'ബെംഗളൂരു എന്തൊരു നഗരമാണ്, ഇങ്ങനെയൊരു സ്ഥലം നിങ്ങൾക്ക് കാണാനാകില്ല'; ഉത്തരേന്ത്യന്‍ യുവാവിന്റെ കുറിപ്പ്

ഡൽഹിയിലെയും ബെംഗളൂരുവിലെയും കോർപ്പറേറ്റ് സംസ്കാരത്തെയും യുവാവ് താരതമ്യം ചെയ്യുന്നുണ്ട്

dot image

രാജ്യത്തിന്റെ ഐ ടി ഭൂപടത്തിലെത്തന്നെ പ്രധാനപ്പെട്ടയിടമാണ് ബെംഗളൂരു. ഗാർഡൻ സിറ്റി എന്നും സിലിക്കൺ വാലിയെന്നും പേരുള്ള മനോഹര നഗരം. ഒരിക്കൽ ബെംഗളുരു നഗരത്തിലെത്തിയാൽ അവിടം വിട്ട് പോകാനേ തോന്നാറേയില്ല എന്ന് പലരും പറയാറുണ്ട്. അനുദിനം നഗരസംസ്കാരം വളർന്നുകൊണ്ടിരിക്കുന്ന, കുടിയേറ്റം വർധിച്ചുകൊണ്ടേയിരിക്കുന്ന ബെംഗളൂരു എല്ലാ തരത്തിലും പലരുടെയും പ്രിയപ്പെട്ട നഗരമാണ്.

രാജ്യത്തിന്റെ പല ഭാഗത്തുനിന്നും നിരവധി പേരാണ് ജോലിക്കും മറ്റുമായി ബെംഗളൂരുവിലെത്തുന്നത്. ഉത്തരേന്ത്യയില്‍ നിന്നും ഇത്തരത്തിൽ ഒരുപാട് പേർ വരുന്നുണ്ട്. അത്തരത്തിലൊരു യുവാവ് ബെംഗളൂരു നഗരത്തെക്കുറിച്ച്‌ പറയുന്ന ഒരു റെഡിറ്റ് പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

'ഇട്സ് കാർക്കി' എന്നുപേരുള്ള അക്കൗണ്ടിൽ നിന്നാണ് ബെംഗളൂരു നഗരത്തെക്കുറിച്ചുള്ള മനോഹരമായ ഒരു അനുഭവം പങ്കുവെക്കപ്പെട്ടിരിക്കുന്നത്. 2022ലാണ് ഈ യുവാവ് ബെംഗളൂരുവിലേക്ക് താമസം മാറുന്നത്. ഡൽഹിയിലായിരുന്നു ഇദ്ദേഹം മുൻപ് ജോലി ചെയ്തിരുന്നത്. ഡൽഹിയിൽ ചെയ്തിരുന്ന, അഞ്ച് ദിവസത്തെ കഠിനമായ ജോലി, ശേഷം വീക്കെൻഡിൽ ഔട്ടിങ് എന്ന സ്ഥിരം രീതിക്ക് പുറമെ ബെംഗളൂരുവിൽ വന്നപ്പോൾ നല്ല മാറ്റമുണ്ടായി എന്ന് പോസ്റ്റിൽ പറയുന്നു.

ബെംഗളൂരുവിൽ ആദ്യം വന്നപ്പോൾ ഡൽഹി പോലെയാകും അവസ്ഥ എന്നുതന്നെയാണ് യുവാവ് ആദ്യം കരുതിയത്. എന്നാൽ പതിയെപ്പതിയെ ആ കാഴ്ചപ്പാട് മാറുകയായിരുന്നു. കർണാടകയിലെ സംസ്കാരം മികച്ചതാണെന്നും ഇദ്ദേഹം പറയുന്നു. ബെംഗളൂരുവിൽ ഏറ്റവും കൂടുതലായി ക്ലബുകൾ ഉപയോഗിക്കുന്നത് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവരാണ്. കന്നഡിഗർ ആരെയും ക്ലബുകളിൽ കാണാൻ സാധിക്കില്ല. കർണാടകയിലെ സർക്കാർ കന്നഡിഗരുടെ ക്ഷേമത്തിന് വേണ്ടി നിരന്തരം പ്രവർത്തിക്കുകയാണ്. തൊഴിൽ തുടങ്ങി പ്രധാനപ്പെട്ട എല്ലാ കാര്യങ്ങളിലും അങ്ങനെയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ഒരു സർക്കാർ ഉള്ള കാര്യം പോലും നമ്മൾ അറിയാറില്ലെന്നും യുവാവ് പറയുന്നു.

ഡൽഹിയിലെയും ബെംഗളുരുവിലെയും കോർപ്പറേറ്റ് സംസ്കാരത്തെയും ഇദ്ദേഹം താരതമ്യം ചെയ്യുന്നുണ്ട്. ഡൽഹിയിലും മറ്റും ജോലിക്കിടയിൽ ഫോൺ നോക്കാൻ പോലും സാധിക്കില്ല. അഞ്ച് മിനുട്ട് വൈകിയാൽ പോലും വലിയ പ്രശ്‌നമാകും. ഒരു തരത്തിലും റിലാക്സ് ചെയ്യാൻ സാധിക്കില്ല. എന്നാൽ ബെംഗളൂരുവിൽ അങ്ങനെയല്ല. മൂന്ന് ദിവസം ഓഫീസിൽ വരണമെന്ന് പറഞ്ഞിട്ടുപോലും താൻ ആറ് മാസമായി വീട്ടിൽ നിന്ന് ജോലി ചെയ്യുകയാണ്. താൻ അവിടെ ഉണ്ട് എന്നതിനേക്കാളും എന്റെ കഴിവും ചെയ്യുന്ന ജോലിയുടെ ഫലവുമാണ് അവിടെ കാര്യം എന്നും ഇദ്ദേഹം പറയുന്നുണ്ട്. അവസരങ്ങൾ, സൗകര്യങ്ങൾ തുടങ്ങി എല്ലാമുള്ള ഇങ്ങനെയൊരു നഗരം ഇന്ത്യയിൽ വേറെ ഉണ്ടാകില്ല എന്നും യുവാവ് കൂട്ടിച്ചേർക്കുന്നു.

Content Highlights: North indian mans bengaluru post goes viral

dot image
To advertise here,contact us
dot image