം ഓര്‍ത്തുവയ്ക്കാനായി മാത്രം ഇത്തരം ആഭരണം നിര്‍മിച്ച് സൂക്ഷിച്ച് വയ്ക്കുകയാണ് പതിവ്. ഇത് ധരിക്കുന്നത് വിരളമാണ്.
Content Highlights: Breast milk jewellery becomes trend again, pendants, earring, rings and many more